ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ മെഗാ മേളയില്‍ ജി.സി.സി കിരീടം ബഹ്‌റൈനി സഖ്യത്തിന്‌

ദമാം: ബാഡ്‌മിന്റണ്‍ ഫെഡറേഷന്‍ ഓഫ്‌ സൗദി അറേബ്യ സംഘടിപ്പിച്ച പതിമൂന്നാമത്‌ ഫെഡറേഷന്‍ കപ്പ്‌ മെഗാ ബാഡ്‌മിന്റണ്‍ മേളയില്‍ ജി.സി.സി. ഡബിള്‍സ്‌ ജേതാക്കള്‍ക്കുള്ള ഐ.ടി.എല്‍. കപ്പ്‌ ജാഫര്‍ ഇബ്രാഹിം, റഷാദ്‌ ഖാന്‍ (ബഹ്‌റൈന്‍) സഖ്യം നേടി. പാവന്‍ കുമാര്‍, മനോജ്‌ സാഹിബ്‌ ജാന്‍ എന്നിവര്‍ റണ്ണേഴ്‌സ്‌ ട്രോഫി കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. വാശിയേറിയ പോരാട്ടങ്ങള്‍ക്ക്‌ വേദിയൊരുക്കിയ ജി.സി.സി. സിംഗിള്‍സ്‌ മത്സരങ്ങളില്‍ ജാഫര്‍ ഇബ്രാഹിം (ബഹ്‌റൈന്‍) ഐ.ടി.എല്‍ ട്രോഫി നേടി. അരുണ്‍ വിജയകുമാര്‍ (ഖത്തര്‍) ആണ്‌ റണ്ണറപ്പ്‌. അബ്‌ഖൈഖ്‌ ബാഡ്‌മിന്റണ്‍ ക്ലബ്ബുമായി സഹകരിച്ച്‌ ഫെഡറേഷന്‍ നടത്തിയ ദ്വിദിന മെഗാബാഡ്‌മിന്റണ്‍ മേള കിഴക്കന്‍ പ്രവിശ്യയിലെ ബാഡ്‌മിന്റണ്‍ പ്രേമികള്‍ക്ക്‌ ഉത്സവ ഹര്‍ഷം പകര്‍ന്നു.
ജി.സിസി. ഡബിള്‍സ്‌ മത്സരം ലീഗ്‌ അടിസ്ഥാനത്തിലാണ്‌ നടന്നത്‌. ഗ്രൂപ്പ്‌ എയില്‍ നിന്നും ജാഫര്‍ ഇബ്രാഹിം - റാഷദ്‌ ഖാന്‍ (ബഹ്‌റൈന്‍), പ്രമോദ്‌ കുമാര്‍ -അരുണ്‍ വിജയകുമാര്‍ (ഖത്തര്‍) സഖ്യങ്ങളും, ഗ്രൂപ്പ്‌ ബിയില്‍ നിന്നും
ജെയിംസ്‌ വര്‍ഗീസ്‌ - രാകേഷ്‌ രാമകൃഷ്‌ണന്‍ (ദുബായ്‌), പാവന്‍ കുമാര്‍ - മനോജ്‌ സാഹിബ്‌ ജാന്‍ (ഖത്തര്‍) സഖ്യങ്ങളും സെമിയിലെത്തി. ഫൈനലില്‍ പാവന്‍ കുമാര്‍ - മനോജ്‌ സാഹിബ്‌ ജാന്‍ സഖ്യം ജാഫര്‍ ഇബ്രാഹിം - റഷാദ്‌ ഖാന്‍ സഖ്യത്തിന്‌ കീഴടങ്ങി.
ജി.സി.സി സിംഗിള്‍സില്‍ മികച്ച പ്രതിഭകളുടെ മാറ്റുരക്കല്‍ കാണികള്‍ക്ക്‌ അവിസ്‌മരണീയ അനുഭവമായി. ജാഫര്‍ ഇബ്രാഹിം, മനോജ്‌ സാഹിബ്‌ ജാന്‍, റഷാദ്‌ ഖാന്‍, അരുണ്‍ വിജയകുമാര്‍ എന്നിവര്‍ സെമിയിലെത്തി. ഫൈനലില്‍ ജാഫര്‍ ഇബ്രാഹിം അരുണ്‍ വിജയകുമാറിനെ പരാജയപ്പെടുത്തി.
ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ തുടങ്ങി ജി.സി.സി. നാടുകളില്‍ നിന്നുള്ള പ്രമുഖ കളിക്കാര്‍ക്ക്‌ പുറമെ ദമാം, ജുബൈല്‍ തുടങ്ങി കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിയാദില്‍ നിന്നുമായി മുന്നൂറ്റി അമ്പതോളം കളിക്കാര്‍ വിവിധ ഫ്‌ളൈറ്റുകളിലായി മേളയില്‍ മാറ്റുരച്ചു.
ഫെഡറേഷന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ബാബു വര്‍ഗീസ്‌ മേളയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ആദ്യ ദിനത്തില്‍ അരാംകോ സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകളിലെ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന്‌ വിവിധ ഫ്‌ളൈറ്റുകളില്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ദിവസം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടന്നു.

സമ്മാനദാനചടങ്ങില്‍ ഐ.ടി.എല്‍ ഡയരക്‌ടര്‍ സിദ്ദീഖ്‌ അഹ്‌മദും ഫെഡറേഷന്‍ പ്രസിഡന്റ്‌ എം.എ ബേഗും ട്രോഫികള്‍ സമ്മാനിച്ചു.ജനറല്‍ സെക്രട്ടറി ആരിഫ്‌ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അബ്‌ഖൈഖ്‌ ക്ലബ്‌ പ്രസിഡന്റ്‌ ഡേവിഡ്‌ ഐസക്‌ നന്ദി പറഞ്ഞു.