`ജീവനോടെ മടങ്ങുമെന്ന്‌ കരുതിയില്ല' ദുരിതക്കടല്‌ താണ്ടി കറുപ്പയ്യ നാട്ടിലെത്തി

ദമാം: ജീവനോടെ നാട്ടിലേക്ക്‌ തിരിച്ചുപോകുമെന്ന്‌ കരുതിയതല്ല, തീരെ കരുതിയതല്ല - തനിക്ക്‌ താങ്ങും തണലുമായ ദമാമിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ എങ്ങിനെ നന്ദി പറയുമെന്നറിയാതെ തമിഴ്‌നാട്‌ പുതുക്കോട്ടൈ നിവാസിയായ
കറുപ്പയ്യ (28) നിറകണ്ണുകളോടെ വിതുമ്പി. മൂത്രക്കല്ല്‌ ബാധിച്ച്‌ അവശനായി തര്‍ഹീലില്‍ കഴിഞ്ഞ തന്നെ ജാമ്യത്തിലിറക്കി ചികിത്സിച്ച സുഖപ്പെടുത്തിയ സുമനസുകള്‍ക്ക്‌മ മുമ്പില്‍ കറുപ്പയ്യ കൈകൂപ്പി നിന്നു. മാസങ്ങള്‍ നീണ്ട ദുരിതപര്‍വം കഴിഞ്ഞ്‌ എമിറേറ്റ്‌സ്‌ വിമാനത്തില്‍ കറുപ്പയ്യ ഇന്നലെ നാട്ടിലെത്തി.
നാട്ടില്‍ ഇലക്‌ട്രിഷനായിരുന്ന കറുപ്പയ്യ 2007 മെയ്‌ 23നാണ്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. നേരത്തെ മൂന്ന്‌ വര്‍ഷത്തോളം സിങ്കപ്പൂരില്‍ ജോലി ചെയ്‌തിരുന്നു. അവിടെ നിന്നും കിട്ടിയ തുകയില്‍ 65,000 രൂപ ചിലവാക്കി നേടിയ വിസയിലാണ്‌ ഗള്‍ഫ്‌ സ്വപ്‌നങ്ങളുമായി സൗദിയിലെത്തിയത്‌.
ദമാം തുറമുഖത്ത്‌ കപ്പലില്‍ ചരക്ക്‌ കയറ്റിയിറക്കായിരുന്നു ജോലി. ദിനേന ഏതാണ്ട്‌ 63 ടണ്‍ ചാക്ക്‌ കയറ്റിയിറക്കണം. പത്ത്‌ മണിക്കൂര്‍ ജോലിക്ക്‌ നാനൂറ്‌ റിയാലായിരുന്നുശമ്പലളം. ഇതിനിടെ കാലില്‍ ചാക്ക്‌ വീണ്‌ അപകടം നേരിട്ടതിനാല്‍ ചികിത്സയില്‍ കഴിഞ്ഞു. പിന്നീട്‌ ജോലി തുടരാനാവാത്തതിനാല്‍ ഒരു വര്‍ക്ക്‌ഷോപ്പിലേക്ക്‌ മാറ്റി. ഏഴ്‌ മാസത്തോളം വെല്‍ഡറായി ജോലി ചെയ്‌തുവെങ്കിലും ഇതേ ശമ്പളമാണ്‌ കിട്ടയത്‌. നാട്ടില്‍ തിരിച്ചയക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍ കരാര്‍ കാലാവധി മൂന്ന വര്‍ഷം കഴിഞ്ഞ്‌ മാത്രമെ നാട്ടിലയക്കുകകയുള്ളുവെന്ന്‌ കമ്പനി ശഠിച്ചുവെന്ന്‌ കറുപ്പയ്യ പറഞ്ഞു.
തുടര്‍ന്ന്‌ കമ്പനി വീട്ട്‌ ജിദ്ദയിലേക്ക്‌ പോയി. ആറ്‌ മാസത്തോളം അവിടെ ജോലി ചെയ്‌ത ശേഷം നാട്ടിലെത്താമെന്ന ധാരണയില്‍ ജിദ്ദ തര്‍ഹീലില്‍ ഹാജരായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ ജിദ്ദക്കും റിയാദിനുമിടയില്‍ ആറ്‌ തവണ കൊണ്ടുപോയി. റിയാദില്‍ കഴിയുമ്പോള്‍ മൂന്ന്‌ മാസം മുമ്പ്‌ മൂത്രത്തില്‍ കല്ല്‌ അസുഖം ബാധിച്ചു. റിയാദ്‌ തര്‍ഹീലില്‍ നിന്നും ട്യൂബിട്ടു. പിന്നീട്‌ ദമാമിലേക്ക്‌ മാറ്റി. ഒരു മാസക്കാലം തര്‍ഹീലില്‍ പുറംലോകമറിയാതെ ട്യൂബുമായി
കഴിഞ്ഞു.
ഒക്‌ടോബറില്‍ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം (നവോദയ) സ്വന്തം ജാമ്യത്തില്‍ കറുപ്പയ്യയെ പുറത്തിറക്കുകയായിരുന്നു. തര്‍ഹീലില്‍ നിന്നും പുറത്ത്‌ വരുമ്പോള്‍ സൂര്യ വെളിച്ചം കാണാനാവാതെ കണ്ണുകള്‍ ഇറുകെയടച്ചാണ്‌ കറുപ്പയ്യ പുറത്ത്‌ കടന്നത്‌. എംബസി സന്ദര്‍ശന വേളയില്‍ ഈ യുവാവിന്റെ ദുരിതം ബോധ്യപ്പെട്ട എംബസി വെല്‍ഫെയര്‍ വിഭാഗം അറ്റാഷെ മിശ്രയാണ്‌ തന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന്‌ നാസ്‌ പറഞ്ഞു. മൂന്ന്‌ മാസക്കാലം ഭക്ഷണവും താമസവും ചികിത്സയും നല്‍കി വാസു ദമാം (താന്‍സ്‌വ) സംരക്ഷിച്ചു. ട്യൂബ്‌ നീക്കി. ഒരു മാസം മുമ്പ്‌ യാത്രക്ക്‌ ഒരുങ്ങിയതായിരുന്നു. അതിനിടെ ചിക്കന്‍ പോക്‌സ്‌ പിടിപെട്ടതിനാല്‍ യാത്ര വീണ്ടും നീണ്ടു. നാട്ടിലേക്കുള്ള ടിക്കറ്റ്‌ താന്‍സ്‌വ ജനറല്‍ സെക്രട്ടറി സുരേഷ്‌ ഭാരതിയും എക്‌സിറ്റ്‌ പതിച്ച ഇ.സി. നാസ്‌ വക്കവും കൈമാറി.
ആരോഗ്യം വീണ്ടെടുത്ത ശേഷം എക്‌സിറ്റില്‍ നാട്ടിലേക്ക്‌ പുറപ്പെടുമ്പോള്‍ കറുപ്പയ്യ ആഹ്ലാദവാനായിരുന്നു. ഭാര്യയും രണ്ട്‌ പെണ്‍മക്കളടക്കം മൂന്ന്‌ കുട്ടികളും കാത്തിരിക്കുന്നു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me