ദമാം വോളി മേള: റഹീമ ആര്‍.ടി ക്ലബ്‌ അറബ്‌കോ റിയാദ്‌ ടീമുകള്‍ ഫൈനലില്‍

ദമാം: കേരള ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ദമാം അല്‍ സുഹൈമി ഫ്‌ളഡ്‌ലിറ്റ്‌ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച എട്ടാമത്‌ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ റഹീമ ആര്‍.ടി. ക്ലബ്‌, അറബ്‌കോ റിയാദ്‌ ടീമുകള്‍ ഫൈനലില്‍ കടന്നു.
ആദ്യസെമിയില്‍ ആതിഥേയരായ കെ.എ.എസ്‌.സി ദമാമിനെ എതിരില്ലാത്ത മൂന്ന്‌ സെറ്റുകള്‍ക്കാണ്‌ റഹീമ ആര്‍.ടി. ക്ലബ്‌ തോല്‍പ്പിച്ചത്‌. (28-18, 25-20, 25-23).

ഫൈനലിന്റെ ആവേശം ജനിപ്പിച്ച രണ്ടാമത്‌ സെമിയില്‍ അറബ്‌ കോ റിയാദ്‌ ടീം ഇ.പി.എസ്‌.സി അല്‍കോബാറിനെയാണ്‌ തോല്‍പ്പിച്ചത്‌. വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും രണ്ട്‌ സെറ്റുകള്‍ വീതം നേടിയെങ്കിലും നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അറബ്‌കോ 16-14ന്‌ എതിരാളികളെ തളച്ചു. (25-23, 25-15, 25-18,25-11,16-14)
കേരളത്തിലെ വോളിബോള്‍ പ്രേമികള്‍ക്ക്‌ സുപരിചിതരായ നല്ലളം മൂസ, കണ്ണൂര്‍ അബ്‌ദുല്ല, നാസര്‍, ലിജിന്‍ തുടങ്ങിയ പ്രശസ്‌ത കളിക്കാര്‍ അണിനിരന്ന മത്സരം പ്രേക്ഷകര്‍ക്ക്‌ ഹൃദ്യമായ അനുഭവമായി. ഹുസൈന്‍, ദിനേശ്‌ എന്നിവരാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. മുഹമ്മദ്‌ അലി (ഫ്‌ളോറ ഫന്റാസിയ) കളിക്കാരെ പരിചയപ്പെട്ടു.