ഉസ്‌താദ്‌ അംജദ്‌ അലി ഖാന്‌ സൗദി സന്ദര്‍ശിക്കാന്‍ മോഹം

ദമാം: വിഖ്യാത സരോദ്‌ വാദകന്‍ ഉസ്‌താദ്‌ അംജദ്‌ അലി ഖാനും വൈകാതെ സൗദിയിലെത്തിയേക്കും. സൗദി സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കുന്നതിനും അതീവ താല്‍പ്പര്യം അദ്ദേഹം അറിയിച്ചതായി സൂര്യ സംഘാടകന്‍ സൂര്യ കൃഷ്‌ണമൂര്‍ത്തി വെളിപ്പെടുത്തി. സൂര്യ ഇന്ത്യ ഫെസ്റ്റ്‌ 2009ല്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സംഘത്തെ നയിച്ച്‌ സൗദിയിലെത്തിയ അദ്ദേഹം അല്‍കോബാറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കലാകാരന്മാരായ ഉസ്‌താദ്‌ നാസര്‍ ഖാന്‍ (സാംരംഗി), ഉസ്‌താദ്‌ റാഷിദ്‌ മുസ്‌തഫ (തബല) ഫതെഹ്‌ സിംഗ്‌ (ഫഖാവജ്‌ം), പ്രേംകുമാര്‍ (മൃദംഗം), ഷഹ്‌ബാസ്‌ അമല്‍ (ഗസല്‍) കഥക്‌ നര്‍ത്തകര്‍ ഹരി, ചേതന എന്നിവരും സൂര്യ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ റഫീഖ്‌ യൂനുസും മറ്റ്‌ സൂര്യ സര്‍ഗം ഭാരവാഹികളും സന്നിഹിതരായിരുന്നു.
ആദ്യമായി സൗദിയിലെത്തുന്ന പ്രശസ്‌ത കലാകാരന്മാരെ സൂര്യ കൃഷ്‌ണമൂര്‍ത്തി പരിചയപ്പെടുത്തി. സൗദി സദസിന്‌ മുന്നില്‍ തങ്ങളുടെ കഴിവ്‌ പ്രകടിപ്പിക്കുന്നതിന്‌ അവസരം ലഭിച്ചതില്‍ ഏറെ ആഹ്ലാദം പ്രകടിപ്പിച്ച കലാകാരന്മാര്‍ അതിന്‌ അവസരം ഒരുക്കിയ സംഘാടകരെ അഭിനന്ദിച്ചു. സൂര്യ പാട്രണ്‍ അബ്‌ദുല്ലാ അല്‍ സൈഹാത്ത്‌ നല്‍കുന്ന സഹകരണവും പിന്തുണയും സൂര്യ കൃഷ്‌ണമൂര്‍ത്തി എടുത്തുപറഞ്ഞു.
അടുത്ത മേയില്‍ സൂര്യ ഇന്ത്യ ഫെസ്റ്റ്‌ പരിപാടിയില്‍ സൂര്യയുടെ നേതൃത്വത്തില്‍ സൗദിയില്‍ റിഥം എന്ന പരിപാടി അവതരിപ്പിക്കുമെന്ന്‌ സൂര്യ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. മഹാത്മജിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുന്ന താളൈക്യമുള്ള ഒരു ഇന്ത്യയെ പ്രതീകവത്‌കരിക്കുന്നതാണ്‌ ഈ കലാശില്‍പ്പം.
പരമ്പരാഗതവും സമകാലീനവുമായ നൃത്തങ്ങളും സംഗീതധാരകളും കോര്‍ത്തിണക്കിയാണ്‌ റിഥം ചിട്ടപ്പെടുത്തുന്നത്‌. വിവിധ രാഷ്‌ട്രങ്ങളില്‍ അവതരിപ്പിച്ച്‌ ഏറെ ശ്രദ്ധയാകര്‍ഷിച്ച റിഥം എമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാഷോയാണ്‌. ഇതിന്റെ സംക്ഷിപ്‌തര രൂപമാണ്‌ ഇരുപതോളം കലാകാരന്മാരെ അണിനിരത്തി സൗദിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.