അനാരോഗ്യകരമായ ജീവിതശൈലി മരണനിരക്ക്‌ കൂട്ടുന്നു: ഡോ. അല്‍ത്താഫ്‌

അല്‍ഹസ: ഉപ്പു കുറക്കുക, സസ്യാഹാരം ശീലിക്കുക - മലയാളി പ്രവാസികളോട്‌ കിംഗ്‌ ഫൈസല്‍ യൂനിവേഴ്‌സിറ്റി കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗം ഡോക്‌ടര്‍ അല്‍ത്താഫ്‌ തിരുവനന്തപുരം നിര്‍ദേശിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലിയാണ്‌ മലയാളികളുടെ മരണനിരക്ക്‌ ഉയരാന്‍ കാരണമെന്ന്‌ അല്‍ഹസ ഇസ്‌ലാമിക്‌ സെന്റര്‍ മലയാള വിഭാഗം സംഘടിപ്പിച്ച ആരോഗ്യ ബോധവത്‌കരണ സെമിനാറില്‍ അദ്ദേഹം വ്യക്തമാക്കി.
ശുചിത്വമില്ലായ്‌മയും തെറ്റായ ആഹാരരീതിയും വ്യായാമമില്ലാത്തതും തെറ്റായ ജീവിതശീലങ്ങളുമാണ്‌ മനുഷ്യന്റെ ആരോഗ്യത്തിന്‌ വെല്ലുവിളിയുയര്‍ത്തുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിലൂടെ ജലജന്യ രോഗങ്ങള്‍ തടയാനാകും. പാരമ്പര്യ രോഗങ്ങള്‍ക്ക്‌ സാധ്യതയുള്ളവരില്‍ പോലും ശരിയായ ജീവിത ശൈലിയിലൂടെ രോഗപ്രതിരോധം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാംസാഹാരം മുഖ്യമായി കാണുന്ന മലയാളികള്‍ ഭക്ഷണരീതി മാറ്റി സസ്യാഹാരം ശീലിക്കണമെന്ന്‌ ഡോക്‌ടര്‍ അല്‍ത്താഫ്‌ അഭിപ്രായപ്പെട്ടു. ഒരു ഇന്ത്യക്കാരന്‌ ശരാശരി അഞ്ച്‌ ഗ്രാം ഉപ്പ്‌ മതി. ആ സ്ഥാനത്ത്‌ മലയാളി പതിനഞ്ച്‌ ഗ്രാം ഉപ്പാണ്‌ ഉപയോഗിക്കുന്നതെന്നും ഡോക്‌ടര്‍ തെളിവുകള്‍ നിരത്തി. കൊഴുപ്പിന്റെ ഉപയോഗം കുറക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക, പച്ചക്കറികളും ഇലവര്‍ഗങ്ങളും പഴങ്ങളും അധികമായി ഉള്‍പ്പെടുത്തുക തുടങ്ങി ഭക്ഷണരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളും അദ്ദേഹം നിര്‍ദേശിച്ചു.
ജാഫര്‍ മെഡിക്കല്‍ ഗവണ്മെന്റ്‌ സെക്‌ടറിലെ ഡോ. താഹ ഓച്ചിറ ഉദ്‌ഘാടനം ചെയ്‌തു.ഡോക്‌ടര്‍ ഹബീബ്‌, ഡോ. സാദത്ത്‌ എന്നിിവര്‍ സംബന്ധിച്ചു. ഭര്‍ത്താവിന്റെ ഭക്ഷണശീലങ്ങള്‍ ആരോഗ്യകരമാകുന്നതിന്‌ മുന്‍കൈ എടുക്കണമെന്ന്‌ സെമിനാറില്‍ പങ്കെടുത്ത കുടുംബിനികളെ ഡോക്‌ടര്‍മാര്‍ ഉപദേശിച്ചു. നടത്തം പോലുള്ള വ്യായാമങ്ങള്‍ക്ക്‌ നിത്യവും സമയം കണ്ടെത്തണമെന്നും അവര്‍ നിര്‍ദേശിച്ചു. മലയാള വിഭാഗത്തിലെ എം. നാസര്‍ മദനി അധ്യക്ഷനായിരുന്നു.