ഖത്തര്‍ വിസയിലെത്തി സൗദി മരുഭൂമിയില്‍!!!
പീഡനം സഹിക്കാതെ രക്ഷപ്പെട്ട വയനാട്‌ സ്വദേശി റസ്സല്‍ തടവില്‍

ദമാം: ഖത്തറില്‍ നിന്നും സൗദി മരുഭൂമിയിലെത്തി ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായ മലയാളി യുവാവ്‌ പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ തടവിലായി.
ഖത്തറില്‍ ഡ്രൈവര്‍ വിസയിലെത്തിയ വയനാട്‌ നാലാം മൈല്‍ വയനാട്‌ നാലാം മൈല്‍ ഉപ്പലക്കണ്ടി മാന്നാം കണ്ടി റസല്‍ (25) സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്‌ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട്‌ കഷ്‌ടപ്പെടുന്നതായി മലയാളം ന്യൂസ്‌ ഒക്‌ടോബര്‍ 19ന്‌ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ക്രൂരമായ പീഡനമേറ്റതിനെത്തുടര്‍ന്ന്‌ നാരിയക്ക്‌ സമീപം നസ്സയില്‍ നിന്നും റസ്സല്‍ രക്ഷപ്പെട്ടിരുന്നു. ദമാമിലേക്ക്‌ വരുന്നതിനിടെ ഹൈവേയിലെ പോലീസ്‌ പരിശോധനയില്‍ പിടിയിലായ റസ്സല്‍ ദഹ്‌റാന്‍ പോലീസ്‌ സ്റ്റേഷനിലാണ്‌ ഇപ്പോഴുള്ളത്‌.
ഹുസൈന്‍ - സാറ ദമ്പതികളുടെ മകനായ റസല്‍ നാട്ടില്‍ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്‌. ഏതാണ്ട്‌ നാല്‌ വര്‍ഷമായി റസ്സല്‍ ഖത്തറില്‍ ജോലി ചെയ്‌തിരുന്നു. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ നാട്ടില്‍ പോയി. ആയിരം റിയാല്‍ കൊടുത്താണ്‌ റീ എന്‍ട്രി വിസയടിച്ചത്‌. തിരിച്ചുവന്ന്‌ ഒന്നര വര്‍ഷമായി. പുറത്ത്‌ ജോലിയെടുക്കാനുള്ള കടലാസും ഏജന്റ്‌ തന്നു. നാല്‌ മാസം ജോലിയില്ലാതെ കഴിഞ്ഞു. ഈ കാലത്തൊന്നും സ്‌പോണ്‍സറെ കണ്ടിരുന്നില്ല. 5000 റിയാല്‍ നല്‍കി റിലീസ്‌ പേപ്പര്‍ വാങ്ങിയിരുന്നുവെങ്കിലും അത്‌ നടന്നില്ല. മറ്റൊരു റിലീസ്‌ പേപ്പര്‍ സ്‌പോണ്‍സറില്‍ നിന്നും വേണമെന്ന്‌ ഏജന്റിനോട്‌ പറഞ്ഞിരുന്നു. ഇതിനിടെയാണ്‌ നേരില്‍ കാണണമെന്ന്‌ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടതായി ഏജന്റ്‌ പറഞ്ഞത്‌. തന്റെ ഉമ്മാക്ക്‌ സുഖമില്ലെന്നും ദോഹ മുര്‍റയിലെ വീട്ടില്‍ പതിനഞ്ച്‌ ദിവസത്തേക്ക്‌ നില്‍ക്കണമെന്നും തെറ്റുധരിപ്പിച്ചാണ്‌ സ്‌പോണ്‍സര്‍ തന്നെ സൗദിയിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ റസ്സല്‍ മലയാളം ന്യൂസിനോട്‌ വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്‌ച കഴിഞ്ഞ്‌ നാട്ടില്‍ പോയി വരാന്‍ റീഎന്‍ട്രി തരാമെന്നും പറഞ്ഞു. ആ വാക്കുകള്‍ വിശ്വസിച്ച്‌ കൂടെ പോയ റസലിന്റെ പാസ്‌പോര്‍ട്ടും ബതാഖയും വാങ്ങിവെച്ച സ്‌പോണ്‍സര്‍ അടുത്ത ദിവസം എത്തിച്ചത്‌ സൗദി മരുഭൂമിയിലാണ്‌. അറുപത്‌ ഒട്ടകങ്ങള്‍ക്ക്‌ വെള്ളവും പുല്ലും നല്‍കി മേച്ച്‌ നടക്കുന്നതാണ്‌ ജോലി. ഭക്ഷണമില്ലാതെ അവശനായ റസലിന്‌ നേരെ മര്‍ദനവുമുണ്ടായി.
നവമ്പര്‍ 13നാണ്‌ റസലിന്റെ സൗദി വിസയുടെ കാലവധി തീര്‍ന്നത്‌. അതിന്‌ മുമ്പ്‌ തിരിച്ച്‌ ഖത്തറിലെത്തിക്കുന്നതിന്‌ ദോഹയിലും റിയാദിലും ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട്‌ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ശ്രമം നടത്തിയിരുന്നു. എന്നാല്‍ റസലിനെ ഖത്തറില്‍ തിരിച്ചെത്തിക്കാന്‍ തയാറാവാതെ സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നു. ഈ സാഹചര്യത്തില്‍ ജീവന്‌ ഭീഷണിയുയര്‍ന്നതോടെയാണ്‌ റസല്‍ രക്ഷപ്പെടാന്‍ വഴി നോക്കിയത്‌. വെള്ളിയാഴ്‌ച രാത്രി ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ റസലുമായി നേരില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ എംബസി നല്‍കിയ തിരിച്ചറിയില്‍ രേഖ കൈവശമുണ്ടായിരുന്നുവെങ്കിലും പരിശോധനാ ഉദ്യോഗസ്ഥര്‍ റസലിനെ തടവിലാക്കുകയായിരുന്നു.
റിയാദ്‌ ഇന്ത്യന്‍ എംബസിയില്‍ നിന്നും അധികാരപത്രം ലഭിച്ച ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി യാസര്‍ അറഫാത്ത്‌ ദഹ്‌റാന്‍ പോലീസ്‌ മേധാവിയെ കണ്ടിരുന്നു. സൗദിയില്‍ എത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമില്ലാത്തതിനാല്‍ നിയമപരമായി റസലിനെ തങ്ങള്‍ ഡിപോര്‍ട്ടേഷന്‍ അധികൃതര്‍ക്ക്‌ കൈമാറുമെന്ന്‌ പോലീസ്‌ മേധാവി വെളിപ്പെടുത്തിയതായി ഫോറം വക്താക്കള്‍ അറിയിച്ചു. എംബസിയില്‍ നിന്നും യാത്രാരേഖയായി ഇ.സി. ലഭിക്കുന്നതിന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌.
പാസ്‌പോര്‍ട്ടും ഇഖാമയും കൈവശമില്ലാത്തതിനാല്‍ എംബസി നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ അവഗണിച്ച്‌ റസലിനെ തടവിലാക്കിയതായി ഫ്രറ്റേണിറ്റി ഫോറം എംബസിക്ക്‌ വിവരം നല്‍കി. പ്രശ്‌നം സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന്‌ എംബസി ഉറപ്പ്‌ നല്‍കിയതായി ഫോറം നേതാക്കള്‍ പറഞ്ഞു.