ഇനോക്‌ തിരഞ്ഞെടുപ്പിന്‌ സമവായം ആയില്ല

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ കോണ്‍ഗ്രസ്‌ അനുകൂല സംഘടന ഇനോക്‌ കേന്ദ്ര നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പിന്‌ സമവായം ആയില്ല. തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതായും കേന്ദ്ര നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിന്‌ പൊതു സ്വീകാര്യവും തൃപ്‌തികരവുമായ സമവായ ഫോര്‍മുല ഉരുത്തിരിയുന്നതായും സംഘടന പത്രക്കുറിപ്പ്‌ പുറത്തിറക്കിയിരുന്നു.
സമവായത്തിന്‌ ശ്രമം നടക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ്‌ വേണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്നും ഇപ്പോഴും ഉയരുന്നുണ്ട്‌. ഇതിനിടെ വിവിധ ഘടകങ്ങളുടെ ഭാരവാഹികളെയും നേതാക്കളെയും ഉള്‍പ്പെടുത്തി നടന്ന യോഗത്തില്‍ രണ്ടാം നിരയില്‍ നിന്നുള്ള നേതാക്കള്‍ക്ക്‌ ഭാരവാഹിത്വം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു.
ജനവരി പതിനഞ്ചിനോ അതിന്‌ മുമ്പോ തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും റിപ്പബ്ലിക്‌ ദിനമായ ജനവരി 26ന്‌ മുമ്പ്‌ പുതിയ നേതൃത്വം അധികാരമേല്‍ക്കുമെന്നുമാണ്‌ ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം. ഇതിനിടെ ജനവരിയില്‍ കെ..പി.സി.സിയുടെ പൂര്‍ണ അംഗീകാരത്തോടെ കോണ്‍ഗ്രസ്‌ അനുകൂല പ്രവാസി സംഘടനകളെ ഏകീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജനവരി അവസാനം ഈ ലക്ഷ്യത്തോടെ തിരുവനന്തപുരത്ത്‌ കെ.പി.സി.സി. സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ പുതിയ പേര്‌ സ്വീകരിക്കേണ്ടി വരികയും സൗദി ദേശീയ കമ്മിറ്റിയുടെ ഒരു ഘടകം മാത്രമായി മാറുകയും ചെയ്യേണ്ടി വരുന്ന ഇനോക്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me