ലോക പൗരന്മാരായി വളരുക അംബാസഡര്‍ ഫാറുഖ്‌

ദമാം: ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഒതുങ്ങാതെ ലോക പൗരന്മാരാണെന്ന നിലയില്‍ വളരാന്‍ വിദ്യാര്‍ത്ഥിനികളെ ഇന്ത്യന്‍ അംബാസഡര്‍ എം.ഓ.എച്ച്‌. ഫാറൂഖ്‌ ഉദ്‌ബോധിപ്പിച്ചു. ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗേള്‍സ്‌ സെക്‌ഷനില്‍ 27-ാം ഫൗണ്ടേഷന്‍ ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയുടെയും ജാതി -മത- പ്രാദേശിക. ഭാഷാ ഭേദങ്ങള്‍ക്ക്‌ അതീതമായി ചിന്തിക്കാനും അംബാസഡര്‍ ആഹ്വാനം ചെയ്‌തു.
ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വത്തായ സ്‌കൂളുകളെയും മറ്റ്‌ സ്ഥാപനങ്ങളെയും തകര്‍ക്കുന്ന തരത്തില്‍ നീക്കം നടത്തുന്നവര്‍ക്ക്‌ അംബാസഡര്‍ ശക്തമായ താക്കീത്‌ നല്‍കി. ചടങ്ങിന്‌ ശേഷം അനൗപചാരിക സംഭാഷണങ്ങളിലും സ്‌കൂളിനും മറ്റുമെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള കുതന്ത്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.
പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സി.ബി.എസ്‌.ഇക്ക്‌ കീഴില്‍ 22 രാഷ്‌ട്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന 11,000 സ്‌കുളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ്‌ ദമാം സ്‌കൂള്‍. പഠന - പാഠ്യേതര രംഗങ്ങളില്‍ സ്‌കൂള്‍ പുലര്‍ത്തുന്ന മികവ്‌ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഉയര്‍ന്ന ക്ലാസുകളില്‍ സി.ബി.എസ്‌.ഇയുടെ വെബ്‌സൈറ്റില്‍ നിന്നും പുതുതായി ആവിഷ്‌കരിച്ച സമഗ്ര വിലയിരുത്തില്‍ രീതിയെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കുന്നതിന്‌ അദ്ദേഹം രക്ഷിതാക്കളോട്‌ അഭ്യര്‍ത്ഥിച്ചു. കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം മേധാവിയും ഇന്ത്യന്‍ സ്‌കൂളുകളുടെ നിരീക്ഷകനുമായ ആര്‍.എന്‍. വാട്‌സ്‌ സംബന്ധിച്ചു.
ഇരുപത്തിയഞ്ച്‌ വര്‍ഷത്തെ മികച്ച സേവനം പൂര്‍ത്തിയാക്കിയ ഗേള്‍സ്‌ സെകന്‍ഡറി സെക്‌ഷന്‍ ഹെഡ്‌മിസ്‌ട്രസ്‌ ധനലക്ഷ്‌മി രാമാനുജത്തിന്‌ അംബാസഡര്‍ മെമന്റോ സമ്മാനിച്ചു. പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലും ഗള്‍ഫ്‌ ബോര്‍ഡ്‌ പരീക്ഷയിലും മികവ്‌ പുലര്‍ത്തിയ കുട്ടികള്‍ക്ക്‌ സര്‍ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. പത്താം ക്ലാസിലെ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ ശ്രീലക്‌മി മുരളീധരന്‍, പതിനൊന്നിലെ ഓള്‍ റൗണ്ട്‌ ടോപ്പര്‍ മേരി തോമസ്‌, മികച്ച കായിക പ്രതിഭ ഹുമ ഖാനം എന്നിവര്‍ക്ക്‌ അംബാസഡര്‍ വിമാനടിക്കറ്റ്‌ സമ്മാനം നല്‍കി. യഥാക്രമം സിദ്ദീഖ്‌ അഹ്‌മദ്‌ (ഐ.ടി.എല്‍), യൂനുസ്‌ (സണ്‍സിറ്റി), ബിജു കല്ലുമല (അറേബ്യന്‍ ഫ്‌ളവേഴ്‌സ്‌) എന്നിവരാണ്‌ സ്‌പോണ്‍സര്‍മാര്‍.
സുമയ്യ ഫാതിമ, ഹിമ ഫാറൂഖ്‌ എന്നിവര്‍ ഖുര്‍ആനില്‍ നിന്ന്‌ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥിനി വിഭാഗം സെകന്‍ഡറി സെക്‌ഷന്‍, മിഡില്‍ സെക്‌ഷന്‍, പ്രിപ്പറേറ്ററി, പ്രൈമറി വിദ്യാര്‍ത്ഥിനികളുടെ ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ ഗേള്‍സ്‌ സ്‌കൂള്‍ ലഫ്‌. കേണല്‍ ജെ.എ. റോഖ്‌ നന്ദിയും പറഞ്ഞു. ശ്രീലക്ഷ്‌മി മുരളീധരന്‍, സൈന ഹമീദ്‌, അധ്യാപിക ജസ്സി ജോണ്‍ എന്നിവര്‍ അവതാരകരായിരുന്നു.