എയര്‍ ഇന്ത്യ കോഴിക്കോട്‌ - കൊച്ചി വിമാനം വൈകി; ദമാമില്‍ യാത്രക്കാര്‍ക്ക്‌ ദുരിതം

ദമാം: കൊച്ചി - കോഴിക്കോട്‌ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കെത്തിയവര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നതായി പരാതി.
അര്‍ധരാത്രി കഴിഞ്ഞ്‌ പുറപ്പെടുന്ന ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്‌ എട്ട്‌ മണിയോടെ വിമാനത്താവളത്തിലെത്തിയെന്നും അപ്പോഴാണ്‌ വിമാനം ഉച്ചക്ക്‌ പതിനൊന്നര മണിക്കാണെന്ന്‌ വിവരം ലഭിച്ചതെന്ന്‌ കണ്ണൂര്‍ സ്വദേശി സമീര്‍, കോട്ടയം സ്വദേശി അബ്രഹാം തുടങ്ങിയ യാത്രക്കാര്‍ പറഞ്ഞു.
നൂറ്‌ കിലോമീറ്റര്‍ അകലെ അബ്‌ഖൈഖില്‍ നിന്നുമാണ്‌ സമീര്‍ വിമാനത്താവളത്തിലെത്തിയത്‌. വിമാനത്തിന്റെ സമയം മാറുന്ന വിവരം ബന്ധപ്പെട്ട ട്രാവല്‍സ്‌ അധികൃതര്‍ക്ക്‌ അറിയിച്ചതാണെന്നും അവരാണ്‌ ഉത്തരവാദികളെന്നുമുള്ള മറുപടി നല്‍കിയ വിമാനക്കമ്പനി അധികൃതര്‍ താമസസൗകര്യമോ ഭക്ഷണമോ നല്‍കാന്‍ തയാറായില്ലെന്ന്‌ സമീര്‍ പറഞ്ഞു.
നേരിട്ടുള്ള വിമാനമെന്ന നിലയിലാണ്‌ എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റെടുത്തതെന്നും എന്നാല്‍ മസ്‌കത്ത്‌ വഴി ഏറെ മണിക്കൂറുകള്‍ നീളുന്ന യാത്രയാണ്‌ ഈ വിമാനമെന്ന്‌ വിമാനത്താവളത്തിലെത്തിയപ്പോഴാണ്‌ അറിയുന്നതെന്നും സമീര്‍ പറഞ്ഞു. കോഴിക്കോട്ടേക്കുള്ള ഒരു കുടുംബമുള്‍പ്പെടെ മറ്റ്‌ യാത്രക്കാരും വിമാനത്താവളത്തിലെത്തിയിരുന്നു. തങ്ങളുടെ കാത്തിരിപ്പ്‌ നീളുകയാണെന്ന്‌ പതിനൊന്നര മണിക്ക്‌ ശേഷവും യാത്രക്കാര്‍ മലയാളം ന്യൂസിന്‌ വിവരം നല്‍കി.
വിമാനം പതിനൊന്നേകാലിന്‌ പുരപ്പെടുമെന്ന ധാരണയില്‍ ഒമ്പതര മണിയോടെ വിമാനത്താവളത്തിലെത്തിയ മറ്റ്‌ യാത്രക്കാരും ഗതികേടിലായി.
വിമാനത്തിന്റെ പുറപ്പെടുന്ന സമയം ഉച്ചക്ക്‌ 11.25 ആണെന്നും കോഴിക്കോട്ട്‌ നിന്നും വിമാനം വൈകി എത്തിയത്‌ കാരണം വൈകുന്നേരം അഞ്ച്‌ മണിയോടെ മാത്രമാണ്‌ ദമാമില്‍ നിന്നും പുറപ്പെനായതെന്നും എയര്‍ ഇന്ത്യാ എയര്‍പോര്‍ട്ട്‌ ഓഫീസ്‌ അധികൃതര്‍ അന്വേഷണത്തില്‍ അറിയിച്ചു.