പ്രബോധനം വിജയകരമാകുന്നത്‌ ജീവിതത്തില്‍ മാതൃക കാണിക്കുന്നതിലൂടെ; ഹമീദ്‌ മദീനി

ദമാം: സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിക്കുമ്പോള്‍ മാത്രമെ പ്രബോധനം പൂര്‍ണാര്‍ത്ഥത്തിലുള്ള വിജയം കൈവരിക്കുകയുള്ളുവെന്നും മതപ്രബോധനരംഗത്ത്‌ മാതൃകകള്‍ കുറഞ്ഞ്‌ വരുന്നതാണ്‌ ഇസ്‌ലാമിനെതിരെ തെറ്റുധാരണകള്‍ പരത്താന്‍ ശത്രുക്കള്‍ക്ക്‌ സഹായകമാവുന്നതെന്നും കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ്‌ എ. അബദുല്‍ ഹമീദ്‌ മദീനി അഭിപ്രായപ്പെട്ടു. അല്‍കോബാറില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളുടെ തന്നെ ജീവിതവും പ്രവര്‍ത്തനവുമാണ്‌ ആധുനിക ലോകത്ത്‌ ഇസ്‌ലാമിക പ്രബോധനത്തിന്‌ തടസമുണ്ടാക്കിയിട്ടുള്ളതെന്ന്‌ ചരിത്രസംഭവങ്ങള്‍ ഉദ്ധരിച്ച്‌ അദ്ദേഹം വിശദീകരിച്ചു. സ്രഷ്‌ടാവ്‌ നല്‍കിയ നിയമനിര്‍ദേശങ്ങളാകുന്ന മതം പൂര്‍ണരൂപത്തില്‍ ഉള്‍ക്കൊള്ളുകയും, തദടിസ്ഥാനത്തില്‍ പ്രബോധനം നടത്തുകയും ചെയ്യേണ്ടത്‌ ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണ്‌. സമൂഹത്തില്‍ നിന്നും ഒരു പരിധി വരെ തുടച്ചുമാറ്റപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ശക്തി പ്രാപിച്ച്‌ തിരിച്ചുവരുന്നതിന്‌ എതിരെ ഓരോ ഇസ്‌ലാമിക പ്രബോധനകു ജാഗരൂകരാവണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസപരമായ വളര്‍ച്ചക്ക്‌ ആവശ്യമായ വിവിധ പദ്ധതികള്‍ ജംഇയ്യത്തുല്‍ ഉലമ ആവിഷ്‌കരിച്ച്‌ നടപ്പാക്കി വരുന്നതായി പ്രസിഡന്റ്‌ അറിയിച്ചു. പള്ളി ഖതീബുമാര്‍ക്ക്‌ ഖുതുബ പരിശീലനവും മാര്‍ഗനിര്‍ദേശ രേഖയും ഉപയോഗിച്ച്‌ പള്ളികളെ സാമൂഹിക വികസനത്തിനുള്ള കേന്ദ്രമാക്കുന്ന പുതിയ പദ്ധതിക്ക്‌ രൂപംനല്‍കുന്നുണ്ട്‌. അറബി ഭാഷയില്‍ അവഗാഹമുള്ള പണ്‌ഡിതരെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി വിദഗ്‌ധരുടെ സഹകരണത്തോടെ പ്രത്യേക പരിശീലനങ്ങളും അന്നഹ്‌ദ എന്ന പേരില്‍ ഒരു അറബി മാസികയും പ്രസിദ്ധീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ കൂട്ടായ പരിശ്രമമാണ്‌ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‌#ോത്തു. ഇസ്‌ലാഹി സെന്റര്‍ പ്രബോധകന്‍ മൗലവി ശഫീഖ്‌ അസ്‌ലം അധ്യക്ഷത വഹിച്ചു.