അധിനിവേശങ്ങള്‍ക്കെതിരെ വിശാല ഐക്യനിര വളര്‍ന്ന്‌ വരണം: ഡോ. പി.കെ പോക്കര്‍

ദമാം: നമ്മുടെ പൊതു സമൂഹത്തിന്റെ നിലനില്‍പ്പ്‌ പോലും അപകടത്തിലാക്കുന്ന അധിനിവേശങ്ങള്‍ക്കെതിരെ വിശാലമായ ഐക്യനിര വളര്‍ന്നുവരേണ്ടതുണ്ടെന്ന്‌ ഇടത്‌പക്ഷ ചിന്തകനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയരക്‌ടറുമായ ഡോ. പി.കെ. പോക്കര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികമായ അധിനിവേശങ്ങള്‍ക്കെതിരെ പ്രതിരോധ നിര ശക്തമാക്കുമ്പോള്‍ തന്നെ ധൈഷണിക മണ്‌ഡലത്തിലേക്ക്‌ നീളുന്ന അധിനിവേശങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും നമുക്കാവണം ഇത്തരം കടന്നുകയറ്റങ്ങളെ തിരിച്ചറിയാനും, ചെറുത്ത്‌ തോല്‍പ്പിക്കാനും കഴിയുന്നില്ലെങ്കില്‍ രാഷ്‌ട്രീയം തന്നെ അപ്രസക്തമാകുമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അഗമായ ഡോ. പി.കെ. പോക്കര്‍ തുടര്‍ന്നു പറഞ്ഞു.
ദമാം നവോദയ സംഘടിപ്പിച്ച ഇ.എം.എസ്‌. ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം കുറിച്ച്‌ ഖതീഫില്‍ സംഘടിപ്പിച്ച പഠനക്യാമ്പില്‍ അധിനിവേശം, സംസ്‌കാരം, ചെറുത്ത്‌ നില്‍പ്പ്‌ എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന്‌ നേരിടുന്‌ മുഖ്യവിപത്തായ ധൈഷണികവും സാമ്പത്തികവുമായ അധിനിവേശങ്ങളെ തിരിച്ചറിയാതെ, സാംസ്‌കാരിക പ്രവര്‍ത്തനം സാധ്യമല്ല. സമൂഹത്തിന്റെ കുറ്റകരമായ മൗനം അധിനിവേശങ്ങള്‍ക്ക്‌ വളരാനുള്ള സാഹചര്യം ഒരുക്കലാണ്‌. നമ്മുടെ ഭൗതിക വികാസങ്ങളെ നമ്മില്‍ നിന്നും മറച്ചുവെച്ച്‌ സ്വന്തം വിപണിയുടെ സാധ്യതകളാണ്‌ സമ്രാജ്യത്വം ഇന്ന്‌ ആരായുന്നത്‌.
ഇന്ത്യയിലും വിശേഷിച്ച്‌ കേരളത്തിലും ഉയര്‍ന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ ആ കാലഘട്ടത്തിന്റെ ദൈനംദിന ജീവിതം ചെലുത്തിയ സമ്മര്‍ദങ്ങളുടെ ഫ ലമായി ഉണ്ടായിരുന്ന അനിവാര്യതകളായിരുന്നു. അതിനപ്പുറം സമൂഹത്തില്‍ സമൂലമാ മാറ്റങ്ങള്‍ ഉണ്ടായില്ലെന്നത്‌ നാം കാണാതെ പോകരുതെന്ന്‌ ഡോ. പോക്കര്‍ ചൂണ്ടിക്കാട്ടി.
വിഷയാവതരണത്തെ തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ ചോദ്യോത്തര പരിപാടിയില്‍ പ്രവാസി സമൂഹത്തിലെ പ്രമുഖ എഴുത്തുകാരായ പി.ജെ.ജെ. ആന്റണി, ജോസഫ്‌ തെരുവന്‍ തുടങ്ങിയവരും ക്യാമ്പംഗങ്ങളും സംബന്ധിച്ചു. ക്യാമ്പില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഡോ. പി.കെ. പോക്കര്‍ മറുപടി പറഞ്ഞു.
ഉച്ചക്ക്‌ ശേഷം സാംസ്‌കാരിക രാഷ്ട്രീയവും രാഷ്‌ട്രീയത്തിന്റെ സംസ്‌കാരവും എന്ന വിഷയത്തില്‍ ഡോ. പി.കെ. പോക്കര്‍ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഭരണകൂടത്തിന്റെ സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ പലപ്പോഴും തെറ്റായ പൊതുബോധം ജനങ്ങളില്‍ സൃഷ്‌ടിക്കുന്നതിന്‌ കാരണമാകുന്നുണ്ട്‌. ഇത്‌ തിരിച്ചറിയാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. നവോദയ വൈസ്‌ പ്രസിഡന്റ്‌ സി.വി. ജോസ്‌ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.