ജുഐമയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു

ദമാം: റഹീമക്ക്‌ സമീപം ജുഐമയില്‍ കാറും ക്രെയിനുമായി കൂട്ടിയിടിച്ച അപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു. പാലക്കാട്‌ യാക്കര മരുകാവ്‌ കാജ നിവാസില്‍ മൊയ്‌തീന്റെ മകന്‍ ദര്‍വീശ്‌ (37) ആണ്‌ മരിച്ചത്‌. ഖതീഫ്‌ കേന്ദ്രമായുള്ള ഇന്‍ഡ്‌സ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കമ്പനിയില്‍ കോഓര്‍ഡിനേറ്ററായിരുന്നു.
സിറാജുന്നീസയാണ്‌ മാതാവ്‌. ഭാര്യ: മുംതാസ്‌. അംറസ്‌ ഹാറൂന്‍ (6), റുവൈസ്‌ (4) എന്നിവര്‍ മക്കളാണ്‌. വളരെ പാവപ്പെട്ട കുടുംബാംഗമായ ദര്‍വീശ്‌ എട്ട്‌ മാസം മുമ്പാണ്‌ ഒരു വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിന്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. റഹീമയിലെ മലയാളി കൂട്ടായ്‌മ ഓര്‍മ അംഗമാണ്‌.
റഹീമ ഭാഗത്ത്‌ നിന്നും ജുബൈലിലേക്ക്‌ പോകുന്ന വഴിയില്‍ ജുഐമയില്‍ ഹൈവേയിലേക്കുള്ള എക്‌സിറ്റിന്‌ മുമ്പ്‌ ഉച്ചക്ക്‌ ഏതാണ്ട്‌ രണ്ട്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌. ദര്‍വീശാണ്‌ ടൊയോട്ട കൊറോള കാര്‍ ഓടിച്ചിരുന്നത്‌.
ഒരു വാഹനത്തെ മറി കടക്കാന്‍ ശ്രമിച്ച കാര്‍ എതിര്‍ ദിശയില്‍ വന്ന ക്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ്‌ ലഭിച്ച വിവരമെന്ന്‌ കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കാറില്‍ കൂടെയുണ്ടായിരുന്ന മാവേലിക്കര സ്വദേശി സജീഷിന്‌ (28)കാലിന്‌ പരിക്കുണ്ട്‌. സജീഷിനെ റഹീമയില്‍ അരാംകോ മെഡിക്കല്‍ സെന്ററില്‌ പ്രവേശിപ്പിച്ചു. കൂട്ടിയിടിയില്‍ മിക്കവററും തകര്‍ന്ന കാറിന്റെ എഞ്ചിന്‍ എതാണ്ട്‌ ഒരു കിലോമീറ്റര്‍ അകലെയാണ്‌ കിടക്കുന്നതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ദര്‍വീശിന്റെ മൃതദേഹം ഖതീഫ്‌ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്‌. ദമാമില്‍ ഖബറടക്കുന്നതിന്‌ കുടുംബം അനുമതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.