ദമാമില്‍ വ്യാപകമായി റെയ്‌ഡ്‌; നിരവധി പേര്‍ പിടിയില്‍

ദമാം: വിവിധ കുറ്റകൃത്യങ്ങളില്‍ പോലീസ്‌ തേടുന്നവരുള്‍പ്പെടെ 136 നിയമലംഘകരെ ദമാമില്‍ നടത്തിയ റെയ്‌ഡില്‍ പോലീസ്‌ പിടികൂടി. മതിയായ രേഖകളില്ലാതെ കഴിയുന്നവരും സ്‌പോണ്‍സറില്‍ നിന്നും വിട്ട്‌ ജോലി ചെയ്യുന്നവരും ഇവരിലുള്‍പ്പെടും. മന്ത്രവാദം നടത്താനുള്ള സാമഗ്രികളുമായി ഒരു പാകിസ്ഥാന്‍ വംശജനും പരിശോധനക്കിടെ പിടിയിലായി. തകിടുകളും ഏലസുകളുമുള്‍പ്പെടെ പിടിയിലായ പ്രതിയെ മതകാര്യ പോലീസ്‌ വിഭാഗം ചോദ്യം ചെ.യ്‌തു. മന്ത്രവാദവുമായി ബന്ധപ്പെട്ട്‌ വിദേശികള്‍ക്കിടയില്‍ മലയാളികളുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. പോലീസ്‌ ചെക്ക്‌പോസ്റ്റുകളില്‍ തകിടുകളും ഏലസുകളും കൈവശം വെച്ച മലയാളി ഹസയില്‍ മുമ്പ്‌ പിടിയിലായിരുന്നു. മന്ത്രവാദ പ്രവര്‍ത്തനങ്ങല്‍ക്ക്‌ സൗദിയില്‍ കനത്ത ശിക്ഷയാണുള്ളത്‌.
ദമാമിലെ വടക്കന്‍ മേഖലയില്‍ നടത്തിയ റെയ്‌ഡില്‍ ക്രിമിനല്‍ കേസുകളില്‍ 38 പേരും ട്രാഫിക്‌ നിയമലംഘനങ്ങളില്‍ 60 പേരും നിയമാനുസൃത ഇഖാമയില്ലാത്ത 11 പേരുംപിടിയിലായി. ദമാം പോലീസ്‌ ഡയരക്‌ടര്‍ ജനറല്‍ അബ്‌ദുല്ല അതിയ്യ അല്‍ മന്‍ജുബി, ക്യാപ്‌റ്റന്‍ അബ്‌ദുല്ല സഈദ്‌, കുറ്റാന്വേഷണ വിബാഗം ഡയരക്‌ടര്‌ വശക്കന്‍ മേഖലാ ക്യാപ്‌റ്റന്‍ ഫൈസല്‍ ഫല്ലാഹ്‌ അല്‍ ഹര്‍ബി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ട്രാഫിക്‌ പോലീസുമായി സഹകരിച്ചാണ്‌ റെയ്‌ഡ്‌ നടന്നത്‌. ഞായറാഴ്‌ച വൈകുന്നേരം അമാംറ പ്രദേശത്തും റെയ്‌ഡ്‌ നടന്നു.