കാസര്‍ഗോഡ്‌ അക്രമം: കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണം

ദമാം: കാസര്‍ഗോഡ്‌ അക്രമത്തോടനുബന്ധിച്ച്‌ രണ്ട്‌ പേര്‍ മരിക്കാനിടയായ ദാരുണ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ ആരായാലും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്ന്‌ കെ.എം.സി.സി. സൗദി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൈതക്കാട്ടെ ശഫീഖ്‌, കുത്തേറ്റ്‌ മരിച്ച കുമ്പള ആരിക്കാട്‌ കടവിലെ മുഹമ്മദ്‌ അസ്‌ഹര്‍ എന്നിവരുടെ ദാരുണ മരണത്തില്‍ പ്രസിഡന്റ്‌ സി. ഹാഷിമും ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കടവനാടും അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന മുസ്‌ലിംലീഗ്‌ നേതാക്കള്‍ക്ക്‌ കാസര്‍ഗോഡ്‌ ജില്ലാ മുസ്‌ലിംലീഗ്‌ നല്‍കിയ സ്വീകരണ പരിപാടിയോടനുബന്ധിച്ച്‌ സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ക്കെതിരെ ഒളിഞ്ഞിരുന്ന്‌ കല്ലെറിഞ്ഞ്‌ പ്രകോപനമുണ്ടാക്കിയവരെ കണ്ടെത്തണം. സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ്‌ നേതാക്കള്‍ക്ക്‌ നല്‍കുന്ന സ്വീകരണം അലങ്കോലപ്പെടുത്തുന്നതിന്‌ സാമൂഹിക ദ്രോഹികള്‍ ആസൂത്രണം ചെയ്‌ത ഹീന പ്രവൃത്തിയെ കെ.എം.സി.സി. അപലപിച്ചു.
പോലീസ്‌ ഈയിടെ ധിക്കാരത്തോടെ നടത്തിയ അതിക്രമത്തിലെ ജനരോഷം കെട്ടടങ്ങുന്നതിന്‌ മുമ്പായി കേവല രാഷ്‌ട്രീയ മുതലെടുപ്പിന്‌ വേണ്ടി കുബുദ്ധികള്‍ നടത്തിയ ഈ ആസൂത്രിത സംഘര്‍ഷം ഒഴിവാക്കുന്നതില്‍ പോലീസ്‌ വീഴ്‌ച വരുത്തിയിരിക്കുകയാണ്‌. സാധാരണഗതിയില്‍ പാലിക്കപ്പെടേണ്ട മുന്നറിയിപ്പൊന്നുമില്ലാതെയാണ്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ വെടിവെച്ചതെന്ന്‌ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.