ഇന്ത്യന്‍ പ്രതിനിധി സംഘം വരുന്നു;
ഉന്നത വിദ്യാഭ്യാസരംഗത്ത്‌ സൗദിയുമായി ബന്ധം ശക്തമാക്കും: അംബാസഡര്‍

ദമാം: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സൗദി അറേബ്യയുമായി ബന്ധം ശക്തമാക്കുന്നതിന്‌ ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം വൈകാതെ സൗദിയിലെത്തുമെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍ എം.ഓ.എച്ച്‌. ഫാറൂഖ്‌ വെളിപ്പെടുത്തി. ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ്‌ സെക്‌ഷനില്‍ 27-ാം ഫൗണ്ടേഷന്‍ ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജുകളും യൂനിവേഴ്‌സിറ്റി തലത്തിനുമപ്പുറം ഗവേഷണം ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ സഹകരണത്തെക്കുറിച്ചാണ്‌ ചര്‍ച്ച നടത്തുന്നത്‌. ചര്‍ച്ചയുടെ സദ്‌ഫലമങ്ങള്‍ സൗദി വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമല്ല, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ വഴി തുറക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ചരിത്രപ്രധാനമായ ഇന്ത്യാ സന്ദര്‍ശനത്തിന്‌ ശേഷം സൗദി ഭരണാധികാരി അബ്‌ദുല്ലാ രാജാവ്‌ അഞ്ഞൂറ്‌ സൗദി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയില്‍ ഉപരിപഠനം നടത്തുന്നതിന്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിച്ചിരുന്നു. എന്നാല്‍ ഭാഷാ പ്രശ്‌നം ഉള്‍പ്പെടെ വിവിധ സാങ്കേതിക പ്രയാസങ്ങള്‍ കാരണം അവ ഫലപ്രദമായി നടപ്പാക്കാനായില്ല. ഈ സാഹചര്യത്തില്‍ പുതിയ നീക്കം പ്രതീക്ഷ പകരുന്നതാണെന്ന്‌ അംബാസഡര്‍ അഭിപ്രായപ്പെട്ടു.
എഞ്ചിനിയറിംഗ്‌ പ്രവേശന പരീക്ഷയെഴുതാന്‍ ഇപ്പോള്‍ സൗദിയില്‍ കേന്ദ്രമുണ്ട്‌. ഇത്‌ പോലെ മറ്റ്‌ പ്രവേശന പരീക്ഷകള്‍ക്കും കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരുടെ മുന്നില്‍ സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. ദമാം ഇന്ത്യന്‍ സ്‌കൂളിന്‌ സ്വന്തമായ സ്ഥലം ലഭ്യമാക്കി കെട്ടിടം പണിയുന്നതിന്‌ ശ്രമം നടത്താന്‍ അംബാസഡര്‍ സഹകരണം വാഗ്‌ദാനം ചെയ്‌തു.
സീനിയര്‍ അധ്യാപകരുടെ അസംതൃപ്‌തിക്ക്‌ പരിഹാരം കാണണമെന്ന്‌ കഴിഞ്ഞ ഫൗണ്ടേഷന്‍ ഡേയില്‍ പ്രഖ്യാപനം നടത്തിയ അംബാസഡര്‍ ഇത്തവണ അതേക്കുറിച്ച്‌ പരാമര്‍ശിച്ചില്ല. എന്നാല്‍ ഈ പ്രശ്‌നത്തിന്‌ വൈകാതെ പരിഹാരം കാണുമെന്ന്‌ സ്വാഗത പ്രസംഗത്തില്‍ ഭരണസമിതി ചെയര്‍മാന്‍ അസ്‌ഗര്‍ഖാന്റെ വാക്കുകള്‍ സാന്ത്വനമായി.
പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പഠന - പാഠ്യേതര രംഗങ്ങളില്‍ സ്‌കൂള്‍ പുലര്‍ത്തുന്ന മികവ്‌ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഉയര്‍ന്ന ക്ലാസുകളില്‍ സി.ബി.എസ്‌.ഇയുടെ വെബ്‌സൈറ്റില്‍ നിന്നും പുതുതായി ആവിഷ്‌കരിച്ച സമഗ്ര വിലയിരുത്തല്‍ രീതിയെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കുന്നതിന്‌ അദ്ദേഹം രക്ഷിതാക്കളോട്‌ അഭ്യര്‍ത്ഥിച്ചു. കമ്യൂണിറ്റി സംബന്ധിച്ചു.
ഇരുപത്തിയഞ്ച്‌ വര്‍ഷത്തെ മികച്ച സേവനം പൂര്‍ത്തിയാക്കിയ സീനിയര്‍ ഡ്രൈവര്‍ എന്‍.എം. പ്രസാദ്‌, ഇരുപത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപിക റൂബി ജോസഫ്‌, പത്ത്‌ വര്‍ഷം തികക്കുന്ന രജിസ്‌ട്രാര്‍ ജി. തിവാരി തുടങ്ങി ദീര്‍ഘകാല സേവനം നിര്‍വഹിച്ചവര്‍ക്ക്‌ അംബാസഡര്‍ അവാര്‍ഡ്‌ നല്‍കി.
പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളില്‍ മികവ്‌ പുലര്‍ത്തിയ കുട്ടികള്‍ക്ക്‌ അംബാസഡറും വെല്‍ഫെയര്‍ വിഭാഗം മേധാവിയും ഇന്ത്യന്‍ സ്‌കൂളുകളുടെ നിരീക്ഷകനുമായ ആര്‍.എന്‍. വാട്‌സ്‌, സൗദി വിദ്യാഭ്യാസ മന്ത്രാലയം വിദേശി വിദ്യാഭ്യാസ വിഭാഗം സൂപ്രവൈസര്‍ മുബാറക്‌ ബുബ്‌ഷൈത്ത്‌ എന്നിവര്‍ റോള്‍ഡ ഓഫ്‌ ഹോണറും മെമന്റോയും സമ്മാനിച്ചു.
പത്താം ക്ലാസിലെ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ ആണ്‍കുട്ടി വിഷ്‌ണു മുരളീധരന്‍, പതിനൊന്നിലെ ഓള്‍ റൗണ്ട്‌ ടോപ്പര്‍ അലക്‌സ്‌ ജോസഫ്‌ ഗ്രിഗറി, മികച്ച കായിക പ്രതിഭ ഹാരിസ്‌ ബഷീര്‍ ഖാന്‍ എന്നിവര്‍ക്ക്‌ യഥാക്രമം സിദ്ദീഖ്‌ അഹ്‌മദ്‌ (ഐ.ടി.എല്‍), യൂനുസ്‌ ഗാസി (സണ്‍സിറ്റി), എസ്‌.എസ്‌. പ്രസാദ്‌ (അറേബ്യന്‍ ഫ്‌ളവേഴ്‌സ്‌) എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്‌ത വിമാനടിക്കറ്റ്‌ അംബാസഡര്‍ കൈമാറി.
സഅദ്‌ അബ്‌ദുല്‍ റഹീമിന്റെ ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണത്തോടെയാണ്‌ ചടങ്ങ്‌ ആരംഭിച്ചത്‌. ആരിഫ്‌ പട്ടേല്‍ മൊഴിമാറ്റം അവതരിപ്പിച്ചു.
കെ.ജി, ബോയ്‌സ്‌ യു.പി,, മിഡില്‍ സ്‌കൂള്‍, സെകന്‍ഡറി സെക്‌ഷന്‍ വിദ്യാര്‍ത്ഥികളുടെ ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി. വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. അന്‍വാര്‌ ബാച്ച നന്ദി പറഞ്ഞു. അദീല്‍ അഹ്‌മദ്‌, യൂസുഫ്‌ ഗനി, അധ്യാപിക സബീഹ റിസ്‌വി എന്നിവര്‍ അവതാരകരായിരുന്നു.