ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‌ ശ്രമം തുടരും - അംബാസഡര്‍

ദമാം: കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ആരംഭിക്കണമെന്ന ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യം ന്യായമാണെന്നും, അതിനായി സമ്മര്‍ദം തുടരുമെന്നും ഇന്ത്യന്‍ അംബാസഡര്‍ എം.ഓ.എച്ച്‌. ഫാറൂഖ്‌ വ്യക്തമാക്കി. ഈ ആഗ്രഹം വൈകാതെ സഫലമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ദമാമിലെ തമിഴ്‌ കൂട്ടായ്‌മ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.
എംബസിയുടെ പ്രവാസിക്ഷേമ പ്രവര്‍ത്തന പരിപാടികളുടെ വിപുലീകരണത്തിന്‌ ഫണ്ട്‌ കണ്ടെത്തുന്നതിന്‌ കോണ്‍സുലര്‍ സേവനം തേടുന്നവരില്‍ നിന്നും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക്‌ എട്ട്‌ റിയാല്‍ ഈടാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി അംബാസഡര്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം അദ്ദേഹം തേടി.
ദമാമില്‍ പതിനഞ്ച്‌ ദിവസത്തില്‍ ഒരു തവണ എംബസി വെല്‍ഫെയര്‍ വിഭാഗം പ്രതിനിധികള്‍ സന്ദര്‍ശനം നടത്തുന്നത്‌ പത്ത്‌ ദിവസത്തില്‍ ഒന്ന്‌ എന്ന നിലയില്‍ മാസത്തില്‍ മൂന്ന്‌ തവണയാക്കി വര്‍ധിപ്പിക്കുന്നതിന്‌ ശ്രമിക്കുന്നുണ്ട്‌. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ തമിഴ്‌സംഘടനകള്‍ക്കൊപ്പം മലയാളിസംഘടനകളുംമറ്റ്‌ കൂട്ടായ്‌മകളും സഹകരിക്കണമെന്നും അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു.
ദമാം കലൈകൂടം രാമനാഥന്‍, മുത്തമിഴ്‌ മണ്‍റം ശിവകുമാര്‍,. താന്‍സ്‌വ പ്രസിഡന്റ്‌ അബ്‌ദുല്‍ സത്താര്‍, വാസു എന്നിവര്‍ ചേര്‍ന്ന്‌ പൊന്നാടയണിയിച്ചു. രാമനാഥന്‍, ശിവകുമാര്‍, ജി.എസ്‌. കുമാര്‍, ബാലുമുരളി, ഖിദര്‍, പി.എ.എം. ഹാരിസ്‌. എം.എം. നഈം, നാസ്‌ വക്കം, പി.ടി. അലവി, അബ്രഹാം മാത്യു, നാസ്‌ വക്കം എന്നിവര്‍ ആശംസ നേര്‍ന്നു. ദമാം ഇന്ത്യന്‍ സ്‌കൂളില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ധനലക്ഷ്‌മി രാമാനുജം, 20 വര്‍ഷം സേവനമനുഷ്‌ഠിച്ച തസ്‌നീം മുനീര്‍ എന്നിവര്‍ക്ക്‌ അംബാസഡര്‍ പൂച്ചെണ്ട്‌ നല്‍കി. അംബാസഡര്‍ക്കും ആര്‍,എന്‍. വാട്‌സിനും പൂച്ചെണ്ട്‌ നല്‍കി സ്വീകരിച്ചു. അബ്‌ദുല്‍ സത്താര്‍ സ്വാഗതം ആശംസിച്ചു. റഹീമ ജാസ്‌മിന്‍ ഖിറാഅത്ത്‌ നടത്തി.
ജീവകാരുണ്യ രംഗത്ത്‌ ദമാമിലെ സജീവ സാന്നിധ്യമായ നാസ്‌ വക്കം നിര്‍വഹിക്കുന്ന സേവനങ്ങള്‍ അംബാസഡര്‍ ഫാറുഖ്‌ പ്രത്യേകം പ്രകീര്‍ത്തിച്ചു. നിസ്വാര്‍ത്ഥമായ ഈ പ്രവര്‍ത്തനങ്ങള്‍ ദൈവസന്നിധിയിലെ അക്കൗണ്ടില്‍ ബാലന്‍സ്‌ വര്‍ധിപ്പിക്കുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു.