ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഫൗണ്ടേഷന്‍ ഡേ അഞ്ചിന്‌; അംബാസഡര്‍ പങ്കെടുക്കും

ദമാം: പതിനാറായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ 27-ാമത്‌ ഫൗണ്ടേഷന്‍ ഡേ ആഘോഷിക്കുന്നു. നവമ്പര്‍ അഞ്ചിന്‌ വ്യാഴാഴ്‌ച നടക്കുന്ന പരിപാടിയില്‍ സ്‌കൂള്‍ പാട്രണ്‍ കൂടിയായ ഇന്ത്യന്‍ അംബാസഡര്‍ എം.ഓ. എച്ച്‌. ഫാറൂഖ്‌ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്‌ ഇത്തവണയും ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഗേള്‍സ്‌, ബോയ്‌സ്‌ വിഭാഗങ്ങള്‍ പ്രത്യേകമായാണ്‌ ഫൗണ്ടേഷന്‍ ഡേ ആഘോഷിക്കുന്നത്‌. കഴിഞ്ഞ വര്‍ഷമാണ്‌ പുതിയ ക്രമീകരണം നടപ്പില്‍ വന്നത്‌.
രാവിലെ ഒമ്പത്‌ മണിക്ക്‌ ഗേള്‍സ്‌ വിഭാഗത്തിലെ ഡോ. റഷീദ്‌ സഫര്‍ സ്‌മാരക ഓഡിറ്റോറിയത്തിലും, വൈകുന്നേരം ആറ്‌ മണിക്ക്‌ ബോയ്‌സ്‌ വിഭാഗം മള്‍ട്ടിപര്‍പ്പസ്‌ ഹാളിലുമാണ്‌ ആഘോഷപരിപാടികള്‍ക്ക്‌ വേദിയൊരുക്കുന്നത്‌.