അടിയുറച്ച വിശ്വാസികളാവുക: ഹമീദ്‌ മദീനി

ദമാം: സത്യവിശ്വാസികള്‍ ഏറ്റവും ജാഗരൂകരാവേണ്ടത്‌ അവരുടെ വിശ്വാസത്തിലാണെന്നും, ഏറ്റവും വേഗം ഒരാള്‍ വ്യതിചലിക്കുന്നത്‌ സ്വന്തം വിശ്വാസത്തില്‍ നിന്നാണെന്നും കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷനും പ്രമുഖ പണ്‌ഡിതനുമായ അബ്‌ദുല്‍ ഹമീദ്‌ മദീനി അഭിപ്രായപ്പെട്ടു.
പ്രവാചകന്മാരുടെ ചരിത്രം അതിന്‌ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു. വിഗ്രഹാരാധനയ്‌ക്കെതിരെ ഒരു യുവത്വം മുഴുവന്‍ പോരാടിയ ഇബ്രാഹിം നബി (അ)യുടെ വിഗ്രഹമുണ്ടാക്കിക്കൊണ്ടാണ്‌ അനുയായികള്‍ അദ്ദേഹത്തോടുള്ള സ്‌നേഹം നിലനിര്‍ത്തിയത്‌. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമാം ഘടകം സംഘടിപ്പിച്ച ഇസ്‌ലാഹി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരരളത്തിലെ മുസ്‌ലിം പൊതുജനങ്ങളെ വിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍ സംസ്‌കരിക്കാനും, ഇസ്‌ലാമിന്റെ തനതായ ജ്വാലയിലേക്ക്‌ നയിക്കാനുമായി പണ്‌ഡിതന്മാര്‍ സംഘടിക്കുകയും, രൂപീകരിക്കുകയും ചെയ്‌ത കേരളത്തിലെ ആദ്യത്തെ പണ്‌ഡിത സംഘടനയാണ്‌ കേരള ജംഇയ്യത്തുല്‍ ഉലമ. സ്വാര്‍ത്ഥ താല്‍പര്യക്കാരും, ആദര്‍ശത്തില്‍ വ്യതിചലിച്ചവരുമായ പലരും പല കാലഘട്ടങ്ങളിലും ജംഇയ്യത്തിനെ വിട്ട്‌ പുതിയ ചോലകളില്‍ ചേക്കേറിയിട്ടുണ്ട്‌. അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍ പ്രബോധന ചെയ്‌ത കലര്‍പ്പില്ലാത്ത തൗഹീദ്‌ കേരളക്കരയില്‍ പ്രബോധനം ചെയ്യാന്‍ ഇന്നും ജംഇയ്യത്തുല്‍ ഉലമയും അതിന്റെ പോഷക ഘടകങ്ങളും മാത്രമാണ്‌ നിലകൊള്ളുന്തെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.
കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പരിച്ഛേദമാണ്‌ ഇസ്‌ലാഹി സെന്ററുകള്‍. സാമൂഹിക ബാധ്യതകള്‍ ഏറ്റെടുത്തു കൊണ്ടുള്ള പ്രബോധനമാണ്‌ പ്രവാചകന്മാര്‍ ഈ ഭൂമിയില്‍ നടത്തിയത്‌. അത്‌ കൊണ്ടു തന്നെ ജംഇയ്യത്തുല്‍ ഉലമയും അതിന്റെ പോഷക ഘടകങ്ങളും സ്വീകരിക്കുന്ന രീതി ശാസ്‌ത്രവും ഇത്‌ തന്നെയാണെന്ന്‌ കണ്‍വെന്‍ഷനിലെ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. സി.പി. ഇബ്രാഹിം, സൈനുല്‍ ആബിദീന്‍, മൗലവി ശഫീഖ്‌ അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു.