അബ്‌ദുല്‍ മജീദ്‌ ചെയര്‍മാന്‍
ഖഫ്‌ജി ഇന്ത്യന്‍ സ്‌കൂളിന്‌ പുതിയ മൂന്നംഗ സ്ഥിരം ഭരണ സമിതി


ദമാം: മലയാളിയായ അബ്‌ദുല്‍ മജീദ്‌ പാലത്തിങ്ങല്‍ ചെയര്‍മാനും ജമാല്‍ മുഹമ്മദ്‌ (തമിഴ്‌നാട്‌), ഗോദേശ്വര റാവു (ആന്ധ്ര) എന്നിവര്‍ അംഗങ്ങളുമായി ഖഫ്‌ജി ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രഥമ സ്ഥിരം ഭരണ സമിതി നിലവില്‍വന്നു. 13 വര്‍ഷമായി ഖഫ്‌ജയിലുളള മജീദ്‌ പാലക്കാട്‌ സ്വദേശിയാണ്‌. സൗദി അരാംകോ പ്രൊജക്‌ടില്‍ ഫൈനാന്‍സ്‌ ഡിപ്പാര്‍ട്‌മെന്റിലാണ്‌ ജോലി ചെയ്യുന്നത്‌. ജമാല്‍ മുഹമ്മദ്‌ ഖഫ്‌ജി ദാറുല്‍ ഹന്‍ദസയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്‌. റാവു (ഖാലിദ്‌ ഫാര്‍മസി) നിലവിലുള്ള താത്‌കാലിക സമിതിയംഗമായിരുന്നു. ജമാല്‍ മുഹമ്മദ്‌ അക്കാദമിക്‌ കാര്യങ്ങളും റാവു ധനകാര്യവും ചുമതല വഹിക്കും. മൂന്ന്‌ വര്‍ഷമാണ്‌ സമിതിയുടെ കാലാവധി.

ഏതാണ്ട്‌ നാല്‌ വര്‍ഷം മുമ്പ്‌ ഖഫ്‌ജിയില്‍ നിലവില്‍ വന്ന ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഇപ്പോള്‍ 231 കുട്ടികളാണുള്ളത്‌. സ്ഥിരം ഭരണസമിതി നിലവില്‍ വന്നതിനാല്‍ സ്‌കൂളിന്റെ പേരില്‍ ഉടനെ തന്നെ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിക്കുമെന്ന്‌ അബ്‌ദുല്‍ മജീദ്‌ മലയാളം ന്യൂസിനോട്‌ പറഞ്ഞു. പാഠ്യ - പാഠ്യേതര രംഗങ്ങളില്‍ സ്‌കൂളിന്റെ വികസനത്തിനും വളര്‍ച്ചക്കും അദ്ദേഹം എല്ലാവരുടെയും സഹകരണം തേടി.
ബുധനാഴ്‌ച ഖഫ്‌ജിയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ എംബസിയിലെ ഇന്ത്യന്‍ സ്‌കൂള്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.എന്‍.വാട്‌സാണ്‌ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്‌.
സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി ഹുസൈന്‍ അല്‍ മക്‌ബൂലും സ്‌കൂളിലെത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടാം വാരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍സ്‌ കോഓര്‍ഡിനേറ്ററായി സ്ഥാനമേറ്റ ഉടനെ ഖഫ്‌ജിയില്‍ സന്ദര്‍ശനം നത്തിയ വാട്‌സ്‌ സ്‌കൂള്‍ സമിതിയുമായും രക്ഷിതാക്കളുടെ പ്രതിനിധികളുമായും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സമിതിയിലേക്ക്‌ നാമനിര്‍ദേശത്തിന്‌ അര്‍ഹരായ വ്യക്തികളെക്കുറിച്ച്‌ അദ്ദേഹം വിവരം ശേഖരിച്ചിരുന്നു.
നാല്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച സ്‌കൂള്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും തര്‍ക്കവേദിയായി മാറിയിരുന്നു. അബ്‌ദുല്‍ സത്താറിന്റെ സാരഥ്യത്തിലുള്ള പ്രഥമസമിതിക്കെതിരെ ഒരു വിഭാഗം രക്ഷിതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. രണ്ട്‌ വര്‍ഷം മുമ്പ്‌ ആരോപകരുടെ നേതൃത്വത്തിലുണ്ടായിരുന്ന അഡ്വ. സുധീര്‍ നമ്പ്യാര്‍ ചെയര്‍മാനായി ഇംതിയാസ്‌, റാവു, ഖാസിം എന്നിവരെയും ആദ്യ സമിതിയിലെ രണ്ടംഗങ്ങളും ഉള്‍പ്പെടുന്ന സമിതിയെ എംബസി നാമനിര്‍ദേശം ചെയ്‌തു. ആദ്യ സമിതിയില്‍ നിന്നുള്ള അംഗങ്ങള്‍ വിട്ടുനിന്നതോടെ ഫലത്തില്‍ നാലംഗസമിതിയാണ്‌ നിലവിലിരുന്നത്‌. കാലാവധിക്കിടക്ക്‌ ഒരിക്കല്‍ പോലും രക്ഷിതാക്കള്‍ക്ക്‌ സ്‌കൂള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്നത്‌ വീണ്ടും പരാതിക്ക്‌ ഇടവരുത്തി. ഇതിനിടെ ചെയര്‍മാന്‍ സുധീര്‍ നമ്പ്യാര്‍ ജോലി ആവശ്യാര്‍ത്ഥം കുവൈത്തിലേക്ക്‌ മാറി. ഇംതിയാസ്‌ നാട്ടിലേക്ക്‌ മടങ്ങി.
സ്‌കൂളിന്റെ അക്കാദമിക നിലവാരത്തെക്കുറിച്ചും, അധ്യാപക നിലവാരത്തെക്കുറിച്ചും പരാതിയുണ്ട്‌. സ്‌കൂളിന്‌ സ്വന്തമായി ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിച്ചിട്ടില്ല. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും ആവശ്യമായ പഠന സാമഗ്രികളോ, വേണ്ടത്ര കമ്പ്യൂട്ടറുകളോ, ലൈബ്രറിയോ ഇല്ലെന്നും പരാതിയുയര്‍ന്നു. സി.ബി,എസ്‌.ഇ അഫിലിയേഷന്‌ വേണ്ടിയുള്ള നീക്കങ്ങളും നടന്നിട്ടില്ല. ഖഫ്‌ജി പ്രദേശവാസികളുടെ ഏക ആശ്രയമായ ഇന്ത്യന്‍ സ്‌കൂളിന്റെ നിലനില്‍പ്പ്‌ അപകടാവസ്ഥയിലാണെന്ന്‌ ചൂണ്ടിക്കാട്ടി മാര്‍ച്ചില്‍ സ്‌കൂള്‍ സംരക്ഷണ സമിതി രൂപംകൊണ്ടിരുന്നു.
പുതിയ സമിതി നിലവില്‍ വരുന്നതോടെ സ്‌കൂള്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട്‌ നീങ്ങുമെന്ന്‌ എംബസി പ്രതിനിധി ആര്‍.എന്‍. വാട്‌സ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു. ഖഫ്‌ജി മേഖലയിലെ ഇന്ത്യക്കാര്‍ക്ക്‌ മാത്രമല്ല എല്ലാവര്‍ക്കും ഉപകരിക്കുന്ന ഇന്റര്‍നാഷനല്‍ സ്‌കൂളായി സ്ഥാപനത്തെ വളര്‍ത്തുന്നതിന്‌ എല്ലാവരും സഹകരിക്കണമെന്ന്‌ വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി ഹുസൈന്‍ അല്‍ മക്‌ബൂല്‍ ആവശ്യപ്പെട്ടു.
സ്‌കൂളിന്റെ സ്ഥാപകരും പ്രഥമ സമിതിയംഗങ്ങളുമായ അബ്‌ദുല്‍ സത്താര്‍, അബ്‌ദുല്‍ സലാം, അന്‍സാരി, ലത്തീഫ്‌, മുഹമ്മദ്‌ കുട്ടി എന്നിവര്‍ സ്‌കൂളിലെത്തി വാട്‌സിനെയും ഹുസൈന്‍ മക്‌ബൂലിനെയും കണ്ട്‌ ചര്‍ച്ച നടത്തി. സ്‌കൂളില്‍ നിന്നും തങ്ങള്‍ക്ക്‌ ലഭിക്കാനുള്ള പണം നല്‍കണമെന്ന്‌ രേഖാമൂലം ആവശ്യപ്പെട്ടതായി അവര്‍ അറിയിച്ചു
സ്വന്തം പണം മുടക്കി നാല്‌ വര്‍ഷത്തെ അധ്വാനം കൊണ്ട്‌ തുടക്കമിട്ട സ്‌കൂളിന്റെ ഇന്നത്തെ അവസ്ഥയില്‍ അവര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. (ഖഫ്‌ജിയില്‍ നിന്നും ജലീല്‍ കോഴിക്കോടിന്റെ റിപ്പോര്‍ട്ടോടെ)