ഗ്ലോബല്‍ ഫുട്‌ബോള്‍ മേള: ബദര്‍ അല്‍ റബീക്ക്‌ ജയം

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ എവര്‍ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടി ദമാമില്‍ ആരംഭിച്ച ഫുട്‌ബാള്‍ ടൂര്‍ണമെന്റില്‍ രണ്ടാം വാരത്തിലെ ആദ്യ മത്സരത്തില്‍ ബദര്‍ അല്‍ റബീ ജേതാക്കളായി. തെക്കേപ്പുറം ദമാമും അല്‍ മുസ്‌തനീറും തമ്മില്‍ നടന്ന രണ്ടാമത്‌ മത്സരം ബഹളത്തില്‍ കലാശിച്ചു.
ആദ്യമത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന്‌ ഗോളിനാണ്‌ ബദര്‍ അല്‍ റബീ ഫോര്‍സീസണ്‍ കോബാറിനെ തോല്‍പ്പിച്ചത്‌. ഷുഹൈബ്‌ (2) മാനു (1)എന്നിവരാണ്‌ ബദറിന്‌ വേണ്ടി ഗോളടിച്ചത്‌. ഷുഹൈബാണ്‌ മികച്ച കളിക്കാരന്‍. കൗണ്‍സില്‍ ദമാം ചാപ്‌റ്റര്‍ പ്രസിഡന്റ രാജു ജോര്‍ജ്‌ കളിക്കാരെ പരിചയപ്പെട്ടു.
രണ്ടാമത്‌ മത്സരത്തില്‍ തെക്കേപ്പുറത്തിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ അല്‍ മുസ്‌തനീര്‍ മുന്നിട്ടുനില്‍ക്കുന്ന ഘട്ടത്തിലാണ്‌ പ്രശ്‌നമായത്‌. റഫറിയുടെ തീരുമാനത്തിനെതിരെ കാണികള്‍ ഗ്രൗണ്ടിലിറങ്ങിയതോടെ മത്സരം നിര്‍ത്തിവെച്ചുവെന്നും ഈ മത്സരം മറ്റൊരു ദിവസം ബാക്കി സാമയം പൂര്‍ത്തീകരിക്കുമെന്നും സംഘാടകര്‍ പത്രക്കുറിപ്പില്‍ അിറയിച്ചു. സി. അബ്‌ദുല്‍ ജബ്ബാര്‍ രണ്ടാം മത്സരത്തിലെ കളിക്കാരെ പരിചയപ്പെട്ടു. റഷീദ്‌,. ജബ്ബാര്‍, ഷബീര്‍, ഹനീഫ, അഷ്‌റഫ്‌ എന്നിവര്‍ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.