ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ്‌ ഇനി സൗദിയിലും; ആദ്യ ശാഖ ഫെബ്രുവരിയില്‍ ദമാമില്‍

ദമാം: സ്വര്‍ണവ്യാപാര രംഗത്ത്‌ ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ്‌ ഇനി സൗദിയിലും. ഫെബ്രുവരിയില്‍ ദമാമിലും തുടര്‍ന്ന്‌ റിയാദിലും ജിദ്ദയിലുമായി ശാഖകള്‍ തുറക്കുമെന്ന്‌ എം.ഡിയും ചെയര്‍മാനുമായ ബോബി ചെമ്മണ്ണൂര്‍ ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളിയില്‍ തുടങ്ങിയ ചെമ്മണ്ണൂര്‍ ജ്വല്ലറി ഗ്രൂപ്പിന്‌ 146 വര്‍ഷത്തെ പാരമ്പര്യമുണ്ട്‌. 64 വര്‍ഷമായി റീട്ടെയില്‍ രംഗത്തും പ്രവര്‍ത്തിക്കുന്നു. അമ്പത്‌ ചെമ്മണ്ണൂര്‍ ജ്വല്ലറികളില്‍പതിനെട്ട്‌ ശാഖകളാണ്‌ തന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്നതെന്ന്‌ ബോബി പറഞ്ഞു. മൊത്തം ശൃംഖല അറുപതാക്കി വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ സൗദിയിലെത്തുന്നത്‌. വൈകാതെ ചെന്നൈയിലും ശാഖകള്‍ ആരംഭിക്കുന്നുണ്ട്‌. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനെ സൗദിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച സൗദി പൗരന്‍ ഖാലിദും ബദര്‍ അല്‍ റബീ എം.ഡി. അഹമ്മദ്‌ പുളിക്കലും വ്യക്തമാക്കി. അസി. മാനേജര്‍ രവി, ഹിഷാം ഹസന്‍ എന്നിവരും സംബന്ധിച്ചു.
സ്വര്‍ണ ഇടപാട്‌ വിശ്വാസത്തില്‍ അധിഷ്‌ഠിതമാണെന്നും ഇതില്‍ പാരമ്പര്യം ഏറെ പ്രാധാന്യമുള്ളതാണെന്നും ബോബി എടുത്തുപറഞ്ഞു. നിലവാരം, വിശ്വാസ്യത എന്നിവക്കൊപ്പം ഗുണമേന്മക്ക്‌ നല്‍കുന്ന പ്രാധാന്യമാണ്‌ ചെമ്മണ്ണൂരിനെ ഇടപാടുകാര്‍ക്ക്‌ പ്രിയംകരമാക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ഐ.എസ്‌. അംഗീകാരവും ഐ.എസ്‌.ഓ അംഗീകാരം നേടിയ പ്രഥമ ജ്വല്ലറി ഗ്രൂപ്പാണ്‌ ചെമ്മണ്ണൂര്‍. എല്ലാ കടകളിലും ഗുണമേന്മ വിലയിരുത്തുന്നതിനുള്ള കാരറ്റ്‌ ചെക്കിംഗ്‌ മെഷീന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തങ്ങളില്‍ നിന്നോ മറ്റ്‌ കടകളില്‍ നിന്നോ വാങ്ങിയ സ്വര്‍ണാഭരണങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന്‌ സൗജന്യ സൗകര്യം നല്‍കുന്നതായി ബോബി വെളിപ്പെടുത്തി.
മലയാളികളുടെ ഇഷ്‌ടത്തിനൊപ്പം അറേബ്യന്‍ താല്‍പ്പര്യങ്ങളും പരിഗണിക്കും. വജ്രം, പ്ലാറ്റിനം എന്നിവയിലും ആഭരണങ്ങള്‍ ഒരുക്കും. ജര്‍മനിയില്‍ നിന്നുള്ള ടൈറ്റാനിയം ആഭരണങ്ങളും ലഭ്യമാകും.
റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ ഇടിവ്‌ നേരിട്ട സാഹചര്യത്തില്‍ നിക്ഷേപകര്‍ ഇന്ന്‌ സ്വര്‍ണത്തിന്‌ പ്രാധാന്യം നല്‍കുന്നതാണ്‌ വിലവര്‍ധനക്ക്‌ കാരണമെന്ന്‌ ബോബി അഭിപ്രായപ്പെട്ടു. മൂല്യശോഷണം സംഭവിക്കില്ലെന്ന ഉറപ്പും, എപ്പോഴും പണമാക്കി മാറ്റാമെന്ന സാധ്യതയും സ്വര്‍ണത്തിന്റെ മേന്മയാണ്‌. വില വര്‍ധന സ്വര്‍ണാഭരണങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയെ ബാധിക്കുന്നില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. വില കൂടുമ്പോള്‍ 2-3 ദിവസം കുറവ്‌ വരും. പിന്നീട്‌ സാധാരണ നിലയിലെത്തുകയാണ്‌ പതിവ്‌.
ബിസിനസിനൊപ്പം ജീവകാരുണ്യ രംഗത്തും താല്‍പ്പര്യം പുലര്‍ത്തുന്ന ബോബി
പതിനെട്ട്‌ ശാഖകള്‍ക്കും അനുബന്ധമായി അഗതി മന്ദിരങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചു. കോഴിക്കോട്‌ മലാപ്പറമ്പ്‌ കോളനിയില്‍ ആദ്യ അഗതി മന്ദിരം പ്രവര്‍ത്തന തുടങ്ങി. തെരുവോരങ്ങളിലും ബസ്റ്റാന്റുകളിലും മറ്റും ജീവിതം നയിക്കുന്നവര്‍ക്ക്‌ ആലയമൊരുക്കുകയാണ്‌ ഇവിടെ. തന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 3500 ജീവനക്കാരും എപ്പോഴും രക്തദാനത്തിന്‌ സന്നദ്ധരായി പേര്‌ നല്‍കിയിട്ടുണ്ട്‌. സൗജന്യ ആംബുലന്‍സ്‌ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്‌.