അല്‍കോബാര്‍ നെസ്റ്റോ - യു.എഫ്‌.സി സെവന്‍സ്‌ മേളയുടെ ലോഗോ പ്രകാശനം ചെയ്‌തു

ദമാം: അല്‍കോബാറില്‍ നാളെ നവംബര്‍ അഞ്ചിന്‌ വ്യാഴാഴ്‌ച മുതല്‍ യുനെറ്റഡ്‌ എഫ്‌.സി. ക്ലബ്‌ സംഘടിപ്പിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം നെസ്റ്റോ സി.ഇ.ഓ നാസര്‍ അബൂബക്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നെസ്റ്റോ ദമാം ജനറല്‍ മാനേജര്‍ പി.എം. അഷ്‌റഫ്‌, സതീഷ്‌ പരുമല, രാജു ലൂക്കാസ്‌, മുജീബ്‌ കളത്തില്‍, നൗഷാദ്‌ ഒരുമനയൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ആറാഴ്‌ച നീളുന്ന മത്സരത്തില്‍ നേപ്പാളികളുടെ ടീമും റിയാദില്‍ നിന്നുള്ള ഒരു ടീമും ഉല്‍പ്പെടെ പന്ത്രണ്ട്‌ ടീമുകള്‍ മത്സരിക്കും. വിവിധ ടീമുകളിലായി ജിദ്ദയില്‍ നിന്നുള്ള കളിക്കാരും പങ്കെടുക്കും.
അല്‍കോബാര്‍ അല്‍ ഗൊസൈബി ഫ്‌ളഡ്‌ലിറ്റ്‌ മിനിസ്റ്റേഡിയത്തില്‍ രാത്രി പത്ത്‌ മണിക്കാണ്‌ കളി ആരംഭിക്കുന്നത്‌. ഉദ്‌ഘാടന ചടങ്ങില്‍ ദഹ്‌റാന്‍ പോലീസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ലെഫ്‌, കേണല്‍ ഫുആദ്‌ അബൂ നഹ്‌യ മുഖ്യാതിഥിയായിരിക്കും. നാസര്‍ അബൂബക്കര്‍ കിക്കോഫ്‌ നിര്‍വഹിക്കും. കോര്‍ണിഷ്‌ സോക്കറും യംഗ്‌സ്റ്റാര്‍ ടൊയോട്ടയും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം. രണ്ടാമത്‌ മത്സരത്തില്‍ ദമാം സോക്കറും നേപ്പാള്‍ ടീമും ഏറ്റുമുട്ടും.