വാഹനാപകടം: ഒന്നര മാസം തടവില്‍ കഴിഞ്ഞ കാസര്‍ഗോഡ്‌ സ്വദേശി സിദ്ദീഖ്‌ മോചിതനായി

ദമാം: വാഹന അപകടക്കേസില്‍ കുറ്റം ചുമത്തി ഒന്നര മാസം തടവിലായിരുന്ന മലയാളി വീട്ടുഡ്രൈവറെ സുഹൃത്തുക്കള്‍ നഷ്‌ടപരിഹാരത്തുക നല്‍കി മോചിതനാക്കി. കാസര്‍ഗോഡ്‌ ചേരാല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖ്‌ (37) ദമാം ഫൈസലിയ ജയിലില്‍ നിന്നും ബുധനാഴ്‌ച ഉച്ചയോടെയാണ്‌പുറത്ത്‌ വന്നത്‌.
സുഹൃത്ത്‌ അബൂബക്കര്‍ വയനാട്‌, നാട്ടുകാരായ മുഹമ്മദ്‌ ദലിക്കുക്ക്‌ മഞ്ചേശ്വരം, ഹനീഫ, അശ്‌റഫ്‌ കെ.എം.സി.സി. കാസര്‍കോഡ്‌ ജില്ലാ പ്രസിഡന്റ്‌ ഖാദര്‍ ചെങ്കള തുടങ്ങിയവരുടെ നിരന്തര ശ്രമത്തിലൂടെയാണ്‌ പതിനൊന്നായിരം റിയാല്‍ സമാഹരിച്ച്‌ സിദ്ദീഖിനെ പുറത്തിറക്കാനായത്‌. റമദാന്‍ 12നുണ്ടായ വാഹനാപകടക്കേസില്‍ കുറ്റം ചുമത്തിയാണ്‌ ഈദ്‌ അവധിക്ക്‌ ശേഷം സെപ്‌തംബര്‍ 28ന്‌ സിദ്ദീഖിനെ ദമാം മുറൂറില്‍ തടവിലാക്കിയത്‌. അബൂബക്കറിനെ ഒക്‌ടോബര്‍ 17ന്‌ ദമാം ഫൈസലിയ ജയിലിലേക്ക്‌ മാറ്റിയതായി മലയാളം ന്യൂസ്‌ വാര്‍ത്ത നല്‍കിയിരുന്നു.
ദമാം കിംഗ്‌ ഫഹദ്‌ സ്‌പെഷ്യലിസ്റ്റ്‌ ഹോസ്‌പിറ്റലിന്‌ സമീപമുള്ള റോഡില്‍ വൈകുന്നേരം നാല്‌ മണിയോടെയായിരുന്നു അപകടം. സ്‌പോണ്‍സറുടെ ഫോര്‍ഡ്‌ വാഹനം ഓടിച്ചിരുന്ന സിദ്ദീഖിന്റെ മുന്നില്‍ ട്രാക്കില്‍ കയറിയ യമനി പയ്യന്‍ കാര്‍ പെട്ടെന്ന്‌ വലത്‌ വശത്തെ ട്രാക്കിലേക്ക്‌ കയറ്റിിയപ്പോള്‍ പിറകില്‍ വന്ന സ്വദേശിയുടെ കാര്‍ ഇടിച്ചുവെന്നാണ്‌ സിദ്ദീഖ്‌ വിശദീകരിച്ചത്‌. രണ്ട്‌ വാഹനവുമായി ഫോര്‍ഡ്‌ കാര്‍ തട്ടിയിട്ടില്ല. ഇരു വാഹനങ്ങളും വഴി മുടക്കി നിന്നതിനാല്‍ അപകടസ്ഥലത്ത്‌ വാഹനം മുന്നോട്ടെടുക്കാനായില്ല. ആദ്യം വന്ന ട്രാഫിക്‌ പോലീസുകാര്‍ അപകടത്തില്‍ തനിക്ക്‌ പങ്കില്ലെന്നാണ്‌ പറഞ്ഞതെങ്കിലും പിന്നീട്‌ കാര്‍ പാര്‍ക്ക്‌ ചെയ്‌ത്‌ മുറൂര്‍ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. സ്‌പോണ്‍സര്‍ വന്ന്‌ ജാമ്യത്തില്‍ പുറത്തിറക്കി. ഈദിന്‌ ശേഷം സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ സ്‌പോണ്‍സര്‍ കൂടെയുണ്ടായിരുന്നില്ല. ഹാജരായ സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തു.
അപകടത്തിന്റെ കുറ്റം ചുമത്തി 35,000 റിയാല്‍ നല്‍കാനാണ്‌ അബൂബക്കര്‍ സിദ്ദീഖിനോട്‌ ആവശ്യപ്പെട്ടിരുന്നത്‌. പിന്നീട്‌ പതിനയ്യായിരം റിയാല്‍ നല്‍കിയാല്‍ മോചിതനാകാമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും ഇതിനിടെ ഒക്‌ടോബര്‍ 17ന്‌ ജയിലിലേക്ക്‌ മാറ്റി. പല തവണ സ്‌പോണ്‍സറെ കണ്ടതായി ഖാദര്‍ ചെങ്കളയും മുഹമ്മദും പറഞ്ഞു. സ്‌പോണ്‍സര്‍ നല്‍കിയ മൂവായിരം റിയാല്‍ ഉള്‍പ്പെടെ പതിനൊന്നായിരം റിയാല്‍ രണ്ട്‌ കാറുകളുടെ ഉടമകള്‍ക്ക്‌ കോടതി മുഖേനയാണ്‌ കൈമാറിയതെന്ന്‌ ഖാദര്‍ ചെങ്കള പറഞ്ഞു. തുടര്‍ന്ന്‌ ബുധനാഴ്‌ച ഉച്ചയോടെ സ്‌പോണ്‍സര്‍ ജയിലിലെത്തി അബൂബക്കര്‍ സിദ്ദീഖിനെ പുറത്തിറക്കി.
ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ നാഥനായ അബൂബക്കര്‍ നാട്ടില്‍ നിന്നും ജോലിക്കെത്തി അടുത്ത ജനവരിയില്‍ രണ്ട്‌ മാസമാകുന്നതേയുള്ളു. 20 മാസമായപ്പോഴാണ്‌ കേസില്‍ കുടുങ്ങിയത്‌. സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി തുടരുന്ന അബൂബക്കര്‍ സിദ്ദീഖ്‌ തടവില്‍ കിടന്ന ദിനങ്ങള്‍ മറക്കാനുള്ള ശ്രമിക്കുന്ന അബൂബക്കര്‍ സിദ്ദീഖ്‌ ജോലി തുടരുകയാണ്‌.