അനീസിന്റെ മൃതദേഹം ഇന്ന്‌ നാട്ടിലേക്ക്‌ കൊണ്ടുപോകും

ദമാം: നാരിയക്ക്‌ സമീപം നവമ്പര്‍ പത്തിന്‌ ചൊവ്വാഴ്‌ച വാഹനാപകടത്തില്‍ നിര്യാതനായ എറണാകുളം കോതമംഗലം നെല്ലിക്കുഴി തെക്കുംതാഴം പരീതിന്റെ മകന്‍ അനീസ്‌ പരീത്‌ (27)ന്റെ മൃതദേഹം ഇന്ന്‌ വൈകുന്നേരം നാല്‌ മണിക്ക്‌ ഗള്‍ഫ്‌ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക്‌ കൊണ്ടുപോകും. ഇന്ന്‌ രാവിലെ പത്ത്‌ മണിക്ക്‌ ദമാം മെഡിക്കല്‍ കോംപ്ലക്‌സിന്‌ സമീപമുള്ള മസ്‌ജിദില്‍ മയ്യത്ത്‌ നമസ്‌കാരം നടക്കുമെന്ന്‌ സുഹൃത്തുക്കള്‍ അറിയിച്ചു. നാളെ (വെള്ളി) രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കുന്ന
മൃതദേഹം നെല്ലിക്കുഴി തട്ടുപറമ്പ്‌ ജുമാമസ്‌ജിദില്‍ ഖബറടക്കും. അനീസിന്റെ മരണവിവരമറിഞ്ഞ്‌ സൗദിയിലെത്തിയ ഭാര്യാസഹോദരന്‍ ഷാഹിദ്‌ (യു.എഇ) ഇതേ വിമാനത്തില്‍ നാട്ടിലേക്ക്‌ അനുഗമിക്കുന്നുണ്ട്‌.
സാദ്‌ ഗ്രൂപ്പിന്‌ കീഴില്‍ മാദൈന്‍ പ്രൊജക്‌ടില്‍ ക്യു.സി. എഞ്ചിനിയറായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്‌ അനീസ്‌ സൗദിയിലെത്തിയത്‌. സഹപ്രവര്‍ത്തകരോടൊപ്പം ജോലിസ്ഥലത്തേക്ക്‌ പോകുന്നതിനിടയില്‍ ജുബൈല്‍ - ഖഫ്‌ജി റോഡില്‍ നാരിയക്ക്‌ സമീപം പിക്കപ്പ്‌ വാന്‍ ടയര്‍ പൊട്ടി മറിഞ്ഞ്‌ പുലര്‍ച്ചെ ആറ്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌.
ഭാര്യ ഷാഹിനയും എട്ട്‌ മാസം മാത്രം പ്രായമുള്ള മകള്‍ സോഹയുമടങ്ങുന്ന കുടുംബം നാരിയയിലായിരുന്നു താമസം. അനീസിന്റെ മരണത്തെത്തുടര്‍ന്ന്‌ ഇരുവരെയും ബന്ധു കൂടിയായ ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫിയുടെ അല്‍കോബാറിലെ വസതിയിലേക്ക്‌ മാറ്റിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച ഷാഹിനയും കുഞ്ഞും നാട്ടിലേക്ക്‌ മടങ്ങി.