വിശുദ്ധ ഖുര്‍ആന്‌ സ്വന്തം മനസ്‌ കീഴ്‌പെടുത്താന്‍ ആഹ്വാനം

ദമാം: ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്‌ സ്വന്തം മനസ്‌ കീഴ്‌പെടുത്താന്‍ സന്നദ്ധമാവുമ്പോള്‍ മാത്രമാണ്‌ യഥാര്‍ത്ഥ വിശ്വാസിയായി മാറുന്നതെന്ന്‌ പ്രമുഖ പണ്‌ഡിതനും കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി. ഉമര്‍ സുല്ലമി വ്യക്തമാക്കി. ഗര്‍വിഷ്‌ഠനായ ഉമറിനെ വിനയാന്വിതനായ മനുഷ്യനും, മികച്ച ഭരണാധിപനുമാക്കി മാറ്റിയത്‌ ഈ ഗ്രന്ഥമായിരുന്നുവെന്ന്‌ ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമാം ഘടകം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും നിരക്കുന്നത്‌ ഏകദൈവ വിശ്വാസം മാത്രമാണെന്നും, അത്‌ പ്രഘോഷിക്കാന്‍ നിയുക്തരായവരാണ്‌ പ്രവാചകന്മാരെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാനവസംസ്‌കൃതികളിലേക്കും ദൈവദൂതരെ രക്ഷിതാവ്‌ നിയോഗിച്ചിട്ടുണ്ട്‌. അവരെല്ലാം പഠിപ്പിച്ചിരുന്നത്‌ ഒരേ ഏകദൈവ ദര്‍ശനമായിരുന്നു. രക്ഷിതാവിനെക്കുറിച്ചുള്ള അജ്ഞതയാണ്‌ സാധാരണക്കാരെ ഏകദൈവവിശ്വാസത്തില്‍ നിന്നും തെറ്റിക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ശൈഖ്‌ സാലിം സാലെഹ്‌ അല്‍ വാബില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ശൈഖ്‌ അബ്‌ദുല്ലാ അല്‍ ഖഹ്‌താനി, ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയംഗം കെ.പി. അബൂബക്കര്‍, ഹാരിസ്‌, സാജിദ്‌, കുഞ്ഞിമുഹമ്മദ്‌ മദനി,പി.എം.നജീബ്‌, പി.ടി. അലവി ഹമീദ്‌ വടകര, എന്നിവര്‍ ആശംസ നേര്‍ന്നു.
നൂറ്‌ കണക്കിനാളുകള്‍ പങ്കെടുത്ത സമ്മേളനം വലിയ ബഹുജന പങ്കാളിത്തം വഴി ശ്രദ്ധേയമായി.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ദക്ഷിണ മേഖലാ സെക്രട്ടറി വി.ഇ. റഹീം മദനി ഖുത്‌ബ നിര്‍വഹിച്ചു. ഇസ്‌ലാമിക സംസ്‌കാരം ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ അദ്ദഹം ഉണര്‍ത്തി. ഉച്ചക്ക്‌ ശേഷം നടന്ന സെഷനില്‍ ഇസ്‌ലാഹി മദ്രസാ വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ച സര്‍ഗമേളക്ക്‌ സഹീര്‍ ബാബു, മുജീബ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ജംഇയ്യത്തുല്‍ ഖൈരിയ ലി തഹ്‌ഫീദില്‍ ഖുര്‍ആനില്‍ കരീമുമായി സഹകരിച്ച്‌ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാം ഘട്ടത്തില്‍ ദമാം കേന്ദ്രത്തില്‍ പരീക്ഷയെഴുതി നൂറ്‌ ശതമാനം വിജയം നേടിയ 160 പേര്‍ക്കുള്ള സമ്മാനങ്ങള്‍ മുഹമ്മദ്‌ നജാത്തി, ഇബ്രാഹിം കുട്ടി, ഹാഷിം, ഫസല്‍ എന്നിവര്‍ വിതരണം ചെയ്‌തു. വിജ്ഞാന പരീക്ഷയെഴുതിയ സഹീര്‍ ബാബു, ശകീല്‍ ജുമാല്‍, അബ്‌ദുല്‍ അസീസ്‌ എന്നിവര്‍ പഠനാനുഭവങ്ങള്‍ വിവരിച്ചു. മൗലവി ശഫീഖ്‌ അസ്‌ലം ഉദ്‌ബോധനം നിര്‍വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ സി.പി. ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍, സിയാദ്‌ കൊച്ചി, എംഇ. ഇബ്രാഹിം എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.