നാല്‌ മാസമായി ശമ്പളമില്ലാതെ കഴിയുന്ന മലയാളി വീട്ടുഡ്രൈവര്‍ ടിക്കറ്റിന്‌ വഴി തേടുന്നു

ദമാം: മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്‌ടപ്പെടുന്ന മലയാളി വീട്ടുഡ്രൈവര്‍ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ ടിക്കറ്റിന്‌ വഴി തേടുന്നു. പാലക്കാട്‌ മാത്തൂര്‍ കള്ളിവളപ്പില്‍ ഹൗസ്‌ സയ്യിദ്‌ അലി നൂര്‍മുത്ത്‌ (28) ആണ്‌ ഈ ഹതഭാഗ്യന്‍.
പിതാവ്‌ സയ്യിദ്‌ അലി നേരത്തെ മരിച്ചു. ഉമ്മയും മൂന്ന്‌ സഹോദരിമാരുള്‍പ്പെടെ ഏഴ്‌ സഹോദരങ്ങളുമുണ്ട്‌. വിവാഹിതനാണ്‌. അഞ്ച്‌ വയസായ കുഞ്ഞുണ്ട്‌. നാട്ടില്‍ ഡ്രൈവറായിരുന്ന നൂര്‍ മുത്ത്‌ വീട്ടുഡ്രൈവറുടെ വിസയിലാണ്‌ ഏറെ പ്രതീക്ഷകളുമായി സൗദിയിലെത്തിയത്‌. അമ്പതിനായിരം രൂപ നാട്ടില്‍ ഏജന്റിന്‌ കൊടുത്തതുള്‍പ്പെടെ മൊത്തം എഴുപതിനായിരം ചിലവായി.
ഈ വര്‍ഷം ജനവരി ഏഴിനാണ്‌ ദമാമിലെത്തിയത്‌. ജോലി വീട്ടുഡ്രൈവറായിരുന്നുവെങ്കിലും വീട്‌ വൃത്തിയാക്കല്‍ പോലുള്ള ജോലികളും ചെയ്യേണ്ടി വന്നു. ദേഹോപദ്രവം ചെയ്‌തു. വഴിതെറ്റിയെന്ന്‌ കുറ്റപ്പെടുത്തി ചെരിപ്പ്‌ കൊണ്ടടിച്ചു.
900 റിയാല്‍ ശമ്പളവും 200 റിയാല്‍ ഭക്ഷണത്തിനും ഉള്‍പ്പെടെ മൊത്തം പ്രതിമാസം 1100 റിയാല്‍ സ്‌പോണ്‍സര്‍ നല്‍കുമെന്ന തൊഴില്‍ കരാര്‍ സുരക്ഷിതായി നൂര്‍മുത്തിന്റെ കൈയിലുണ്ട്‌. എന്നാല്‍ 900 റിയാല്‍ രേഖപ്പെടുത്തിയ രേഖയില്‍ ഒപ്പിടീച്ച്‌ 700 റിയാലാണ്‌ ശമ്പളം നല്‍കിയതെന്ന്‌ നൂര്‍ മുത്ത്‌ പറയുന്നു. അഞ്ച്‌ മാസം മാത്രമാണ്‌ ശമ്പളം കിട്ടിയത്‌. നാല്‌ മാസമായി ശമ്പളം കുടിശ്ശികയാണ്‌.
ശമ്പള കുടിശ്ശിക നല്‍കി നാട്ടിലേക്ക്‌ തിരിച്ചയക്കാന്‍ നടപടി ആവശ്യപ്പെട്ട്‌ ശവ്വാല്‍ പത്തിന്‌ അമീര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ദമാമില്‍ പരിചയപ്പെട്ട സുഹൃത്തുക്കളുടെയും മറ്റ്‌ വീട്ടുഡ്രൈവര്‍മാരായ സുഹൃത്തുക്കളുടെയും സഹായത്തോടെയാണ്‌ ഒരു മാസത്തിലേറെയായി നൂര്‍മുത്ത്‌ കഴിയുന്നത്‌.
ഇതിനിടെ താന്‍ ജോലിയില്‍ നിന്നും വിട്ടുനിന്നുവെന്ന്‌ സ്‌പോണ്‍സര്‍ അധികൃതരെ ധരിപ്പിച്ചതായി നൂര്‍മുത്ത്‌ പറയുന്നു. തുടര്‍ന്ന്‌ ഇന്നലെ ലേബര്‍ ഓഫീസിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നും ടിക്കറ്റിന്‌ 1200 റിയാലുമായി ഹാജരാവാനാണ്‌ തന്നോട്‌ നിര്‍ദേശിച്ചതെന്ന്‌ നൂര്‍മുത്ത്‌ പറഞ്ഞു. നാല്‌ മാസമായി ശമ്പളം പോലും കിട്ടാതെ സുഹൃത്തുക്കളുടെ കാരുണ്യത്തില്‍ കഴിയുന്ന ഈ യുവാവിന്‌ ഈ തുക എവിടെ നിന്നുണ്ടാകുമെന്ന ആശങ്കയിലാണ്‌. ദമാമിലെ സുമനസുകള്‍ തനിക്ക്‌ തുണയാകുമെന്ന്‌ പ്രതീക്ഷ നൂര്‍മുത്ത്‌ പ്രതീക്ഷയിലാണ്‌. താല്‍പ്പര്യമുള്ളവര്‍ക്ക്‌ 0503850536 നമ്പറില്‍ മലയാളംന്യൂസ്‌ ദമാം ബ്യൂറോയുമായി ബന്ധപ്പെടാവുന്നതാണ്‌.