ദമാം തര്‍ഹീലില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണം കുറഞ്ഞു: ആര്‍.എസ്‌. വാട്‌സ്‌

ദമാം: ഇന്ത്യന്‍ എംബസി സെകന്‍ഡ്‌ സെക്രട്ടറിയും വെല്‍ഫെയര്‍ വിഭാഗം മേധാവിയുമായ ആര്‍.എന്‍. വാട്‌സ്‌ ദമാം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തി. നാസ്‌ വക്കം (നവോദയ), വാസു, ജി.എസ്‌. കുമാര്‍, മൈക്കിള്‍ തുടങ്ങിയ താന്‍സ്‌വ പ്രവര്‍ത്തകരും മലയാളം ന്യൂസ്‌ ദമാം ലേഖകന്‍ പി.എ.എം. ഹാരിസും അദ്ദേഹത്തോടൊന്നിച്ചുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ ജവാസാത്ത്‌ റെയ്‌ഡില്‍ പിടികൂടിയവരുള്‍പ്പെടെ ഏതാണ്ട്‌ ഇരുനൂറ്റി അമ്പതോളം ഇന്ത്യക്കാരാണ്‌ ഇപ്പോള്‍ തര്‍ഹീലിലുള്ളതെന്ന്‌ അധികൃതര്‍ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തര്‍ഹീലിലെ അന്തേവാസികളിലെ രോഗികള്‍ക്ക്‌ നല്‍കുന്നതിനായി സാമൂഹിക പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനയനുസരിച്ച്‌ ദമാം ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറി നല്‍കിയ മരുന്നുകള്‍ അധികൃതര്‍ക്ക്‌ കൈമാറി. ഏതാണ്ട്‌ ഒരു മാസം മുമ്പ്‌ വെല്‍ഫെയര്‍ വിഭാഗം ചുമതലയേറ്റ ഉടനെ വാട്‌സ്‌ ദമാം സന്ദര്‍ശനവേളയില്‍ ഒമ്പതും പത്തും മാസങ്ങളായി തടവില്‍ കഴിയുന്നവരുള്‍പ്പെടെ ഏതാണ്ട്‌ നാനൂറോളം പേര്‍ തര്‍ഹീലിലുണ്ടായിരുന്നു. ദീര്‍ഘകാലമായി തടവിലുള്ളവരെ തിരിച്ചയക്കുന്ന കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുക്കുന്നതിന്‌ വാട്‌സ്‌ അഭ്യര്‍ത്ഥിച്ചിരുന്നു. മാസങ്ങളായി തടവില്‍ കഴിയുന്നവരുള്‍പ്പെടെ നിരവധി പേരെ അടുത്ത ദിവസങ്ങളിലായി നാട്ടിലേക്ക്‌ തിരിച്ചയച്ചതിനാല്‍ തടവിലുള്ള ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി നടന്ന റെയ്‌ഡില്‍ നിരവധി പേര്‍ പിടിയിലായതോടെയാണ്‌ എണ്ണം വീണ്ടും ഇരുനൂറ്റി അമ്പതിലെത്തിയത്‌. ഇന്ത്യന്‍ സമൂഹത്തിന്‌ സന്നദ്ധ സേവനം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകരെ വാട്‌സ്‌ അഭിനന്ദിച്ചു.