ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിന്‌ മുന്നില്‍ മലിന ജലം ആരോഗ്യ പ്രശ്‌നമുയര്‍ത്തുന്നു

ദമാം: നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസിന്‌ മുന്നില്‍ ഒരു മാസത്തിലേറെയായി മലിന ജലം കെട്ടിക്കിടക്കുന്നു. സ്‌കൂളിലേക്കുള്ള വഴിയില്‍ മലിനജലം കെട്ടിക്കിടക്കുന്നതിന്റെ പടം മലയാളം ന്യൂസ്‌ (ഒക്‌ടോബര്‍ 19) പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ഥലത്തേക്ക്‌ വ്യാപിച്ച മാലിന്യം സ്‌കൂള്‍ ഗേറ്റും കടന്ന്‌ കാമ്പസിന്‌ അകത്തേക്ക്‌ കടക്കുന്ന സ്ഥിതിയിലാണ്‌. ശുചിത്വത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്‌ ഏറെ ബോധവത്‌കരണം നടക്കുന്ന സാഹചര്യത്തിലാണ്‌ ഈ ദുരിതം.
സ്‌കൂളില്‍ എത്തുന്ന എല്ലാവരെയും അസഹ്യമായ ദുര്‍ഗന്ധമാണ്‌ വരവേല്‍ക്കുന്നത്‌. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കടുത്ത ആരോഗ്യ പ്രശ്‌നമാണ്‌ ഈ മാലിന്യം ഉയര്‍ത്തുന്നത്‌. സമീപത്തുള്ള ലേബര്‍ ക്യാമ്പില്‍ നിന്നും എത്തുന്ന മലിന ജലമാണ്‌ സ്‌കൂളിലേക്കുള്ള വഴിയില്‍ കെട്ടിക്കിടക്കുന്നത്‌. പല തവണ സ്‌കൂള്‍ സ്വന്തം ചിലവില്‍ മലിന ജലം നീക്കം ചെയ്‌തിരുന്നു. എന്നാല്‍ നിയന്ത്രിക്കാവുന്നതിലേറെ മാലിന്യമെത്തിയതിനാല്‍ അത്‌ ഫലപ്രദമായില്ല. ബലദിയ അടക്കം വിവിധ കേന്ദ്രങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും മലിന ജലം നീക്കം ചെയ്യുന്നതിന്‌ ബന്ധപ്പെട്ട ക്യാമ്പ്‌ അധികാരികളോ, നടപടിയെടുക്കുന്നതിന്‌ ബലദിയ അധികൃതരോ തയാറായിട്ടില്ല.