ദമാം സ്‌കൂളില്‍ അധ്യാപകരുടെ ആനുകൂല്യ പ്രശ്‌നത്തിന്‌ ഇനിയും പരിഹാരമായില്ല

ദമാം: സേവനാനന്തര ആനൂകൂല്യം സംബന്ധമായി ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ സീനിയര്‍ അധ്യാപകരുടെ അസംതൃപ്‌തിക്ക്‌ പരിഹാരമായില്ല. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ആറ്‌ മാസത്തിനകം പരിഹരിക്കണമെന്ന്‌ ഈ വര്‍ഷം ജനവരിയില്‍ സ്‌കൂള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന അംബാസഡര്‍ നിര്‍ദേശിച്ചതാണ്‌. പത്ത്‌ മാസമായിട്ടും തീരുമാനം പ്രഖ്യാപിക്കാനായില്ല. ഇന്ന്‌ 27-ാമത്‌ ഫൗണ്ടേഷന്‍ ഡേയില്‍ സംബന്ധിക്കുന്നതിന്‌ അംബാസഡര്‍ ദമാമിലെത്തുമ്പോള്‍ ഇക്കാര്യത്തിലുള്ള പ്രതികരണം എല്ലാവരും കാത്തിരിക്കുകയാണ്‌. രാത്രി വളരെ വൈകി ദമാമിലെത്തുന്ന അംബാസഡര്‍ ഇന്ന്‌ രാവിലെ 9 മണിക്ക്‌ ഗേള്‍സ്‌ സെക്‌ഷനിലും വൈകുന്നേരം ആറ്‌ മണിക്ക്‌ ബോയ്‌സ്‌ സെക്‌ഷനിലും ഫൗണ്ടേഷന്‍ ഡേ ആഘോഷത്തില്‍ സംബന്ധിക്കും.
സ്‌കൂള്‍ വിസയോ, ഫാമിലി വിസയോ എന്ന വിവേചനമില്ലാതെ ജിദ്ദയിലും റിയാദിലും മറ്റും ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക്‌ സേവനാനന്തര ആനൂകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ ദമാമില്‍ വിവേചനം പ്രകടമാണ്‌. ജിദ്ദ, ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ തുടക്കം മുതലും റിയാദില്‍ പത്ത്‌ വര്‍ഷത്തിലേറെയായും സേവനാനന്തര ആനുകൂല്യമുണ്ട്‌. ബുറൈദയിലെ പുതിയ സ്‌കൂളിലും ഈ ആനൂകൂല്യമുണ്ട്‌.
കഴിഞ്ഞ വര്‍ഷമാണ്‌ പ്രശ്‌നം രൂക്ഷമായത്‌. ദമാം സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ അസംതൃപ്‌തരാണെന്ന്‌ മലയാളം ന്യൂസ്‌ (2008 ജൂലൈ 24) വാര്‍ത്ത നല്‍കിയിരുന്നു. അധ്യാപകര്‍ 2006 ജനവരിയില്‍ ആദ്യമായി രേഖാമൂലം അപേക്ഷ നല്‍കി. പലതവണ അപേക്ഷിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ച്‌ 2008 ജുലൈയില്‍ മുന്‍ ചെയര്‍മാന്റെ പ്രസംഗം ഒരു സംഘം അധ്യാപകര്‍ ബഹിഷ്‌കരിച്ചതും, തുടര്‍ന്ന്‌ നാല്‌ അധ്യാപികമാരെ സസ്‌പെന്റ്‌ ചെയ്‌തതും പ്രശ്‌നം കൂടുതല്‍ വഷളാക്കി.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയതും ആറ്‌ മാസത്തിനകം പ്രശ്‌നം പരിഹരിക്കണമെന്ന്‌ അംബാസഡര്‍ നിര്‍ദേശിച്ചതും പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. 15 വര്‍ഷം സര്‍വീസുള്ള ഇരുപതിലേറെ പേരുള്‍പ്പെടെ മൊത്തം ഇരുനൂറോളം അധ്യാപികമാര്‍ ഏഴ്‌ വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരാണ്‌. പ്രാദേശികമായി റിക്രൂട്ട്‌ ചെയ്‌തവരില്‍ ഏഴ്‌ വര്‍ഷം സര്‍വീസ്‌ പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക്‌ ഒരു മാസത്തെ ശമ്പളം എന്നതാണ്‌ ദമാമില്‍ നിലവിലുള്ള വ്യവസ്ഥ. ഏഴ്‌ വര്‍ഷത്തില്‍ കുറവാണെങ്കില്‍ ഒന്നും ലഭിക്കില്ല. പതിനാല്‌ വര്‍ഷം തികയുമ്പോള്‍ രണ്ട്‌ മാസത്തെ ശമ്പളം ലഭിക്കും.
അഞ്ച്‌ വര്‍ഷം സര്‍വീസിന്‌ ഒരു മാസം എന്ന രീതിയില്‍ സ്ലാബ്‌ മാറ്റുന്നതിന്‌ പുതിയ ഭരണസമിതി ഹയര്‍ ബോര്‍ഡിന്റെ അംഗീകാരം തേടിയിരുന്നു. ഓരോ വര്‍ഷത്തിനും അഞ്ചില്‍ ഒന്ന്‌ എന്ന നിലയിലും അഞ്ച്‌ വര്‍ഷം കഴിഞ്ഞുള്ള ഓരോ വര്‍ഷത്തെ സര്‍വീസിനും അഞ്ചില്‍ ഒന്ന്‌ എന്ന നിലയിലും ആനൂകൂല്യം വര്‍ധിക്കും. നിലവിലുള്ള വ്യവസ്ഥയില്‍ കട്ട്‌ ഓഫ്‌ ഡേറ്റ്‌ വരെ ആനൂകൂല്യം അനുവദിക്കാനും അതിന്‌ ശേഷം മാത്രം അഞ്ച്‌ വര്‍ഷ സര്‍വീസിന്‌ ഒരു മാസം ശമ്പളം എന്ന പുതിയ സ്ലാബ്‌ അംഗീകരിക്കാനുമാണ്‌ ഹയര്‍ ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ മുന്‍കാല പ്രാബല്യമില്ലാതെ ഇത്‌ അംഗീകരിക്കാന്‍ പത്തും അതിലേറെയും വര്‍ഷം സേവനമനുഷ്‌ഠിച്ച അധ്യാപികമാര്‍ തയാറല്ല. മുന്‍ സമിതികളുടെ വ്യവസ്ഥ മറികടന്ന്‌ ആനൂകൂല്യങ്ങള്‍ക്ക്‌ മുന്‍കാല പ്രാബല്യം നല്‍കുന്നതില്‍ ഹയര്‍ ബോര്‍ഡിന്‌ എതിര്‍പ്പുണ്ട്‌.
ഹയര്‍ ബോര്‍ഡിന്‌ കീഴിലുള്ള മറ്റ്‌ എല്ലാ സ്‌കൂളുകളിലും നല്‍കുന്ന ആനുകൂല്യം എങ്ങിനെ ദമാമില്‍ മാത്രം തടയുമെന്ന ചോദ്യം അധ്യാപകര്‍ ഉയര്‍ത്തുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നും പരിഹാരം നീളുന്നതില്‍ സന്തുഷ്‌ടനെല്ലെന്നും സ്‌കൂള്‍ ചെയര്‍മാന്‍ അസ്‌ഗര്‍ ഖാന്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു. കഴിഞ്ഞ
ഹയര്‍ ബോര്‍ഡ്‌ യോഗത്തില്‍ സമിതിയുടെ ശക്തമായ വികാരം പ്രകടിപ്പിച്ചിരുന്നു.
അടുത്ത ഹയര്‍ ബോര്‍ഡ്‌ യോഗത്തില്‍ തീരുമാനമെടുക്കാനാവുമെന്നാണ്‌ പ്രതീക്ഷ ചെയര്‍മാന്‍ പങ്കുവെച്ചു. അജണ്ടയിലെ ദമാമില്‍ നിന്നുള്ള ആദ്യ ഇനം ഇതാണ്‌. എന്നാല്‍ വേനല്‍ അവധിക്ക്‌ ശേഷം ഹയര്‍ ബോര്‍ഡ്‌ ഇത്‌ വരെ യോഗം ചേര്‍ന്നിട്ടില്ലെന്നതാണ്‌ പരിഹാരം വൈകുന്നത്‌. രമ്യമായ പരിഹാരത്തിന്‌ സ്‌കൂള്‍ സമിതി ശ്രമം നടത്തുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ദമാം ഇന്ത്യന്‍ സ്‌കൂളിലെ പഠന അന്തരീക്ഷം കലുഷിതമാക്കുന്നതിന്‌ ഹയര്‍ ബോര്‍ഡ്‌ ഇടവരുത്തരുതെന്നാണ്‌ രക്ഷിതാക്കളുടെ ആവശ്യം. ഹയര്‍ ബോര്‍ഡ്‌ ഇപ്പോള്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഒരു വേദിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.