അപൂര്‍വ രോഗവുമായി അപര്‍ണ; ചികിത്സക്ക്‌ വഴിയില്ലാതെ കുടുംബം

തിരുവനന്തപുരം: അപൂര്‍വ രോഗവുമായി ജനിച്ച കൊച്ചുകുരുന്ന്‌ സുമനസുകളുടെ കനിവിനായി കേഴുന്നു. തിരുവല്ലം അയ്യാമംഗല മേലേ അജിനാഭവനില്‍ ജയന്റെയും പ്രവീണയുടെയും ഇളയമകള്‍ അപര്‍ണയാണ്‌ മൊസൈക്‌ ടര്‍ണേഴ്‌സ്‌ സിന്‍ഡ്രം എന്ന അപൂര്‍വ രോഗം ബാധിച്ച്‌ ദുരിതം അനുഭവിക്കുന്നത്‌. ഏതാണ്ട്‌ ഒരു വയസ്‌ മാത്രം പ്രായമുള്ള കുഞ്ഞിനെ വേദനയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ നിര്‍ധനരായ മാതാപിതാക്കള്‍ക്ക്‌ കഴിയുന്നുള്ളു.
അപര്‍ണയുടെ ശ്വാസനാളിക്ക്‌ ജന്മനാ തന്നെ വികാസമില്ല. ഹൃദയത്തിനും തകരാറുണ്ട്‌. അരയ്‌ക്ക്‌ താഴേയ്‌ക്ക്‌ ബലക്കുറവുള്ളത്‌ കൂടാതെ കാലിന്‌ വളവുമുണ്ട്‌. രണ്ട്‌ വയസാകുന്നതിന്‌ മുമ്പ്‌ കുട്ടിക്ക്‌ ശസ്‌ത്രക്രിയ നടത്തണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
വാടകയ്‌ക്ക്‌ ഓട്ടോ ഓടിക്കുന്ന ജയന്‍ ക്ഷയരോഗി കൂടിയാണ്‌. മിക്ക ദിവസങ്ങളിലും ജോലി മുടങ്ങുന്ന അവസ്ഥയാണ്‌. ഇതിനോടകം തന്നെ ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. ആകെയുണ്ടായിരുന്ന വസ്‌തു പണയപ്പെടുത്തിയും പലിശക്ക്‌ പണം കടമെടുത്തുമാണ്‌ കുടുംബം അപര്‍ണയുടെ ചികിത്സ ഇത്‌ വരെ നടത്തിയത്‌. തുടര്‍ചികിത്സക്കും ശസ്‌ത്രക്രിയക്കുമായി ഇനിയും രണ്ടര ലക്ഷത്തോളം രൂപ വേണ്ടിവരും. അപര്‍ണക്ക്‌ ചികിത്സാ സഹായമേകുന്നതിന്‌
പുഞ്ചക്കരി വാര്‍ഡ്‌ കൗണ്‍സിലര്‍ നെല്ലിയോട്‌ പി, രാധ, പൂങ്കുളം കൗണ്‍സിലര്‍ സി. സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ തിരുവല്ലം ശാഖയില്‍ 852710110001393 നമ്പര്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌.
സൗദിയില്‍ ദമാമിലുള്ള നവാസ്‌ തിരുവനന്തപുരവുമായി 0508478911 നമ്പറില്‍ ബന്ധപ്പെടാം.