സാങ്കേതികത്തകരാറ്‌ - എയര്‍ ഇന്ത്യയുടെ യാത്ര രണ്ട്‌ ദിവസം വൈകി.

ദമാം: എയര്‍ ഇന്ത്യയുടെ ചെന്നൈ, മുംബൈ വിമാനങ്ങള്‍ സാങ്കേതിക തകരാറ്‌ കാരണം റദ്ദാക്കിയതോടെ ദമാമില്‍ നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി. തിങ്കളാഴ്‌ച രാത്രി 11.20ന്‌ പുറപ്പെടുന്ന എ.ഐ 816 ചെന്നൈ വിമാനത്തിലും ചൊവ്വാഴ്‌ച ഉച്ചക്ക്‌ മൂന്നര മണിയോടെ പുറപ്പെടുന്ന എ.ഐ. 810 മുംബൈ വിമാനത്തിലും യാത്രക്കെത്തിയവരാണ്‌ കുടുങ്ങിയത്‌. ചെന്നൈ വിമാനത്തിലെ 83 യാത്രക്കാര്‍ക്കും മുംബൈ വിമാനത്തിലെ അമ്പതോളം യാത്രക്കാര്‍ക്കും ദമാമില്‍ ഹോട്ടലില്‍ താമസസൗകര്യം നല്‍കി. പാസ്‌പോര്‍ട്ടും ഇഖാമയും കൈവശമില്ലാതെ, എപ്പോള്‍ യാത്ര പുറപ്പെടാനാകുമെന്ന യാതൊരു ധാരണയുമില്ലാതെ തീര്‍ത്തും അവശരായ യാത്രക്കാര്‍ എല്ലാവരും ഒപ്പുവെച്ച പരാതി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിക്ക്‌ അയച്ചു. ചെന്നൈയിലെത്തിയാല്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുമെന്ന്‌ യാത്രക്കാരുടെ പ്രതിനിധികള്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
മുംബൈയില്‍ നിന്നും തിങ്കളാഴ്‌ച രാത്രി ചെന്നൈയിലേക്ക്‌ പോകുന്ന വിമാനമാണ്‌ ചൊവ്വാഴ്‌ച ദമാമിലെത്തി ഉച്ചക്ക്‌ മുംബൈയിലേക്ക്‌ പുറപ്പെടുന്നത്‌. ചെന്നൈ വിമാനം ദമാമില്‍ കുടുങ്ങിയതോടെയാണ്‌ മറ്റ്‌ വിമാനസര്‍വീസുകളും മുടങ്ങിയത്‌.
ചെന്നൈ വിമാനത്തില്‍ പുറപ്പെടുന്നതിന്‌ തിങ്കളാഴ്‌ച രാത്രി ഒമ്പത്‌ മണിയോടെ യാത്രക്കാര്‍ ചെക്ക്‌ ഇന്‍ കൗണ്ടറിലെത്തിയിരുന്നു. ബോര്‍ഡിംഗ്‌ പാസ്‌ ലഭിച്ച്‌, എമിഗ്രേഷന്‍ പരിശോധനയും കഴിഞ്ഞ ശേഷം ലോഞ്ചില്‍ പല ഗേറ്റുകളിലേക്കും വിട്ടു. ഏതാണ്ട്‌ പുലര്‍ച്ചെ നാല്‌ മണിയോടെ ഹോട്ടലിലേക്ക്‌ പോകണമെന്ന്‌ അറിയിച്ചു. രാവിലെ അഞ്ചര മണിയോടെയാണ്‌ ഹോട്ടലിലെത്തിയത്‌.
പ്രായം ചെന്നവരും സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ യാത്ര മുടങ്ങിയവരിലുണ്ട്‌. വിവരങ്ങള്‍ ആരായാന്‍ പോലും ആരുമെത്തിയില്ലെന്നത്‌ യാത്ര മുടങ്ങിയവരെ രോഷാകുലരാക്കുന്നു. ഹോട്ടലില്‍ തങ്ങിയവരില്‍ ഒരു കുട്ടിക്ക്‌ അസുഖം നേരിട്ടതിനെത്തുടര്‍നന്‌ പിതാവ്‌ എത്തി പരിശോധനക്ക്‌ കൊണ്ടുപോയതായി യാത്രക്കാര്‍ പറഞ്ഞു.
കുറഞ്ഞ ദിവസത്തെ അവധിയില്‍ പുറപ്പെട്ട റഹീമയില്‍ ജോലി ചെയ്യുന്ന പോള്‍ ആന്‍ഡ്രൂസ്‌ (നാഗര്‍കോവില്‍) യാത്ര റദ്ദാക്കി. എമിഗ്രേഷന്‍ റദ്ദാക്കി തന്റെ പാസ്‌പോര്‍ട്ട്‌ തിരിച്ചുവാങ്ങിയതായി പോള്‍ പറഞ്ഞു.
സേലത്ത്‌ ഇന്നലെ നടക്കുന്ന മൈക്രോസോഫ്‌റ്റ്‌ പരീക്ഷ എഴുതാന്‍ യാത്രക്കൊരുങ്ങിയ ശ്രീധറിന്‌ വിലപ്പെട്ട ഒരു വര്‍ഷമാണ്‌ നഷ്‌ടമായത്‌. പരീക്ഷ എഴുതിയിരുന്നുവെങ്കില്‍ തനിക്ക്‌ നേരിട്ടുള്ള ജോലി ലഭിക്കുമായിരുന്നുവെന്ന്‌ ജുബൈല്‍ ഇന്‍ഡസ്‌ട്രിയല്‍ സിറ്റിയില്‍ സാബികില്‍ ജോലി ചെയ്യുന്ന ശ്രീധര്‍ നിരാശയോടെ പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പിതാവിനെ കാണാന്‍ പോകുന്ന നജീം സാദിഖും ദമാമില്‍ കുടുങ്ങി.
89 കാരനായ പിതാവും വൃദ്ധ മാതാവും ഭാര്യയും മക്കളുമൊത്താണ്‌ ബംഗളുരു സ്വദേശി ചന്ദ്ര മൗലി യാത്രക്കൊരുങ്ങിയത്‌. ചെന്നൈയില്‍ നിന്നും ബംഗളുരുവിലേക്ക്‌ ആദ്യം കിംഗ്‌ ഫിഷര്‍ വിമാനത്തില്‍ സീറ്റ്‌ ബുക്ക്‌ ചെയ്‌തത്‌ നഷ്‌ടമായി. വിമാനം വൈകിയതോടെ മറ്റൊരു ബുക്കിംഗ്‌ നടത്തിയതും നഷ്‌ടം. ട്രെയിനിലും ബുക്കിംഗ്‌ നടത്തിയതും നഷ്‌ടമായി. എല്ലാ ബുക്കിംഗുകളും കാന്‍സല്‍ ചെയ്യാനാണ്‌ ഇതേ കുറിച്ച്‌ പരാതി പറഞ്ഞപ്പോള്‍ തനിക്ക്‌ കിട്ടിയ ഉപദേശമെന്ന്‌ ചന്ദ്രമൗലി പറഞ്ഞു.
ഇന്നലെ ഉച്ചക്ക്‌ മൂന്നര മണിയോടെ ഹോട്ടലില്‍ നിന്നും ചെക്ക്‌ ഔട്ട്‌ ചെയ്യുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലുംപിന്നീട്‌ അത്‌ സംബന്ധമായി വിവരം ലഭിച്ചില്ലെന്ന്‌ യാത്രക്കാര്‍ പറഞ്ഞു.






BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me