കമ്പനി വഴങ്ങി; ഇന്ത്യന്‍ നഴ്‌സുമാര്‍ നാട്ടിലേക്ക്‌ യാത്രയായി

ദമാം: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായതിന്‌ ശേഷവും നാട്ടിലേക്ക്‌ മടങ്ങാനാവാതെ പ്രയാസമനുഭവിച്ച ഇന്ത്യന്‍ നഴ്‌സുമാര്‍ നാട്ടിലേക്ക്‌ മടങ്ങി. ഖതീഫിന്‌ സമീപം ഉള്‍പ്രദേശത്ത്‌ ജനറല്‍ ഡിസ്‌പന്‍സറിയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശിനി റബേക്ക വിശ്വാസും കോട്ടയം സ്വദേശിനി ബീനയും ബന്ധപ്പെട്ട കമ്പനി അധികൃതര്‍ക്കെതിരെ ദമാം ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം മുഖേന എംബസിക്ക്‌ പരാതി നല്‍കിയ വാര്‍ത്ത മലയാളം ന്യൂസ്‌ (ഒക്‌ടോ. 28) പ്രസിദ്ധീകരിച്ചിരുന്നു. എംബസി അധികാരപത്രവുമായി ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി അബ്‌ദുല്‍ ലത്വീഫ്‌ കടുങ്ങപുരം കമ്പനിയും ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ ഇരുവവര്‍ക്കും നാട്ടിലെത്താന്‍ വഴിയൊരുങ്ങിയത്‌. ടിക്കറ്റിന്‌ നു പുറമെ കുടിശ്ശികയുണ്ടായിരുന്ന ശമ്പളവും മറ്റ്‌ ആനൂകൂല്യങ്ങളും തീര്‍ത്തും നല്‍കിയാണ്‌ ഇരുവരെയും നാട്ടിലയച്ചതെന്ന്‌ അബ്ദുല്‍ ലത്വീഫ്‌ പറഞ്ഞു.�
2006 ആഗസ്റ്റ്‌ 12ന്‌ ജോലിയില്‍ പ്രവേശിച്ച റബേക്കയുടെയും ബീനയുടെയും തൊഴില്‍ കരാര്‍ കാലാവധി മൂന്ന്‌ വര്‍ഷമായിരുന്നു. ഇത്‌ പൂര്‍ത്തിയാക്കി 2009 ആഗസ്റ്റ്‌ 26നാണ്‌ ഇരുവരും എക്‌സിറ്റ്‌ ആവശ്യപ്പെട്ടത്‌. മാനേജ്‌മെന്റില്‍ നിന്ന്‌ തുടര്‍ നടപടികളൊന്നും കാണാതിരുന്നതിനാല്‍ സെപ്‌തംബര്‍ 26ന്‌ വീണ്ടും അപേക്ഷ നല്‍കിയെങ്കിലും ജോലി തുടരാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന്‌ ജോലി ചെയ്യാന്‍ തയാറല്ലെന്ന്‌ നഴ്‌സിംഗ്‌ ഓഫീസില്‍ അറിയിച്ച ഇരുവരും ജോലിക്ക്‌ ഹാജരായില്ല. ഒക്‌ടോബര്‍ 30 വരെ ജോലി ചെയ്‌താല്‍ മാത്രമെ എക്‌സിറ്റ്‌ നല്‍കുകയുള്ളുവെന്ന മാനേജ്‌മെന്റിന്റെ ഭീഷണിക്ക്‌ വഴങ്ങി മൂന്ന്‌ ദിവസത്തിന്‌ ശേഷം ജോലി തുടര്‍ന്നു.
മൂന്ന്‌ മാസത്തെ ശമ്പളവും മറ്റ്‌ ആനൂകൂല്യങ്ങളും കമ്പനി നല്‍കാനുണ്ടായിരുന്നുഎന്നാല്‍ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ ടിക്കറ്റ്‌ സ്വയം എടുക്കണമെന്നും ജോലി ചെയ്യാതിരുന്ന മൂന്ന്‌ ദിവസത്തേക്ക്‌ 2000 റിയാല്‍ പിഴയടക്കണമെന്നും കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടതാണ്‌ യാത്രക്ക്‌ തടസമായത്‌. ഭര്‍ത്താവിനെയും മക്കളെയും വിട്ട്‌ മൂന്ന്‌ വര്‍ഷം ജോലി ചെയ്‌തിട്ടും കമ്പനി അധികാരികളില്‍ നിന്നും മാന്യമായ പെരുമാറ്റം പോലും ലഭിക്കാതെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന റബേക്കയും ബീനയും ഫോറം പ്രവര്‍ത്തകരുടെ ഇടപടെലിന്‌ നന്ദി പ്രകടിപ്പിച്ചാണ്‌ യാത്രയായത്‌.