മൃതദേഹം ദമാമില്‍ ഖബറടക്കി;
ജുഐമയില്‍ വാഹനാപകടത്തില്‍ നിര്യാതനായ ദര്‍വീശിന്റെ കുടുംബത്തിന്‌ സഹായമെത്തിക്കും.

ദമാം: റഹീമക്ക്‌ സമീപം ജുഐമയില്‍ നവമ്പര്‍ എട്ടിന്‌ വാഹനാപകടത്തില്‍ നിര്യാതനായ പാലക്കാട്‌ യാക്കര മരുകാവ്‌ കാജ നിവാസില്‍ സ്വദേശി മൊയ്‌തീന്റെ മകന്‍ ദര്‍വീശ്‌ (37)ന്റെ മൃതദേഹം ദമാമില്‍ ഖബറടക്കി. ഇന്നലെ അസര്‍ നമസ്‌കാരത്തിന്‌ ശേഷം ദമാം മസ്‌ജിദ്‌ റയാനില്‍ ജനാസ നമസ്‌കാരം നടന്നു. ബന്ധുക്കളും നാട്ടുകാരും ജുബൈല്‍, റഹീമ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നി#്‌ന്നും എത്തിയ സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.
ഖതീഫ്‌ കേന്ദ്രമായുള്ള ഇന്‍ഡ്‌സ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കമ്പനിയില്‍ കോഓര്‍ഡിനേറ്ററായിരുന്ന ദര്‍വീശ്‌ ഓടിച്ച ടൊയോട്ട കൊറോള കാര്‍ ജുബൈലിലേക്ക്‌ പോകുന്ന വഴിയില്‍ ക്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന മാവേലിക്കര സ്വദേശി സജീഷ്‌ (28) സാരമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സിറാജുന്നീസയാണ്‌ മാതാവ്‌. ഭാര്യ: മുംതാസ്‌. അംറസ്‌ ഹാറൂന്‍ (6), റുവൈസ്‌ (4) എന്നിവര്‍ മക്കളാണ്‌.
വളരെ പാവപ്പെട്ട കുടുംബാംഗമായ ദര്‍വീശ്‌ എട്ട്‌ മാസം മുമ്പാണ്‌ വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിന്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. റഹീമയിലെ മലയാളി കൂട്ടായ്‌മ ഓര്‍മ അംഗമായിരുന്ന ദര്‍വീശിന്റെ നിരാലംബ കുടുംബത്തെ സഹായിക്കുന്നതിന്‌ ഏഴം ഗ സമിതിക്ക്‌ രൂപം നല്‍കി. ഹീമ നജ്‌റാന്‍ കമ്പനി ക്യാമ്പില്‍ പ്രസിഡന്റ്‌ ഉണ്ണി കെ. നായരുടെ അധ്യക്ഷതയില്‍ നടന്ന അനുശോചന യോഗം ദര്‍വീശ്‌ മൊയ്‌തീന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബി.എല്‍. സുരേഷ്‌ കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി എസ്‌.എസ്‌. പ്രസാദ്‌, അഷ്‌റഫ്‌ നെയ്‌തല്ലൂര്‍, വര്‍ഗീസ്‌ എടത്വാ, സെബാസ്റ്റ്യന്‍ കട്ടപ്പുറം, ശിവാനന്ദന്‍, ബിജു കല്ലുമല തുടങ്ങിയവര്‍ സംസാരിച്ചു. ജി. അനില്‍ കുമാര്‍ സ്വാഗതവും ബഷീര്‍ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.