സൗദി ക്ലസ്റ്റര്‍ മീറ്റ്‌ കായികമേളയില്‍ ദമാം ഇന്ത്യന്‍ സ്‌കൂളിന്‌ ഓവറോള്‍ കിരീടം

ദമാം: റിയാദ്‌ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സൗദിയിലെ സി.ബി.എസ്‌.ഇ അംഗീകൃത സ്‌കൂളുകളുടെ ക്ലസ്റ്റര്‍ മീറ്റില്‍ ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അത്‌ലറ്റിക്‌സില്‍ ദമാമില്‍ നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്‌ കിരീടം ചൂടിയത്‌. വിജയശ്രീലാളിതരാതെയ്‌ത്തിയ ടീമംഗങ്ങള്‍ക്ക്‌ പ്രിന്‍സിപ്പല്‍ ഡോ. ഇ..കെ. മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ ഹൃദ്യമായ സ്വീകരണം നല്‍കി.
ബോയ്‌സ്‌ 16 സ്വര്‍ണവും പത്ത്‌ വെള്ളിയുമുള്‍പ്പെടെ 31 മെഡലുകളും ഗേള്‍സ്‌ 9 ഗോള്‍ഡും 6 വെള്ളിയുമുള്‍പ്പെടെ 19 മെഡലുകളും നേടി.
ആണ്‍കുട്ടികളുടെ 19 വയസിന്‌ താഴെ വിഭാഗത്തില്‍ ബാസ്‌കറ്റ്‌ ബോള്‍ കീരിടവും 16 വയസിനെ താഴെ വിഭാഗത്തില്‍ ടേബിള്‍ ടെന്നീസ്‌ കിരീടവും ദമാം നേടി. ഡിസംബറില്‍ മാഹാരാഷ്‌ട്രിലെ നാഗ്‌പൂര്‍, പഞ്ചാബിലെ ലുധിയാന, രാജസ്ഥാനിലെ ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സി.ബി.എസ്‌.ഇ ദേശീയ കായികമേളയില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച്‌ ദമാമിലെ കുട്ടികള്‍ പങ്കെടുക്കും.