ആനുകൂല്യമായി 90,822 റിയാല്‍ കൈപ്പറ്റി;
കമ്പനിക്കെതിരെ നിയമയുദ്ധത്തില്‍ വിജയം നേടി മലയാളിയുള്‍പ്പെടെ ഏഴ്‌ തൊഴിലാളികള്‍ നാട്ടിലേക്ക്‌

ദമാം: ആനൂകൂല്യങ്ങള്‍ നല്‍കാനും നാട്ടിലേക്ക്‌ തിരിച്ചയക്കാനും തയാറാവാതെ പീഡിപ്പിച്ച കമ്പനിക്കെതിരെ നിയമയുദ്ധത്തില്‍ വിജയം നേടിയ ഒരു മലയാളിയുള്‍പ്പെടെ ഏഴ്‌ തൊഴിലാളികള്‍ രണ്ട്‌ ദിവസത്തിനകം നാട്ടിലേക്ക്‌ പുറപ്പെടുന്നു. തിരുവനന്തപുരം നെടുമങ്ങാട്‌ സ്വദേശി ശ്രീധരന്‍ രമേശന്‍ (കേരള), മുഹര്‍റം അലി ഇഖ്‌ബാല്‍,, റുക്‌സാര്‍ സിദ്ദീഖി, ഷകീല്‍ അഹമ്മദ്‌ (യു.പി), ദിലീപ്‌ മഹ്‌തോ (ബീഹാര്‍), തല്‍വീന്ദര്‍ ലാല്‍ (പഞ്ചാബ്‌), പ്രേം ബഹാദുര്‍ (നേപ്പാള്‍) എന്നിവരാണ്‌ മൊത്തം ആനുകൂല്യമനായി 90,822.50 റിയാല്‍ കമ്പനിയില്‍ നിന്നും ഏറ്റുവാങ്ങി നാട്ടിലേക്ക്‌ മടങ്ങുന്നത്‌. ഇന്ത്യന്‍ എംബസിയുടെ അധികാര പത്രം വാങ്ങി ഇനോക്‌ നേതാക്കളായ ജവാദ്‌ മൗലവി, രമേശ്‌ പാലക്കാട്‌ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സജീവമായ ഇടപെടലാണ്‌ തങ്ങള്‍ക്ക്‌ സഹായകമായതെന്ന്‌ അവര്‍ ദമാമില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
ഖുദരിയയിലെ അല്‍ ബുദൂര്‍ ഫാക്‌ടറി ഫോര്‍ ഗാര്‍മെന്റ്‌ ആന്റ്‌ യൂനിേേഫാം എന്ന സ്ഥാപനത്തിലാണ്‌ ഏഴ്‌ പേരും ജോലി ചെയ്‌തിരുന്നത്‌. ഇവിടെ മൊത്തം തൊഴിലാളികളായ 44 പേരില്‍ 22 പേര്‍ ഇന്ത്യക്കാരാണ്‌. മറ്റുള്ളവരില്‍ 18 ബംഗ്ലാദേശികളും 4 നേപ്പാളികളുമാണ്‌.
ഈ കമ്പനിയില്‍ ജോലിക്കെത്തി ഒമ്പത്‌ മാസം മാത്രം പിന്നിട്ട നദീം എന്ന ബീഹാറുകാരന്‍ ഈ വര്‍ഷം മാര്‍ച്ച്‌ 20ന്‌ ആത്മഹത്യം ചെയ്‌തു. നെഞ്ച്‌ വേദന മൂലം മെയ്‌ പതിനൊന്നിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബീഹാറി അഹമ്മദ്‌ ലന്തന്‍ ലന്തന്‍ മെയ്‌ 14ന്‌ നിര്യാതനായി. പതിനാല്‌ വര്‍ഷമായി ഇവിടെ തൊഴിലാളിയായിരുന്നു ലന്തന്‍. ഈ തൊഴിലാളികള്‍ക്ക്‌ ആനൂകൂല്യങ്ങള്‍ ലഭിച്ചില്ലെന്നും മറ്റുമായുള്ള പ്രചരണം തൊഴിലാളികളെ ഭീതരാക്കി.
തുടര്‍ന്ന്‌ ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന്‌ അറിയിച്ച്‌ ഏഴ്‌ തൊഴിലാളികള്‍ എക്‌സിറ്റ്‌ ആവശ്യപ്പെട്ടുവെങ്കിലും ഉടമ വിസമ്മതിച്ചു. ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും സ്വന്തമായി ടിക്കറ്റ്‌# നല്‍കിയാല്‍ പകരം ആളുകള്‍ എത്തിയ ശേഷം തിരിച്ചയക്കാമെന്നുമായിരുന്നു മറുപടി.
രമേശന്‍ ശ്രീധരന്‍ രമേശ്‌ പാലക്കാടിനും ഇനോക്‌ ദല്ല പാം ഘടകത്തിലും വിവരം നല്‍കി സഹായം തേടി. തുടര്‍ന്നാണ്‌ ഇനോക്‌ വക്താവ്‌ ജവാദ്‌ മൗലവിയും ട്രഷറര്‍ രമേശ്‌ പാലക്കാടുമാണ്‌ ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടത്‌.
തൊഴിലുടമയുമായി നടത്തിയ സംഭാഷണം ഫലം കണ്ടില്ലെന്നും തുടര്‍ന്നാണ്‌ മെയ്‌ 31ന്‌ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയതെന്നും ജവാദ്‌ മൗലവി പറഞ്ഞു. പരാതി നല്‍കിയവര്‍ക്ക്‌ ഫാക്‌ടറിയില്‍ തുടര്‍ന്ന്‌ ജോലി നിഷേധിച്ചു.
ലേബര്‍ കോടതിയില്‍ കേസ്‌ നടക്കുന്നതിനിടെ ചില കുതന്ത്രങ്ങള്‍ തൊഴിലുടമ പയറ്റിയെങ്കിലും വിഫലമായി. ഏഴ്‌ പേരും പുറത്ത്‌ ജോലി ചെയ്യുകയായിരുന്നുവെന്ന്‌ പാരതിപ്പെട്ട്‌ ബന്ധപ്പെട്ട വിഭാഗത്തില്‍ കേസെടുപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഏതാനും മാസങ്ങളായി തൊഴിലാളികളുടെ മുറിയിലെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇനോക്‌ സെക്രട്ടറി ചന്ദ്രശേഖരന്‍ നായരാണ്‌ തൊഴിലാളികള്‍ക്ക്‌ ഭക്ഷണ സൗകര്യം ഒരുക്കിയത്‌.
നിയമപരമായി തൊഴിലാളികള്‍ക്ക്‌ അവകാശപ്പെട്ട ആനൂകൂല്യങ്ങള്‍ നല്‍കാന്‍ നവമ്പര്‍ രണ്ടിന്‌ ലേബര്‍ കോടതി വിധിച്ചു. അവധി കഴിഞ്ഞ്‌ രണ്ട്‌ വര്‍ഷം ജോലി ചെയ്‌തവര്‍ക്ക്‌ കമ്പനി ടിക്കറ്റ്‌ നല്‍കാനും, കാലാവധി തികയാത്തവര്‍ സ്വന്തമായി ടിക്കറ്റെടുക്കുന്നതിനുമാണ്‌ വിധി. ഒരാഴ്‌ചക്കുള്ളില്‍ ആനുകൂല്യം നല്‍കണമെന്ന വിധിയനുസരിച്ച്‌ ഏഴ്‌ പേരും നിയമാനുസൃത ആനൂകൂല്യം ബുധനാഴ്‌ച കൈപ്പറ്റി. ദുരിതവേളയില്‍ സഹായമേകിയ ജവാദ്‌ മൗലവിക്കും രമേശിനും നിറഞ്ഞ ഹൃദയത്തോടെ നന്ദി പറഞ്ഞാണ്‌ തൊഴിലാളികള്‍ യാത്രയാവുന്നത്‌.