ദമാമില്‍ കാറ്റെക്‌സ്‌പോക്ക്‌ നല്ല പ്രതികരണം
സൗദിയിലേക്ക്‌ കൂടുതല്‍ ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ എത്തുന്നു


ദമാം: സൗദി അറേബ്യയുമായുള്ള സാമ്പത്തിക ബന്ധം ഊര്‍ജിതപ്പെടുത്തുന്നതിന്‌ വരുംമാസങ്ങളില്‍ ഇന്ത്യന്‍ എംബസി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി ചീഫ്‌ ഓഫ്‌ ദ മിഷന്‍ രാജീവ്‌ ഷഹാറെ വ്യക്തമാക്കി. അടുത്ത ഫെബ്രുവരിയില്‍ ഇന്ത്യാ ടൂറിസം മേള ജിദ്ദയിലും റിയാദിലും ദമാമിലും നടത്തുന്നതായി അദ്ദേഹം അറിയിച്ചു. പ്രധാന ടൂറിസം കേന്ദ്രങ്ങളും അനുബന്ധ വ്യവസായങ്ങളായ മെഡിക്കല്‍ ടൂറിസം, കരകൗശലോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ അവതരിപ്പിക്കും.
ഫെബ്രുവരിയില്‍ വിപുലമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളും സമുദ്രോല്‍പ്പന്നങ്ങളും, മാംസ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ബയര്‍ - സെല്ലര്‍ സംഗമം നടത്തുമെന്ന്‌ രാജീവ്‌ ഷഹാറെ അറിയിച്ചു. കാര്‍ഷികോല്‍പ്പന്നങ്‌ങളുടെ കയറ്റുമതി വികസന അതോറിട്ടി, സമുദ്രോല്‍പ്പന്ന കയറ്റുമതി പ്രമോഷന്‍ അഥോറിട്ടി എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. ഇതിന്‌ മുമ്പ്‌ അടുത്ത മാസം പതിനഞ്ചിന്‌ റിയാദ്‌ ചെംബര്‍ ഓഫ്‌ കൊമേഴ്‌സില്‍ ഇന്ത്യന്‍ തുകല്‍ ഉല്‍പ്പന്നങ്ങളുടെയും ബയര്‍ - സെല്ലര്‍ മീറ്റ്‌ നടക്കും.
ഇന്ത്യന്‍ എംബസി വാണിജ്യ വിഭാഗം ഒരുക്കിയ ഇന്ത്യന്‍ കാറ്റെക്‌സ്‌ 2009 കാറ്റലോഗ്‌ മേള ദമാമില്‍ അശര്‍ഖിയ ചേമ്പര്‍ ആസ്ഥാനത്ത്‌ സെക്രട്ടറി ജനറല്‍ അദ്‌നാന്‍ എ. അല്‍ നഈം ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ എംബസി ചീഫ്‌ ഓഫ്‌ ദ മിഷന്‍ രാജീവ്‌ ഷഹാറെ, സെകന്റ്‌ സെക്രട്ടറി (പൊളിറ്റിക്കല്‍) അമിത്‌ കുമാര്‍ മിശ്ര എന്നിവര്‍ സന്നിഹിതരായിരുന്നു. അശര്‍ഖിയ ചേമ്പര്‍ ആസ്ഥാനത്ത്‌ സെക്രട്ടറി ജനറല്‍ അദ്‌നാന്‍ എ. അല്‍ നഈമിന്‌ ഇന്ത്യന്‍ എംബസിയുടെ മെമന്റോ രാജീവ്‌ ഷഹാറെ സമ്മാനിച്ചു. എംബസിക്ക്‌ ചേംബറിന്റെ ഉപഹാരവും കൈമാറി.
രാവിലെ പത്ത്‌ മണിക്ക്‌ ആരംഭിച്ച പ്രദര്‍ശനം ഉച്ചക്ക്‌ രണ്ട്‌ മണിയോടെ സമാപിച്ചു. സൗദി ബിസിനസ്‌ സമൂഹത്തിലെ പ്രമുഖ വ്യക്തികളും വിവിധ കമ്പനികളുടെ ഉന്നത പദവിയിലുള്ള ഇന്ത്യക്കാരും എത്തിയിരുന്നു. നിര്‍മ്മാണം, എഞ്ചിനിയറിംഗ്‌, ഇലക്‌ട്രിക്കല്‍ ആന്റ്‌ ഇലക്‌ട്രോണിക്‌ ഉല്‍പ്പന്നങ്ങള്‍, ഐ.ടി. ടെലികോം, പെട്രോകെമിക്കല്‍സ്‌, റിഫൈനറി ഉപകരണങ്ങള്‍, ഓട്ടോമോട്ടീവ്‌ സ്‌പെയര്‍സ്‌, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, യന്ത്രോപകരണങ്ങള്‍, ബില്‍ഡിംഗ്‌ മെറ്റീരിയല്‍സ്‌, വീട്ടുപകരണങ്ങള്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, പമ്പുകള്‍, ഫയര്‍ ആന്റ്‌ സേഫ്‌റ്റി ഉല്‍പ്പന്നങ്ങള്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ കാറ്റലോഗുകളും സി.ഡികളുമാണ്‌ പ്രദര്‍ശനത്തിലുണ്ടായിരുന്നത്‌.