തിരഞ്ഞെടുപ്പ്‌ പ്രതികരണങ്ങള്‍

ദമാം: മതേതരത്വം, ജനാധിപത്യം, ദുര്‍ബല - പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതി തുടങ്ങിയവയ്‌ക്ക്‌ കോണ്‍ഗ്രസ്‌ നല്‍കിപ്പോരുന്ന മുന്‍ഗണനക്ക്‌ മുന്നില്‍ കേരളീയ സമൂഹം നല്‍കിയ സമ്മാനമാണ്‌ കണ്ണൂര്‍,.എറണാകുളം, ആലപ്പുഴ തിരഞ്ഞെടുപ്പ്‌ വിജയങ്ങളെന്ന്‌ ഇനോക്‌ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കും, വിജയിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ക്കും, കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങള്‍ക്കും ഇനോക്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌, വക്താവ്‌ ജവാദ്‌ മൗലവി, പി.എം. നജീബ്‌, എം.കെ. ശംസുദ്ദീന്‍ എന്നിവരുള്‍പ്പെടുന്ന കേന്ദ്ര നേതൃത്വം അഭിവാദ്യം നേര്‍ന്നു. അക്രമത്തിനും അരാജകത്വത്തിനും എതിരായ വിധിയെഴുത്താണ്‌ ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ്‌ വിജയമെന്ന്‌ ഇനോക്‌ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ അഹമ്മദ്‌ പുളിക്കല്‍ (വല്യാപ്പു) അഭിപ്രായപ്പെട്ടു. ഇത്‌ ജനാധിപത്യത്തിന്റെ വിജയമാണെ്‌.

ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകാരുടെ തത്വസംഹിത പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചതായി ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നതായി ദമാം ആള്‍ ഇന്ത്യാ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (എ.ഐ.ഓ.സി) പ്രസിഡന്റ്‌ ഡോ. അസ്‌ഗര്‍ അഹമ്മ്‌ (ബംഗളുരു), ജനറല്‍ സെക്രട്ടറി ഏബ്രഹാം മാത്യു എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.ബംഗാളിലെ ദയനീയ തോല്‍വി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ നാശത്തിന്റെ തുടക്കമാണ്‌. കണ്ണരില്‍ കേന്ദ്ര സേന ക്രമസമാധാന പാലനത്തിന്‌ എത്തിയത്‌ വോട്ടിംഗ്‌ ശതമാനം വര്‍ധിക്കുന്നതിനും, സമാധാനത്തോടെ വോട്ടിംഗ്‌ നടക്കാനും സഹായകമായതായി അവര്‍ വിലയിരുത്തി.

ജനാധിപത്യത്തിന്റെ വിജയമാണിതെന്ന്‌ ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കെ.എം.സി.സി. പ്രസിഡന്റ്‌ സി. ഹാഷിം പ്രതികരിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ പാഠം സി.പി.ഐ എം ഉള്‍ക്കൊണ്ടില്ല. വികസനത്തിനും നാടിന്റെ നന്മക്കും ഇടപെടല്‍ നടത്തുന്നില്ല. മുസ്‌ലിം സംഘടിത ശക്തിയുടെ കൂടി വിജയമാണ്‌ കണ്ണൂരിലുണ്ടായതെന്ന്‌ അദ്ദേഹം പറഞ്ഞു. മുസ്‌ലിം ശക്തിയില്‍ വിള്ളലുണ്ടാക്കുന്നതിനുള്ള ഇടത്‌പക്ഷത്തിന്റെ ശ്രമം പരാജയപ്പെടുത്തിയ വോട്ടര്‍മാര്‍ മതേതരത്വത്തിനും ജനാധിപത്യത്തിനുമാണ്‌ വോട്ട്‌ നല്‍കിയത്‌. ആലപ്പുഴയില്‍ ഇടത്‌പക്ഷവും എന്‍.എസ്‌.എസും ചേര്‍ന്ന്‌ ഉയര്‍ത്തിയ വര്‍ഗീയമായ വെല്ലുവിളിയാണ്‌ തകര്‍ന്നത്‌. ജയപ്രതീക്ഷയുടെ അടിസ്ഥാനത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തെ അംഗീകരിച്ചുള്ള വിവേകപൂര്‍വമായ കോണ്‍ഗ്രസിന്റെ നടപടി മാറ്റത്തിന്റെ തെളിവാണെന്നും ഇത്‌ ജനം അംഗീകരിച്ചുവെന്നും ഹാഷിം എടുത്തുപറഞ്ഞു.


പി.ഡി.പിക്കെതിരെ സി.പി.ഐ സ്വീകരിച്ച നിലപാട്‌ ഗുണം ചെയ്‌തുവെന്ന്‌ തിരഞ്ഞെടുപ്പ്‌തെളിയിക്കുന്നതായി ദമാമില്‍ നവയുഗം നേതാവ്‌ അജിത്‌ ഇബ്രാഹിം പ്രതികരിച്ചു. ഇതേ നിലപാട്‌ സ്വീകരിച്ചിരുന്നുവെങ്കില്‍ലോകസഭാ തിരഞ്ഞെടുപ്പിലും കൂടുതല്‍ നേട്ടം കൈവരിക്കാനാവുമായിരുന്നു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇടത്‌പക്ഷത്തിന്‌ പിന്തുണ വര്‍ധിക്കുന്നതായും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമെന്നും ഉപതിരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.