ജുബൈലില്‍ മലയാളി യുവാവിനെ കാണാതായി

ദമാം: ജുബൈലില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കാണാതായി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ജുബൈലിലെ അല്‍ ഖത്‌ലാന്‍ കോണ്‍ട്രാക്‌ടിഗ്‌ കമ്പനിയില്‍ സെക്രട്ടറിയായിരുന്ന കണ്ണൂര്‍ ചെറുകുന്ന്‌ സ്വദേശി ശ്രീധരനെ(53)യാണ്‌ കാണാതായത്‌. ശ്രീധരനെ വെള്ളിയാഴ്‌ച മുതല്‍ കാണാനില്ലെന്ന്‌ കമ്പനി അധികൃതര്‍ ജുബൈല്‍ പോലീസില്‍ പരാതി നല്‍കി.
ജുബൈല്‍ ഹദീദിലാണ്‌ ജോലി ചെയ്‌തിരുന്ന ശ്രീധരന്‍ ജുബൈല്‍ പെപ്‌സിക്ക്‌ സമീപമുള്ള ക്യാമ്പ്‌ ഏരിയയില്‍ അല്‍ ഖത്‌ലാന്റെ അക്കൊമഡേഷനിലാണ്‌ താമസിച്ചിരുന്നത്‌.
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ തങ്ങള്‍ ജോലിക്ക്‌ പോകുമ്പോള്‍ മുറിയില്‍ ശ്രീധരന്‍ ഉറങ്ങുകയായിരുന്നുവെന്നും, ഉച്ചക്ക്‌ തിരിച്ചുവന്നപ്പോള്‍ കാണാനില്ലായിരുന്നുവെന്നും കൂടെ താമസിക്കുന്നവര്‍ കമ്പനി അധികൃതരെ അറിയിച്ചു. ലുങ്കി ധരിച്ചാണ്‌ പുറത്ത്‌ പോയിരിക്കുന്നത്‌. ഭക്ഷണം കഴിച്ച പ്ലേറ്റ്‌ മുറിയിലുണ്ട്‌. ഇഖാമയും പേഴ്‌സും മൊബൈല്‍ ഫോണും മുറിയില്‍ തന്നെയുണ്ട്‌. സുഹൃത്തുക്കളും കമ്പനി പ്രതിനിധികളും ആശുപത്രികളിലും മറ്റ്‌ വിവിധ കേന്ദ്രങ്ങളിലും വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ശ്രീധരനെ ഇത്‌ വരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ്‌ തങ്ങളുടെ തൊഴിലാളിയെ കാണാനില്ലെന്ന്‌ കമ്പനി അധികൃതര്‍ ജുബൈല്‍ പോലീസിലും ജവാസാത്തിലും പരാതി നല്‍കിയത്‌.
ശ്രീധരന്‍ നേരത്തെ ഖമീസ്‌ മുഷൈത്തില്‍ ശ്രീധരന്‍ ജോലി ചെയ്‌തിരുന്നു.
പരേതനായ നാരായണനാണ്‌ അച്ഛന്‍. അമ്മ: നാണി. വിനോദിനിയാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌. മകന്‍ ശ്രീജേഷ്‌ ഐ.ടി,. കോഴ്‌സും മകള്‍ വിജിഷ ബി.എഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. നേരത്തെ അല്‍ ഖത്‌ലാന്‍ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന മനോഹരന്‍ (ഇപ്പോള്‍ ഖത്തറില്‍) സഹോദരനാണ്‌.
ശ്രീധരനെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ വിവരം നല്‍കണമെന്ന്‌ സുനില്‍ ചെമ്പത്ത്‌ (0505803918), ഹംസ ശീലത്ത്‌ (0504835071) കമ്പനിയുടെ വക്താവ്‌ അറിയിച്ചു.