സൈഹാത്തില്‍ മലയാളിയെ വെടിവെച്ച്‌ കൊന്ന മൂന്ന്‌ സ്വദേശി യുവാക്കള്‍ പിടിയിലായി

ദമാം: സൈഹാത്തില്‍ തൃശൂര്‍ ചാവക്കാട്‌ സ്വദേശിയെ വെടിവെച്ച്‌ കൊന്ന മൂന്ന്‌ സ്വദേശി യുവാക്കള്‍ പിടിയില്‍. തൃശൂര്‍ ചാവക്കാട്‌ പാവറട്ടി തൊയക്കാട്‌ അബ്‌ദുല്‍റഹ്‌മാന്‍ കുഞ്ഞുമുഹമ്മദ്‌ (55) സെപ്‌തംബര്‍ ഏഴിനാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. 24 വയസ്‌, 19 വയസ്‌, 28 വയസ്‌ പ്രായമുള്ള മൂന്ന്‌ പേരെ പിടികൂടിയതായും കോടതിയില്‍ ഹാജരാക്കിയ അവര്‍ കുറ്റം സമ്മതിച്ചതായും പോലീസ്‌ ബന്ധുക്കള്‍ക്ക്‌ വിവരം നല്‍കി. സൈഹാത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ്‌ മേധാവികള്‍ ഈ വിവരം തങ്ങളെ അറിയിച്ചതായി കുഞ്ഞുമുഹമ്മദിന്റെ മകളുടെ ഭര്‍ത്താവ്‌ ആസിഫ്‌, സാമൂഹിക പ്രവര്‍ത്തകനായ ഷാജി മതിലകം എന്നിവര്‍ വെളിപ്പെടുത്തി.
സൈഹാത്ത്‌ - ഖതീഫ്‌ റോഡില്‍ അല്‍ മദ്‌ലൂല്‍ ഡിസ്‌പന്‍സറിക്ക്‌ സമീപം ഹുസ്‌നൈന്‍ ഫുഡ്‌സ്റ്റഫ്‌ എന്ന കടയിലാണ്‌ കുഞ്ഞിമുഹമ്മദ്‌ ജോലി ചെയ്‌തിരുന്നത്‌. നോമ്പ്‌ തുറന്ന്‌ അരമണിക്കൂറിന്‌ ശേഷം തുറന്ന കടയിലാണ്‌ കുഞ്ഞുമുഹമ്മദിന്‌ വെടിയേറ്റത്‌. പണവും മൊബൈല്‍ റീ ചാര്‍ജ്‌ കാര്‍ഡും കവര്‍ച്ചക്കാണ്‌ കടയില്‍ കയറിയതെന്നും അത്‌ കിട്ടാതിരുന്നപ്പോള്‍ ആദ്യം കുത്തിയെന്നും അക്രമികള്‍ സമ്മതിച്ചിട്ടുണ്ട്‌. കുത്തേറ്റ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ്‌ വെടിവെച്ചതെന്നാണ്‌ പ്രതികളുടെ മൊഴി. കടയുടെ വാതിന്‌ സമീപത്താണ്‌ കുഞ്ഞിമുഹമ്മദ്‌ വെടിയേറ്റ്‌ വീണു മരിച്ചത്‌.
ദീര്‍ഘകാലം ദുബായില്‍ ജോലി ചെയ്‌തിരുന്ന കുഞ്ഞുമുഹമ്മദ്‌ സൈഹാത്തിലെത്തി രണ്ട്‌ വര്‍ഷം മാത്രമെ ആയിരുന്നുള്ളു. മകള്‍ മൈസൂണും ഭര്‍ത്താവ്‌ ആസിഫും സൈഹാത്തിലുണ്ട്‌. റമദാന്‍ ഒന്നിന്‌ വിസിറ്റിംഗ്‌ വിസയില്‍ എത്തിയ ഭാര്യ സാജിദക്കൊപ്പം ബുധനാഴ്‌ച ഉംറ യാത്രക്ക്‌ ഒരുക്കം നടത്തിയിരുന്ന കുഞ്ഞിമുഹമ്മദിന്റെ മരണം പ്രവാസി സമൂഹത്തെ ഒന്നാകെ നടുക്കിയിരുന്നു. മേജര്‍ സഈദ്‌ സഹ്‌റാനി, മേജര്‍ ഷഫീഖ്‌ തുവൈമി, ഫസ്റ്റ്‌ ലഫ്‌റ്റനന്റ്‌ ഉസ്‌മാന്‍, സൈഹാത്തില്‍ നിന്നുള്ള രണ്ട്‌ പോലീസുകാര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പുലര്‍ച്ചെ മൂന്നര മണിയോടെ വീടുകള്‍ വളഞ്ഞ്‌ വലയിലാക്കിയ പ്രതികളില്‍ നിന്നും വെടിവെച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്‌.
കുറ്റം സമ്മതിച്ച പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനാലായി കോടതി പോലീസിന്‌ കൈമാറിയിട്ടുണ്ട്‌. സൈഹാത്തിലും പരിസരങ്ങളിലും നടന്ന കൂടുതല്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്‌ ഈ അക്രമി സംഘത്തിന്റെ പങ്കാളിത്തം വ്യക്തമാകുന്നതിന്‌ ചോദ്യം ചെയ്യല്‍ തുടരുകയാണ്‌.