`പ്രവാസികള്‍ക്ക്‌ ഭവന സമുച്ചയ പദ്ധതി ആവിഷ്‌കരിക്കണം '

ദമാം: പ്രവാസികള്‍ക്ക്‌ ഒരു ഭവന സമുച്ചയം പദ്ധതി ആവിഷ്‌കരിക്കുന്നതിന്‌ കേരള സര്‍ക്കാര്‍ മുന്നോട്ട്‌ വരണമെന്ന്‌ പ്രൊഫ. നിസാര്‍ കാത്തുങ്ങല്‍ അഭിപ്രായപ്പെട്ടു. അല്‍കോബാറില്‍ നടന്ന സെമിനാറില്‍ പ്രവാസികള്‍ക്ക്‌ ഒരു ഭവനം - സാധ്യതകളും വെല്ലുവിളികളും വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവയുഗം സാംസ്‌കാരിക വേദിയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌.
പ്രവാസികള്‍ക്ക്‌ ഭവന സമുച്ചയത്തിന്‌ ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കേന്ദ്രീകൃത മാനേജ്‌മെന്റിന്‌ സംസ്ഥാന ഭവന നിര്‍മ്മാണ്‌ ബോര്‍ഡ്‌ നേതൃത്വം നല്‍കണമെന്നും പ്രൊഫ. നിസാര്‍ ആവശ്യപ്പെട്ടു. വിഭവസമാഹരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ നയരൂപീകരണം നടത്തണം പലിശ നിരക്കില്‍ ഇളവു ലഭിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം. ഇടത്‌പക്ഷ സര്‍ക്കാരിന്റെ ഇ.എം. എസ്‌. ഭവന നിര്‍മ്മാണ പദ്ധതിയില്‍ 1500 സൗദി റിയാലിന്‌ താഴെ ശമ്പളമുള്ള എല്ലാ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക്‌ പുനരധിവാസം നല്‍കുന്നതിന്‌ സംസ്ഥാന ബോര്‍ഡിന്റെ വരുംകാല പദ്ധതികളില്‍ നിര്‍മ്മാണ സേവന മേഖലകളില്‍ തൊഴില്‍ നല്‍കണം. ഇതിന്‌ പ്രവാസി സംഘടനകള്‍ സംഘടിതമായി ശബ്‌ദമുയര്‍ത്തണം.
ഫൈസല്‍ റഹ്‌മാന്‍ അധ്യക്ഷനായിരുന്നു. ചര്‍ച്ചയില്‍ റഹീം (നവോദയ), ഗഫൂര്‍ വെണ്ണിയോ#്‌ (സംഘചേതന) കെ.എം. റഷീദ്‌ (തനിമ), അബ്‌ദുല്‍റഹ്‌മാന്‍ കാവുങ്ങല്‍ (ഇനോക്‌) ജോസ്‌ ആലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. കെ.ആര്‍ അജിത്‌, സി.ആര്‍. റെജിലാല്‍, സാജന്‍ കണിയാപുരം എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. സഫിയ അജിത്‌ സ്വാഗതവും നസീര്‍ നിലമേല്‍ നന്ദിയും പറഞ്ഞു.
പ്രവാസികള്‍ക്ക്‌ ഭവന സമുച്ചയം എന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്‌ കേരള സംസ്ഥാന ഭവന നിര്‍മ്മാണ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. എം. റഹ്‌മത്തുല്ല വ്യക്തമാക്കിയതായി നവയുഗം പത്രക്കുറിപ്പില്‍ അറിയിച്ചു. പദ്ധതിക്ക്‌ സംസ്ഥാന ഭവന നിര്‍മ്മാണ്‌ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന്‌ ഉറപ്പ്‌ നല്‍കിയ അദ്ദേഹം കേരളത്തില്‍ ആദ്യമായി ഭവനരഹിതര്‍ക്ക്‌ വീട്‌ നല്‍കിയ ഇടത്‌പക്ഷ സര്‍ക്കാരിന്‌ പ്രവാസികള്‍ക്കും വീട്‌ നല്‍കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷ പ്രകടിപ്പിച്ചു.