പ്രവാസത്തിന്റെ പതിനേഴാമാണ്ട്‌ ;
പന്ത്രണ്ട്‌ വര്‍ഷത്തിന്‌ ശേഷം ഉമര്‍ കുഞ്ഞി സ്വദേശത്ത്‌ തിരിച്ചെത്തി

ദമാം: ഒരു വ്യാഴവട്ടത്തിന്‌ ശേഷം ഉമര്‍കുഞ്ഞി സ്വദേശത്ത്‌ തിരിച്ചെത്തി. പതിനേഴ്‌ വര്‍ഷത്തിലേറെയായി സൗദിയിലുള്ള ആറാട്ടുപുഴ കള്ളിക്കാട്‌ കാട്ടില്‍ തെക്കേതില്‍ ഉമര്‍കുഞ്ഞി (52) പന്ത്രണ്ട്‌ വര്‍ഷമായി അല്‍കോബാര്‍ തുഖ്‌ബയില്‍ കഴിയുകയാണെന്ന്‌ മലയാളം ന്യൂസ്‌ വാര്‍ത്ത നല്‍കിയിരുന്നു. ഇഖാമയും കാര്യമായ ജോലിയുമില്ലാതെ കഴിഞ്ഞ ഉമര്‍ കുഞ്ഞിക്ക്‌ ദമാമില്‍ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മയാണ്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ വഴിയൊരുക്കിയത്‌.
വെള്ളിയാഴ്‌ച രാത്രി പതിനൊന്ന്‌ മണിക്ക്‌ ദമാമില്‍ നിന്നും എമിറേറ്റ്‌സ്‌ വിമാനത്തില്‍ ഉമര്‍കുഞ്ഞിയെ യാത്രയയക്കാന്‍ കണ്‍വീനര്‍ സാജിദ്‌ ആറാട്ടുപുഴയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.പന്തീരാണ്ടുകള്‍ക്ക്‌ ശേഷമെത്തുന്ന പിതാവിനെ സ്വീകരിക്കാന്‍ ഒരിക്കല്‍ പോലും നേരിട്ട്‌ കണ്ടിട്ടില്ലാത്ത കൊച്ചുമകള്‍ സുമിയും വീട്ടുകാര്‍ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നു.
അല്‍കോബാറില്‍ ഹോട്ടലില്‍ കുക്ക്‌ ആയി 1992ലാണ്‌ ഉമര്‍കുഞ്ഞി വന്നത്‌. മൂന്നര വര്‍ഷത്തോളം ജോലി ചെയ്‌തുവെങ്കിലും ശമ്പളം മാസങ്ങളോളം കുടിശ്ശികയായി. പിന്നീട്‌ ഹോട്ടല്‍ പൂട്ടിയതോടെ നാട്ടില്‍ പോയി വന്നു. മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തി റിലീസിന്‌ വേണ്ടി രേഖകള്‍ നല്‍കിയെങ്കിലും ഇഖാമ കിട്ടിയില്ല. അതിനാല്‍ എവിടെയും സ്ഥിരം ജോലിക്ക്‌ ചേരാനായില്ല.
മൂന്ന്‌ മക്കളും ഭാര്യ സീനത്തും അടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ്‌ ഉമര്‍ കുഞ്ഞി. മൂത്ത മകന്‍ സുല്‍ഫി പഠനം നിര്‍ത്തി ജോലിക്ക്‌ പോയാണ്‌ കുടുംബം പോറ്റുന്നത്‌. 17 കാരിയായ മകള്‍ സുമയ്യയും പഠനം നിര്‍ത്തി. ഈയിടെ വിവാഹം ചെയ്‌തയച്ചതിന്റെ ബാധ്യതകള്‍ ബാക്കിയാണ്‌. മകള്‍ സുമി (12) പഠനം തുടരുന്നു. നാട്ടിലേക്ക്‌ വിളിക്കുമ്പോഴേല്ലാം ഭാര്യയും മക്കളും നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ചെന്നാല്‍ കയറിക്കിടക്കാന്‍ ഒരിടം പോലുമില്ലാതെ നാട്ടില്‍ എങ്ങിനെ ചെല്ലാനാകുമെന്ന മനോവിഷമവുമായാണ്‌ ഉമര്‍ കുഞ്ഞി തുഖ്‌ബയില്‍ തന്നെ തുടര്‍ന്നത്‌. ഈ സാഹചര്യത്തിലാണ്‌ നാട്ടുകാരും ദമാമിലെ സാമൂഹികപ്രവര്‍ത്തകരും ഉമര്‍കുഞ്ഞിയെ നാട്ടിലെത്തിക്കാനും കുടുംബത്തിന്‌ സാന്ത്വനം പകരാനും തീരുമാനിച്ചത്‌. സാജിദ്‌ ആറാട്ടുപുഴ കണ്‍വീനറായി സമിതി രൂപം കൊണ്ടു. എംബസിയില്‍ നിന്നും യാത്രാരേഖ ലഭിക്കുന്നതിന്‌ നാസ്‌ വക്കവും ജവാസാത്തില്‍ നിന്നും എക്‌സിറ്റ്‌ ലഭിക്കുന്നതിന്‌ ഷാജി മതിലകവും സഹായം നല്‍കിയതായി സാജിദ്‌ പറഞ്ഞു. ഈ സംരംഭത്തില്‍ സഹകരിച്ച്‌ എല്ലാവര്‍ക്കും സഹായസമിതി നന്ദിരേഖപ്പെടുത്തി.