വ്യാഴവട്ടം കഴിഞ്ഞു; നാട്ടിലേക്ക്‌ മടങ്ങാതെ അഹമ്മദ്‌ കുട്ടി അനകില്‍ തുടരുന്നു

ദമാം: ഒരു വ്യാഴവട്ടത്തിലേറെയായി മലയാളി ദമാമിന്‌ സമീപം അനകില്‍ തുടരുന്നു. മലപ്പുറം ജില്ലയില്‍ തിരൂരിന്‌ സമീപം കുറ്റിപ്പാല സ്വദേശി വാഴാംതോടി അഹമ്മദ്‌ കുട്ടി (47) യാണ്‌ കഥാനായകന്‍. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങളെത്തുടര്‍ന്ന്‌ അഹമ്മദ്‌ കുട്ടി നാട്ടിലേക്ക്‌ മടങ്ങാനുള്ള ഒരുക്കത്തിലാണ്‌.
നേരത്തെ പത്ത്‌ വര്‍ഷത്തോളം ദുബൈ ഡിഫന്‍സില്‍ ജോലി ചെയ്‌തിരുന്ന അഹമ്മദ്‌ കുട്ടി 1994ലാണ്‌ ആദ്യം സൗദിയിലെത്തിയത്‌. ഒരു തവണ നാട്ടില്‍ പോയി 1997ല്‍ തിരിച്ചുവന്നതിന്‌ ശേഷം പിന്നീട്‌ ഇത്‌ വരെ നാട്ടില്‍ പോയിട്ടില്ല. ഭാര്യ ഖദീജയും മൂന്ന്‌ പെണ്‍മക്കളുമുണ്ട്‌. അഹമ്മദ്‌ കുട്ടി സൗദിയിലേക്ക്‌ മടങ്ങുമ്പോള്‍ മൂന്നാം ക്ലാസിലായിരുന്ന മകള്‍ ഹഫ്‌സത്ത്‌ ഇന്ന്‌ ബിരുദധാരിണിയാണ്‌. ഇര്‍ഫാന പത്തിലും ഇര്‍ഫി എട്ടിലും പഠിക്കുന്നു.
ദുബൈയില്‍ തിരിച്ചെത്തി അല്‍പ്പകാലം നാട്ടില്‍ നിന്ന ശേഷം ആദ്യം ഖതീഫില്‍ പച്ചക്കറി കട നടത്തിയതെന്ന്‌ അഹമ്മദ്‌ കുട്ടി മലയാളം ന്യൂസിനോട്‌ പറഞ്ഞു. പച്ചക്കറി കടയില്‍ വിദേശികളെ നിരോധിച്ചപ്പോള്‍ അത്‌ വിട്ട്‌ സൈഹാത്തില്‍ കളിപ്പാട്ടങ്ങളുടെയും റെഡിമെയ്‌ഡ്‌ കട തുടങ്ങി. ആ സമയത്താണ്‌ നാട്ടില്‍ പോയി വന്നത്‌. തിരിച്ചെത്തിയ ശേഷം സൈഹാത്തിലെ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ അടച്ചപ്പോള്‍ കടയും പൂട്ടി. പിന്നീട്‌ അനകില്‍ കോഴിക്കടയുള്‍പ്പെടെ പല കച്ചവടങ്ങളും നടത്തിയെങ്കിലും പരാജയമായി. ഇതോടെയാണ്‌ നാട്ടില്‍ പോകാനാവാതെ തുടര്‍ന്നതെന്ന്‌ അഹമ്മദ്‌ കുട്ടി പറയുന്നു. ദുബൈയിലുള്ള സഹോദരങ്ങള്‍ സന്ദര്‍ശക വിസയില്‍ ദമാമിലെത്തി നാട്ടിലേക്ക്‌ മടങ്ങാന്‍ പ്രേരിപ്പിച്ചുവെങ്കിലും സ്ഥിതി മെച്ചപ്പെടുന്നത്‌ കാത്ത്‌ അഹമ്മദ്‌ കുട്ടി അനകില്‍ തന്നെ തുടര്‍ന്നു.
മകനെ കാണാനുള്ള ആശ പൂര്‍ത്തീകരിക്കാനാവാതെ വാപ്പ മുഹമ്മദ്‌ കുട്ടി മരിച്ചു. വാര്‍ധക്യത്തിന്റെ അവശതയിലും ഉമ്മ ഫാത്തിമക്കുട്ടി കാത്തിരിക്കുന്നു.
ഭാര്യാസഹോദരന്‍ കോയാമുട്ടി (തിരുന്നാവായ ) ഈയിടെ അല്‍കോബാര്‍ തുഖ്‌ബയിലെത്തിയിരുന്നു. നാല്‌ സഹോദരിമാരുള്‍പ്പെടെ ഏഴ്‌ മക്കളുള്ള 85 വയസായ പിതാവിന്‌ രണ്ട്‌ തവണ ഹൃദയാഘാതമുണ്ടായി. പ്രായം ചെന്ന മാതാപിതാക്കള്‍ക്ക്‌ ഏക മനോവ്യഥ മരുമകന്‍ നാട്ടിലെത്തുന്നില്ലെന്നത്‌ മാത്രമാണെന്ന്‌ കോയാമുട്ടി പറഞ്ഞു.
ഒരു വ്യാഴവട്ടമായി അനകില്‍ തുടരുന്ന അഹമ്മദ്‌ കുട്ടിയെ നാട്ടിലെത്തിക്കുന്നതിനുള്ള വഴി തേടി കോയാമുട്ടി മലയാളം ന്യൂസ്‌ ദമാം ബ്യൂറോയുമായി ബന്ധപ്പെട്ടിരുന്നു. പാസ്‌പോര്‍ട്ട്‌ 2004ല്‍ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ യാത്രാരേഖയായി ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇ.സി. ലഭിക്കേണ്ടതുണ്ട്‌.