തര്‍ഹീലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റിയ കൊല്ലം സ്വദേശി ദമാമില്‍ നിര്യാതനായി

ദമാം: അനധികൃത താമസക്കാരനെന്ന നിലയില്‍ തടവില്‍ കഴിയവെ ചികിത്സക്കായി ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ച മലയാളി നിര്യാതനായി.
കൊല്ലം മരത്തടി കണ്ണിമേല്‍ ചേരി ഞാറക്കാട്ട്‌തറയില്‍ രവീന്ദ്രന്‍ ശ്രീധരനാ (45) ണ്‌ ഇന്നലെ രാവിലെ മരിച്ചത്‌.
ഭാര്യ: രാജലക്ഷ്‌മി. രഞ്‌ജിത, രഞ്‌ജിത്‌ എന്നിവര്‍ മക്കളാണ്‌.
വീട്ടു ഡ്രൈവര്‍ വിസയില്‍ സൗദിയില്‍ വന്ന രവീന്ദ്രനെ പിന്നീട്‌ സ്‌പോണ്‍സര്‍ ഹുറൂബാക്കിയിരുന്നു. നിയമാനുസൃത രേഖകളില്ലാത്തതിനാല്‍ ദമാമില്‍്‌ റെയ്‌ഡില്‍ ജവാസാത്ത്‌ പിടിയിലായി. തര്‍ഹീലില്‍ കഴിയുന്നതിനിടെ രോഗബാധിതനാണെന്ന്‌ വിവരം ലഭിച്ചതിനാല്‍ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം (നവോദയ) സ്വന്തം ജാമ്യത്തില്‍ ഏറ്റെടുത്ത്‌ തിങ്കളാഴ്‌ച ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. പ്രമേഹം ഗുരുതരനിലയിലായിരുന്നു. ഇ.സി.ജിയിലും തകരാറ്‌ കണ്ടതിനെത്തുടര്‍ന്ന്‌ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ്‌ ആശുപത്രിയില്‍ നിന്നും മരണവിവരം ലഭിച്ചതെന്ന്‌ നാസ്‌ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആറംഭിച്ചിട്ടുണ്ട്‌.