നാല്‌ മലയാളികള്‍ ഖഫ്‌ജിയില്‍ നാട്ടിലെത്താനാവാതെ വലയുന്നു

ദമാം: നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ പാസ്‌പോര്‍ട്ട്‌ കൈമാറാന്‍ സ്‌പോണ്‍സര്‍ വന്‍ തുക ആവശ്യപ്പെടുന്നതിനാല്‍ നാല്‌ മലയാളികള്‍ ഖഫ്‌ജിയില്‍ വലയുന്നു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി നന്ദകുമാര്‍ (40), ദേവതിയാല്‍ പോള്‍ (52), തിരൂരങ്ങഠാ#ി മുന്നിയൂര്‍ മനോജ്‌ (30), കോഴിക്കോട്‌ ജില്ലയില്‍ രാമനാട്ടുകര രാജന്‍ (40) എന്നിവരാണ്‌ നാട്ടിലെത്താനാവാതെ പ്രയാസപ്പെടുന്നത്‌.
ഇവരുള്‍പ്പെടെ പത്ത്‌ പേര്‍ ഏതാണ്ട്‌ അഞ്ച്‌ മാസം മുമ്പ്‌ മെയ്‌ 28നാണ്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. വീടുവിറ്റും കടം വാങ്ങിയും മറ്റുമാണ്‌ ഒരു ലക്ഷം രൂപ വിസക്ക്‌ നല്‍കിയത്‌. സൗദി ജോര്‍ദാന്‍ അതിര്‍ത്തിയിലെ ഹദീനില്‍ കസ്റ്റംസില്‍ ജോലിക്കാണ്‌ കൊണ്ടുവന്നത്‌. ഇവിടെ എത്തിയപ്പോഴാണ്‌ മറ്റൊരു കമ്പനിക്ക്‌ കീഴിലാണ്‌ ജോലിയെന്ന്‌ അറിഞ്ഞത്‌.
മൂവായിരം റിയാലാണ്‌ ശമ്പളം ഓഫര്‍ ചെയ്‌തത്‌. നേരത്തെ ദമാമില്‍ ജോലി ചെയ്‌തിരുന്ന താന്‍ അത്രയും ശമ്പളം ഉണ്ടാവില്ലല്ലോ എന്ന്‌ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇതേ കമ്പനിയിലാണ്‌ താനും ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളമുണ്ടെന്നും മലയാളി ഏജന്റ്‌ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ചാണ്‌ വന്നതെന്ന്‌ നന്ദകുമാര്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
ഓഫര്‍ ചെയ്‌ത ജോലിയും ശമ്പളവും ഇല്ലെന്ന്‌ ബോധ്യമായതോടെ പത്ത്‌ പേരും നാട്ടിലേക്ക്‌ തിരിച്ചയക്കണമെന്ന്‌ ആവശ്യപ്പെട്ടു. നാട്ടിലെ ഏജന്റുമാരുമായി ബന്ധപ്പെട്ടു. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പരാതി പോയി. പത്രങ്ങളിലും വാര്‍ത്തകള്‍ വന്നു. ഇതേ തുടര്‍ന്ന്‌ ഏതാനും ദിവസങ്ങള്‍ക്കകം ആറ്‌ പേരെ ഇഖാമയെടുക്കുന്നതിന്‌ മുമ്പ്‌ തന്നെ നാട്ടിലേക്ക്‌ തിരിച്ചയച്ചു. നാല്‌ പേര്‍ മാത്രം ബാക്കിയായി.
അവര്‍ പോയി ഏതാനും ദിവസങ്ങല്‍ക്കകം ആഗസ്റ്റ്‌ അഞ്ചിന്‌ തങ്ങള്‍ നാല്‌ പേരെയും നാട്ടിലെത്തിക്കാമെന്ന്‌ ഏജന്റ്‌ ഉറപ്പ്‌ നല്‍കിയതായി അവര്‍ പറയുന്നു. പിന്നീടാണ്‌ ഇഖാമ എടുത്തതായി വിവരം ലഭിച്ചത്‌. നാട്ടിലേക്ക്‌ പോയ ഏജന്റ്‌ തിരിച്ചുവന്നില്ല. നാല്‌ പേരും മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ കഴിയുകയായിരുന്നു. മൂന്നാഴ്‌ച മൂമ്പാണ്‌ ഇഖാമ കിട്ടിയത്‌. ദമാമിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടിരുന്നു. താന്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട്‌ സംസാരിച്ചതായും, സ്വന്തമായി ടിക്കറ്റെടുത്താല്‍ എക്‌സിറ്റ്‌ തരാമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കിയതായും ഇദ്ദേഹം വിവരം നല്‍കി. ഇത്‌ വിശ്വസിച്ച്‌ പതിനേഴ്‌ ദിവസം മുമ്പ്‌ ഖഫ്‌ജിയിലെത്തിയ നാല്‌ പേരും ഇപ്പോഴും കാത്തിരിപ്പിലാണ്‌. എക്‌സിറ്റ്‌ അടിച്ചതായി അറിയിച്ച്‌ സ്‌പോണ്‍സര്‍ ഓരോരുത്തരും 1500 റിയാല്‍ നല്‍കണമെന്നാണ്‌ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന്‌ അവര്‍ നിരാശയോടെ പറഞ്ഞു.
ഭാര്യയും മക്കളുമുള്ള നാല്‌ പേരും കുടംബനാഥന്മാരാണ്‌. ആദ്യത്തെ ഒരു മാസം മാത്രമാണ്‌ ജോലി ചെയ്‌തത്‌. അന്ന്‌ കിട്ടിയ ശമ്പളം തീര്‍ന്നതോടെ കടം മേടിച്ചാണ്‌ കഴിയുന്നത്‌. നാട്ടിലേക്ക്‌ മടങ്ങാന്‍ ആരുടെയെങ്കിലും സഹായം തേടി ടിക്കറ്റെടുക്കാമെന്ന്‌ കരുതിയതാണ്‌. ഇതിനിടെ ആറായിരം റിയാല്‍ കൂടി വേണമെന്ന്‌ സ്‌പോണ്‍സറുടെ കടുംപിടുത്തം അവരെ ഹതാശരാക്കുന്നത്‌. എംബസിക്ക്‌ പരാതി നല്‍കിയതിനൊപ്പം ദമാമിലെ നിരവധി സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നവര്‍ പിന്നീട്‌ മൊബൈല്‍ എടുക്കാന്‍ പോലും തയാറാകുന്നതില്ലെന്നതിലുള്ള ദു:ഖവും അവര്‍ പങ്കുവെക്കുന്നു.