യുവത്വം നന്മക്ക്‌ നവോത്ഥാനത്തിന്‌ ജൂബൈലില്‍ കാമ്പയിന്‌ തുടക്കമായി.

ദമാം: യുവത്വം നന്മക്ക്‌ നവോത്ഥാനത്തിന്‌ എന്ന പ്രമേയവുമായി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജൂബൈലില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്‍ തുടങ്ങി.
സെന്റര്‍ ഓഡിറ്റോറിയത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദ്‌ മദീനി കാമ്പയിന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വിശ്വാസ സമൂഹത്തിന്റെ അടിസ്ഥാന ആശയങ്ങളും ആദര്‍ശവും പണയപ്പെടുത്തി യാഥാസ്ഥിതികതക്ക്‌ വെള്ളപൂശുന്ന പുതിയ പ്രവണത മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുക മാത്രമെ ചെയ്യുകയുള്ളുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍കാല നവോത്ഥാന നായകരുടെ കലര്‍പ്പില്ലാത്ത ആദര്‍ശ ജീവിതത്തിന്‌ മാര്‍ഗദര്‍ശനം നല്‍കിയ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും യഥാര്‍ത്ഥ മഹത്വം മനസിലാക്കി ജീവിതം ക്രമപ്പെടുത്തിയാല്‍ മാത്രമെ വരും നാളുകള്‍ നന്മയുടെ മാര്‍ഗത്തില്‍ ചലിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഉണര്‍ത്തി.
മൗലവി ഷഫീഖ്‌ അസ്‌ലം പ്രമേയം വിശദീകരിച്ചു. പ്രണയത്തെ വിശ്വാസത്തിന്‌ മുകളില്‍ പ്രതിഷ്‌ഠിച്ച്‌ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരെ കൊഞ്ഞനം കുത്തുന്ന സംഘപരിവാരങ്ങളുടെ വര്‍ഗീയ ധ്രുവീകരണ പദ്ധതി മനസിലാക്കാന്‍ പൊതുസമൂഹം തയാറാവണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന പക്ഷപാതപരമായ മാധ്യമപ്രവര്‍ത്തനവും സാമൂഹിക ബന്ധങ്ങളെ ഏകപക്ഷീയമായി വിലയിരുത്തുന്ന നീതിപീഠ നടപടിയും ജനാധിപത്യ സമഹൂത്തില്‍ അരക്ഷിതാവസ്ഥ മാത്രമെ സൃഷ്‌ടിക്കുകയുള്ളുവെന്നും ഇതിനെതിരെ മന:സാക്ഷിയുള്ളവര്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എ. റഹീം, (കെ.എം.സി.സി), നൗഫല്‍ (കെ.ഐ.ജി) എന്നിവര്‍ ആശംസ നേര്‍ന്നു.
അടുത്ത വര്‍ഷം ജനവരി 1,2,3 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന ഐ.എസ്‌.എം. സംസ്ഥാന സമ്മേളനത്തിന്റെ ജുബൈല്‍ ഏരിയാ തല പ്രചരണ ഉദ്‌ഘാടനം ഡോ. അബൂബക്കര്‍ സിദ്ദീഖും, കാമ്പയിനോടനുബന്ധിച്ച്‌ പുറത്തിറക്കിയ ബുക്‌ലെറ്റ്‌, സി.ഡി. പ്രകാശനം അബ്‌ദുല്‍ റഹീം ചങ്ങനാശ്ശേരിക്ക്‌ നല്‍കി ഹബീബ്‌ റഹ്‌മാന്‍ പാലത്തിങ്ങലും നിര്‍വഹിച്ചു. ഡോ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാറൂഖ്‌ സ്വാഗതവും മുസ്വദ്ധിഖ്‌ അരീക്കോട്‌ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ ഹബീബ്‌ റഹ്‌മാന്‍ ഖിറാഅത്ത്‌ നടത്തി.
ദൈ്വമാസ കാമ്പയിന്റെ ഭാഗമായി യുവത്വം നന്മക്ക്‌ നവോത്ഥാനത്തിന്‌ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 25നകം പത്ത്‌ പേജില്‍ കവിയാത്ത രചന സെന്റര്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ (03) 3632218 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌. ബാലസമ്മേളനം, ടീന്‍സ്‌ മീറ്റ്‌, അയല്‍ക്കൂട്ടം, കുടുംബസംഗമം, പ്രശ്‌നോത്തരി, ഓപ്പണ്‍ ഫോറം, ആരോഗ്യ - വിദ്യാഭ്യാസ സെമിനാര്‍, റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുറമെ ഡിസംബറില്‍ എം.ജി.എം. ജുബൈല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സമ്മേളനവും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്‌.