തൊഴിലുടമയുടെ പീഡനം - പരാതിയുമായി അബ്‌ഖൈഖില്‍ ഇന്ത്യന്‍ തൊഴിലാളികള്‍

ദമാം: മര്‍ദിക്കുകയും തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌ത തൊഴിലുടമയില്‍ നിന്നും സംരക്ഷണം തേടി ഇന്ത്യന്‍ തൊഴിലാളികള്‍ അബ്‌ഖൈഖ്‌ പോലീസ്‌ സ്റ്റേഷനില്‍ അഭയം തേടി. അല്‍കോബാര്‍ കേന്ദ്രമായുള്ള പ്രമുഖ ഗ്രൂപ്പിന്‌ കീഴല്‍ അബ്‌ഖൈഖില്‍ റിഗ്‌ മൂവിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന 19 ഇന്ത്യന്‍ തൊഴിലാളികളാണ്‌ വിഷമം നേരിടുന്നത്‌.
ആലുവയിലെ ഒരു റിക്രൂട്ടിംഗ്‌ ഏജന്‍സി മുഖേന ഒരു വര്‍ഷവും ഒരു മാസവും മുമ്പാണ്‌ സൗദിയിലെത്തിയത്‌. നല്ല ഡ്രൈവര്‍മാരെന്ന്‌ പറഞ്ഞാണ്‌ തങ്ങള്‍ 19 പേരെ പ്രത്യേകം മാറ്റിനിര്‍ത്തി തിരഞ്ഞെടുത്തതെന്ന്‌ തൊഴിലാളികള്‍ പറയുന്നു. സൗദിയിലെത്തി മെഡിക്കലിന്‌ പോകുന്ന വഴിയില്‍ വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചിരുന്നു. ഇത്‌ ഇവിടത്തെ നടപടിക്രമമാണ എന്നാണ്‌ അന്ന്‌ പറഞ്ഞത്‌. 1200 റിയാലാണ്‌ അടിസ്ഥാന ശമ്പളം പറഞ്ഞിരുന്നതെങ്കിലും അത്‌ കിട്ടിയില്ല. ഓരോ റിഗ്‌ മൂവിംഗിനും പുറമെ മുന്നൂറ്‌ റിയാല്‍ ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഡ്രൈവിംഗ്‌ ടെസ്റ്റ്‌ 19 പേരും പാസായിട്ടുണ്ട്‌. ലൈസന്‍സ്‌ കമ്പനിയിലുണ്ടെന്ന്‌ അറിവുണ്ടെങ്കിലും നാലോ അഞ്ചോ പേര്‍ക്ക്‌ മാത്രമാണ്‌ കൈയില്‍ കിട്ടിയത്‌. മറ്റുള്ളവര്‍
ഒരു വര്‍ഷമായി ലേബര്‍ പണിയാണ്‌ ചെയ്‌തുവരുന്നത്‌.
നാലായിരത്തോളം റിയാല്‍ കുടിശ്ശികയായി. ലൈസന്‍സ്‌ എടുത്തതിന്റെ ചിലവും മറ്റുമായി ശമ്പളം പിടിക്കുകയാണെന്നാണ്‌ പറഞ്ഞത്‌. എമ്പതിനായിരവം തൊണ്ണൂറായിരവും മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കി നേടിയ വിസയാണ്‌. ഈ സാഹചര്യത്തില്‍ ഒരു മാസം മുമ്പ്‌ അബ്‌ഖൈഖ്‌ ലേബര്‍ ഓഫീസിലും എംബസിയിലും പരാതി നല്‍കിയിരുന്നു. എംബസിയില്‍ നിന്നും അന്വേഷണം ഒന്നുമുണ്ടായതായി അറിയില്ലെന്ന്‌ തൊഴിലാളികള്‍ പറയുന്നു.
ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയപ്പോള്‍ സ്‌പോണ്‍സറെ വിളിച്ചുവരുത്തിയിരുന്നു. ലേബര്‍ പണി ചെയ്യേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഡ്രൈവര്‍ പണി നല്‍കാമെന്നും എന്നാല്‍ ശമ്പളമായി ആയിരം റിയാല്‍ മാത്രമെ നല്‍കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. പുതിയ കരാറുണ്ടാക്കി അവിടെ ഒപ്പുവെച്ചു.
പിന്നീട്‌ കമ്പനിയില്‍ തിരിച്ചെത്തിയ ശേഷം മുറിയില്‍ അടച്ചിട്ട നിലയിലായിരുന്നു. ജോലിയുമില്ലാതെ ശമ്പളവുമില്ലായിരുന്നു. മിക്ക ദിവസങ്ങളിലും കമ്പനിയുടെ ചില മുദീറുമാരെത്തി ഭീഷണിപ്പെടുത്തലും മര്‍ദനവും പതിവായി
ഈ മാസം പുതിയ കരാര്‍ അനുസരിച്ചുള്ള ശമ്പളം ലഭിച്ചില്ല. പതിനായിരം റിയാല്‍ തന്നാല്‍ നാട്ടിലേക്ക്‌ തിരിച്ചയക്കാമെന്നായിരുന്നു സ്‌പോണ്‍സറുടെ നിലാപട്‌.
കഴിഞ്ഞ ദിവസം പരാതിയുമായി വീണ്ടും തൊഴിലാളികള്‍ എത്തിയതോടെ ലേബര്‍ ഓഫീസ്‌ മേധാവി സ്‌പോണ്‍സറുമായി സംസാരിച്ചു. തിരിച്ചുവന്നാല്‍
വേണ്ടത്‌ നല്‍കമെന്ന്‌ കമ്പനിയുടമ ഉറപ്പ്‌ നല്‍കിയതായി അറിയിച്ച്‌ ലേബര്‍ ഓഫീസില്‍ നിന്നും തിരിച്ചയച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തിങ്കളാഴ്‌ച വീണ്ടും വരാനാണ്‌ നിര്‍ദേശിച്ചത്‌. തിരിച്ചെത്തിയവരില്‍ നിന്നും 5 പേരൈ ഒരു മുറിയില്‍ കയറ്റി കൊളുത്തിട്ട്‌ മര്‍ദിച്ചുവെന്നും നിലവിളി കേട്ട്‌ തങ്ങള്‍ ഓടിയെത്തിയ ബഹളം വെച്ചപ്പോഴാണ്‌ പുറത്ത്‌ വിട്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ക്ക്‌ നേരെ തോക്ക്‌ ചൂണ്ടിയെന്നും ജീവരക്ഷാര്‍ത്ഥം മരുഭൂമിയിലൂടെ ഓടി ഹൈവേയിലെത്‌#ിത രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഹൈവേയിലൂടെ വന്ന ഒരു വാഹനത്തിലെ യമനി ഡ്രൈവറുടെ സഹായത്തോടെയാണ്‌ അബ്‌ഖൈഖ്‌ പോലീസ്‌ സ്റ്റേഷനിലെത്തിയത്‌. ഇന്ന്‌ രാവിലെ ലേബര്‍ ഓഫീസിലെത്താനാണ്‌ പോലീസ്‌ നിര്‍ദേശം. താമസസ്ഥലത്ത്‌ നിന്നും അത്യാവശ്യം വസ്‌ത്രം മാത്രമെടുത്ത്‌ രക്ഷ.പ്പെട്ട അവര്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും തുണയാകുമെന്ന പ്രതീക്ഷയിലാണ്‌.