ഹുഫൂഫ്‌ ആശുപത്രിയിലുള്ള അജയകുമാറിന്റെ വിദഗ്‌ധചികിത്സക്കുള്ള യാത്ര നീളുന്നു

അല്‍ഹസ: കൊല്ലം കൊട്ടിയം തഴുത്തല അവിട്ടം ഹൗസില്‍ അജയ കുമാറിന്റെ വിദഗ്‌ധ ചികിത്സക്ക്‌ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതമായി നീളുന്നു. കെട്ടിടത്തിന്‌ മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച്‌ ഒടുവില്‍ ഇരു കാലുകളുമൊടിഞ്ഞ്‌ ഗുരുതരമായ പരിക്കുകളോടെ ഒരു മാസമായി ഹുഫൂഫ്‌ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ കഴിയുകയാണ്‌ അജയകുമാര്‍.
മൂന്ന്‌ വര്‍ഷമായി അല്‍ ഹസ സനാഇയ്യയില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അജയകുമാര്‍ അവധിക്ക്‌ ശേഷം നാട്ടില്‍ നിന്നും ജൂണ്‍ മാസത്തിലാണ്‌ തിരിച്ച്‌ ജോലിക്കെത്തിയത്‌. വിവാഹം കഴിഞ്ഞ്‌ പതിനൊന്നാം ദിവസമാണ്‌ സൗദിയിലേക്ക്‌ മടങ്ങിയത്‌. തിരിച്ചുവന്ന ശേഷം നാല്‌ മാസത്തെ ശമ്പളം മുടങ്ങിയതും മറ്റുമായി നേരിട്ട അസ്വസ്ഥതകാണ്‌ അജയകുമാറിനെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ പറയപ്പെടുന്നു.
കുറഞ്ഞ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന്‌ ഇപ്പോള്‍ തുറന്ന്‌ പറയുന്ന അജയകുമാര്‍ ഒക്‌ടോബര്‍ മൂന്നിനാണ്‌ കെട്ടിടത്തിന്‌ മുകളില്‍ നിന്നും ചാടി ഇരു കാലുകളുമൊടിഞ്ഞ്‌ കിംഗ്‌ ഫഹദ്‌ ആശുപത്രിയിലായത്‌. ഇപ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ പോലും കിടന്ന കിടപ്പില്‍ തന്നെ നിര്‍വഹിക്കേണ്ട അവസ്ഥയിലാണ്‌. നിവര്‍ന്നിരിക്കാനാവുമെങ്കിലും ദേഹമാസകലം വേദനയുണ്ട്‌. ഇപ്പോള്‍ പ്രത്യേക ചികിത്സകളൊന്നുമില്ലെന്ന്‌ പറയുന്ന അജയകുമാര്‍ വിദഗ്‌ധ ചികിത്സക്ക്‌ നാട്ടിലേക്ക്‌ എത്രയും വേഗം മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്‌.
അജയകുമാറിനെക്കുറിച്ച വിവരം പുറത്ത്‌ വന്നതോടെ ചില സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. കുടിശ്ശിക ശമ്പളം ലഭ്യമാക്കുന്നതിന്‌ നവയുഗം പ്രവര്‍ത്തകനായ വെളിയം മോഹന്‍ ശ്രമം നടത്തി. പെട്ടെന്ന്‌ നാട്ടിലയക്കാമെന്ന്‌ സ്‌പോണ്‍സര്‍ സാലിം അല്‍ ദോസരി നല്‍കിയ വാഗ്‌ദാനത്തിലാണ്‌ ഇപ്പോള്‍ അജയകുമാറിന്റെ പ്രതീക്ഷ. എക്‌സിറ്റിലാണ്‌ യാത്ര.