വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടുകള്‍ക്ക്‌ അഭ്യര്‍ത്ഥനയുമായി പ്രവാസി സംഘടനകള്‍

ദമാം: കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്‌ഡലങ്ങളില്‍ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുമ്പോള്‍ പ്രവാസികളുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ സ്വന്തമാക്കാന്‍ വിവിധ സംഘടനകള്‍ തീവ്രയത്‌നത്തില്‍. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വേണ്ടി മുഖ്യമായും കെ.എം.സി.സിയും ഇടത്‌ മുന്നണിക്ക്‌ വേണ്ടി നവോദയയും സജീവ രംഗത്തിറങ്ങി.
യു.ഡി.എഫ്‌. സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ അതത്‌ മണ്‌ഡലങ്ങളിലുള്ള എല്ലാ പ്രവാസികളും നാട്ടിലുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഫോണ്‍ ചെയ്‌തും മറ്റും അറിയിക്കണമെന്ന്‌ സൗദി ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കെ.എം.സി.സി. പ്രസിഡന്റ്‌ സി. ഹാഷിം, ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കടവനാട്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കുടുംബത്തിന്റെ അത്താണിയായ പ്രവാസി കുടുംബനാഥന്മാരുടെ അനാസ്ഥയും നിസംഗതയും മൂലം വീട്ടിലുള്ളവരുടെ ഒരു വോട്ടും പാഴാവരുതതെന്ന്‌ പ്രസ്‌താവനയില്‍ ഓര്‍മിപ്പിച്ചു. ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സര്‍വ മേഖലകളിലും പൂര്‍ണപരാജയയാമായ ഇടത്‌ മുന്നണി സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഈ ഉപതിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നോട്ട്‌ വന്ന,പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കുന്ന ഇടത്‌പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പ്രവാസി സുഹൃത്തുക്കളോടും ബന്ധുക്കളോടും നവോദയ അഭ്യര്‍ത്ഥിച്ചു. ക്ഷേമനിധി ഉള്‍പ്പെടെ പ്രവാസി സമൂഹത്തിന്‌ കേരളത്തിലെ ഇടത്‌ മുന്നണി സര്‍ക്കാര്‍ നല്‍കിയ വിവിധ ആനൂകൂല്യങ്ങള്‍ എടുത്തുപറയുന്ന പ്രസ്‌താവന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിന്റെ പ്രവാസി വിരുദ്ധനിലപാടുകളും അക്കമിട്ട്‌ നിരത്തുന്നു.