അഞ്ച്‌ മാസമായി തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യന്‍ വീട്ടുജോലിക്കാരി നാട്ടിലേക്ക്‌

ദമാം: അഞ്ച്‌ മാസത്തോളമായി ദമാമില്‍ വനിതകളുടെ അഭയകേന്ദ്രത്തില്‍ കഴിയുന്ന ആന്ധ്രപ്രദേശില്‍ നിന്നുള്ള റാണിക്ക്‌ നാട്ടിലേക്ക്‌ മടങ്ങുന്നു. കുവൈത്ത്‌ വിസയില്‍ വീട്ടുജോലിക്കാരിയായി കുവൈത്തില്‍ എത്തിയ റാണിയെ സ്‌പോണ്‍സര്‍ സൗദിയിലേക്ക്‌ കൊണ്ടുവന്നതായിരുന്നു. എംബസിയില്‍ നിന്നും യാത്രാരേഖയായി ഇ.സി. ലഭിച്ചുവെങ്കിലും ടിക്കറ്റില്ലാത്തതിനാല്‍ യാത്ര വൈകുന്ന റാണിയെക്കുറിച്ച്‌ മലയാളം ന്യൂസ്‌ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. എമിറേറ്റ്‌സ്‌ വിമാനത്തില്‍ ഹൈദ്രബാദിലേക്ക്‌ റാണിക്കുള്ള ടിക്കറ്റ്‌ ദമാം നവോദയയാണ്‌ നല്‍കിയത്‌. കഴിഞ്ഞ ദിവസം വനിതകളുടെ അഭയകേന്ദ്രത്തിലെത്തി ദമാം താന്‍സ്‌വ പ്രതിനിധി വാസു റാണിക്ക്‌ ടിക്കറ്റ്‌ കൈമാറി. നാസ്‌ വക്കം, ശംനാദ്‌ വെമ്പായം എന്നിവരും സന്നിഹിതരായിരുന്നു.
മര്‍ദനവും പീഡനവും മറ്റും കാരണം ജോലി തുടരാനാവാതെ
എത്തിയ വയനാട്‌ മീനങ്ങാടി സ്വദേശിനി സരോജിനി വേലുവടക്കം
ഏഴ്‌ ഇന്ത്യക്കാരികളാണ്‌ ഇപ്പോള്‍ ദമാമില്‍ സ്‌ത്രീകളുടെ അഭയകേന്ദ്രത്തിലുള്ളതെന്ന്‌ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം (നവോദയ) അറിയിച്ചു. ഇവരെക്കുറിച്ച്‌ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്‌ വിവരം നല്‍കുകയും പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക്‌ യാത്രാരേഖയായി ഇ.സി.ക്ക്‌ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തതായി നാസ്‌ അറിയിച്ചു.