ജീവിതരീതിയില്‍ മാറ്റം വരുത്തി പ്രമേഹം തടയാനാവും - സെമിനാര്‍

ദമാം: ജീവിതരീതിയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ തയാറായാല്‍ പ്രമേഹം തടയാനാവുമെന്ന്‌ പ്രമുഖ ഇന്റേണിസ്റ്റ്‌ ഡോ. ജി. ഹരീഷ്‌ കുമാര്‍ ഉണര്‍ത്തി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്‌ ദമാമില്‍ ദമാം ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറിയുമായി സഹകരിച്ച്‌ ഇനോക്‌ സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാറില്‍ പ്രമേഹ രോഗത്തെക്കുറിച്ചും രോഗ ചികിത്സ, രോഗപ്രതിരോധം എന്നിവയെക്കുറിച്ചും ബോധവത്‌കരണ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ശരിയായ ആഹാര ക്രമീകരണം, തൂക്കം കുറയ്‌ക്കല്‍, ആവശ്യത്തിനുള്ള വ്യായാമം, കൊഴുപ്പ്‌ നിയന്ത്രിച്ച്‌ കൂടിയ രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കല്‍, പുകവലിയും മദ്യപാനവും ഒഴിവാക്കുക, ക്രമമായ രക്തപരിശോധന, മാനസിക പിരിമുറുക്കം കുറക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെപ്രമേഹം നിയന്ത്രിക്കാനാവുമെന്ന്‌ അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന്‌ സദസില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഡോക്‌ടര്‍ മറുപടി നല്‍കി.
മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. വി.എന്‍. ജ്യോതി ഉദ്‌ഘാടനം ചെയ്‌തു.
സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ്‌ കൂപ്പണ്‍ ഇനോക്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദിന്‌ നല്‍കി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ്‌ എം.ഡി. ബോബി ചെമ്മണ്ണൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ബദര്‍ റബീ എം.ഡി അഹമ്മദ്‌ പുളിക്കല്‍ സന്നിഹിതനായിരുന്നു. ഇനോക്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ സ്വാഗതവും ജനറല്‍ സെക്രട്ടറി തമ്പി പത്തിശ്ശേരി നന്ദിയും പറഞ്ഞു.പ്രമേഹത്തെക്കുറിച്ച്‌ അറിവ്‌ പകരുന്ന ചാര്‍ട്ടുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. സെമിനാറിന്‌ ശേഷം സൗജന്യ പ്രമേഹ നിര്‍ണയവും നടന്നു.